തൃത്താല മണ്ഡലം നിലനിറുത്താൻ എൽ.ഡി.എഫ്, പിടിക്കാൻ യു.ഡി.എഫ്
പാലക്കാട്: ജില്ലയിലെ തൃത്താല മണ്ഡലം തിരഞ്ഞെടുപ്പ് പ്രചാരണ ചൂടിലേക്ക് കടന്നു. ഔദ്യോഗികമായി സ്ഥാനാർത്ഥി നിർണയത്തിലേക്ക് മുന്നണികൾ കടന്നിട്ടില്ലെങ്കിലും തിരഞ്ഞെടുപ്പ് പ്രചാരണകാലത്തെ കാഴ്ചകളാണ് തൃത്താലയിൽ നിറഞ്ഞുനിൽക്കുന്നത്. നിലവിലെ എം.എൽ.എയും മന്ത്രിയുമായ എം.ബി.രാജേഷും മുൻ എം.എൽ.എയും കെ.പി.സി.സി വൈസ് പ്രസിഡന്റുമായ വി.ടി.ബൽറാമും മണ്ഡലത്തിൽ സജീവമാണ്.സംസ്ഥാനത്ത് അറിയപ്പെടുന്ന ഇരുനേതാക്കളും തമ്മിൽ വാശിയേറിയ പോരാട്ടം നടക്കുമെന്നുതന്നെയാണ് സൂചന. തൃത്താല ക്രിക്കറ്റ് പ്രീമിയർ ലീഗിന്റെ സമ്മാനവിതരണത്തിന് എത്തിയ മന്ത്രി എം.ബി.രാജേഷ് ക്രിക്കറ്റ് കളിച്ചത് ഇടതു സൈബർ ലോകം ആഘോഷമാക്കിയിട്ടുണ്ട്. ദേശീയ സരസ്‌മേള നടത്തിയതും തൃത്താലയിൽ തന്നെയായിരുന്നു. എം.ബി.രാജേഷ് കൂടുതൽ ജനകീയനായി മണ്ഡലത്തിൽ നിറഞ്ഞ് നിൽക്കുകയാണ്. 3016 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് കഴിഞ്ഞ തവണ എം.ബി.രാജേഷ് വിജയിച്ചത്. തദ്ദേശ തെരഞ്ഞെടുപ്പിൽ യു.ഡി.എഫിനാണ് മണ്ഡലത്തിൽ മേൽക്കൈ. 'ആരോഗ്യമുള്ള തൃത്താലയെ വീണ്ടെടുക്കാൻ' എന്ന പേരിൽ രണ്ട് തവണ തൃത്താല എം.എൽ.എയായിരുന്ന വി.ടി.ബൽറാം മോണിംഗ് വാക്ക് ആരംഭിച്ചിട്ടുണ്ട്. മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളിൽ പൊതുജനങ്ങളോടൊപ്പമാണ് പ്രഭാത നടത്തം. 20 വർഷം സി.പി.എം തുടർച്ചയായി വിജയിച്ച മണ്ഡലം 2011ൽ കോൺഗ്രസിലെ വി.ടി.ബൽറാം പിടിച്ചെടുത്തു. 10 വർഷത്തോളം തൃത്താലയെ നയിച്ച ബൽറാമിനെ കഴിഞ്ഞ തിരഞ്ഞെടുപ്പിൽ പരാജയപ്പെടുത്തി എം.ബി.രാജേഷ് സി.പി.എമ്മിനായി മണ്ഡലം പിടിച്ചെടുത്തു. 2011ൽ ബൽറാം വിജയിച്ചത് അമിത പ്രതീക്ഷയിൽ സി.പി.എമ്മിനുണ്ടായ അലസത മുതലെടുത്താണ്. 2016ൽ ബൽറാം ഭൂരിപക്ഷം 10,547 വോട്ടായി വർദ്ധിപ്പിച്ചു. എ.കെ.ജിക്ക് എതിരായ പരാമർശത്തിന്റെ പേരിൽ പൊതുവേദികളിൽ ബഹിഷ്‌കരണം ഉൾപ്പെടെ ബൽറാമിനെതിരെ സി.പി.എം പോരാട്ടം കടുപ്പിച്ചു. ഉറപ്പായും തോൽപക്കേണ്ടവരുടെ പട്ടികയിൽ ബൽറാമിന്റെ പേരും എഴുതച്ചേർത്താണ് 2021ലെ തിരഞ്ഞെടുപ്പ് സി.പി.എം നേരിട്ടത്. പലയിടത്തും ബി.ജെ.പി പാർട്ടി കരുത്ത് വർദ്ധിപ്പിച്ചപ്പോഴും കഴിഞ്ഞ തവണ തൃത്താലയിലെ കാഴ്ച മറ്റൊന്നായിരുന്നു. 2016ലെ തിരഞ്ഞെടുപ്പിൽ ബി.ജെ.പിയിലെ വി.ടി.രമ 14,510 വോട്ടുകൾ നേടിയപ്പോൾ കഴിഞ്ഞ തവണ ബി.ജെ.പി സ്ഥാനാർത്ഥി ശങ്കു ടി.ദാസ് നേടിയത് വെറും 12,851 വോട്ടുകൾ മാത്രം.
2021ലെവോട്ടുനില എം.ബി.രാജേഷ് (എൽ.ഡി.എഫ്): 69,814 വി.ടി.ബൽറാം (യു.ഡി.എഫ്): 66,798 ശങ്കു ടി.ദാസ് (എൻ.ഡി.എ): 12,851
ഭൂരിപക്ഷം 3016 (എൽ.ഡി.എഫ്) യുഡിഎഫ് ഭരിക്കുന്ന പഞ്ചായത്തുകൾ: തൃത്താല, ചാലശ്ശേരി, ആനക്കര, കപ്പൂർ, പട്ടിത്തറ. എൽ.ഡി.എഫ്: പരുതൂർ, തിരുമിറ്റക്കോട്, നാഗലശ്ശേരി