'അടുത്ത തവണയും പിണറായി മുഖ്യമന്ത്രിയാകും' ,​ മുഖ്യമന്ത്രിയെ വേദിയിലിരുത്തി മുൻ കേന്ദ്രമന്ത്രി മണിശങ്കർ അയ്യരുടെ പ്രഖ്യാപനം

Sunday 15 February 2026 8:16 PM IST

തിരുവനന്തപുരം: കേരളത്തിന്റെ മുഖ്യമന്ത്രിയായി പിണറായി വിജയൻ തുടരുമെന്ന് മുതിർന്ന കോൺഗ്രസ് നേതാവും മുൻ കേന്ദ്രമന്ത്രിയുമായ മണിശങ്കർ അയ്യർ പറഞ്ഞു. വിഷൻ2031 അന്താരാഷ്ട്ര കോൺഫറൻസ് ഉദ്ഘാടന വേളയിഷ മുഖ്യമന്ത്രിയെ വേദിയിലിരുത്തിയായിരുന്നു മണിശങ്കർ അയ്യർ ഇക്കാര്യം പറഞ്ഞത്. ഗാന്ധിജി സ്വപ്നം കണ്ട പുരോഗതി കൈവരിച്ച ഏക സംസ്ഥാനമാണ് കേരളമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു,​

പഞ്ചായത്തീരാജ് സംവിധാനത്തിൽ കേരളത്തിന്റെ ഒന്നാം സ്ഥാനം നിയമപരമായി കൂടി ഉറപ്പിക്കാനാവശ്യമായ ഭേദഗതികൾ മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ നിർദ്ദേശിക്കുകയാണെന്നും അദ്ദേഹം പ്രഭാഷണത്തിൽ പരാമർശിച്ചു. പാവപ്പെട്ടവർക്കും ഇത് തങ്ങളുടെ രാജ്യമാണെന്ന് തോന്നുന്ന, രാജ്യനിർമ്മാണത്തിൽ അവർക്ക് ഫലപ്രദമായ പങ്കാളിത്തമുള്ള ഒരു ഇന്ത്യയായിരുന്നു ഗാന്ധിജിയുടെ സ്വപ്നമെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. ഈ ലക്ഷ്യത്തിലേക്ക് ഏറ്റവും പ്രശംസനീയമായ പുരോഗതി കൈവരിച്ചത് മാർക്സിസ്റ്റ് പാർട്ടി ഭരിക്കുന്ന കേരളമാണെന്നത് കൗതുകകരമായി തോന്നാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മുഖ്യമന്ത്രിയായിരുന്നു വിഷൻ 2031 ഉദ്ഘാടനം ചെയ്തത്. നവകേരള നിർമ്മിതിക്കുള്ള പദ്ധതികൾ തയ്യാറാക്കുന്നതിന് വേണ്ടിയാണ് വിഷൻ 2031 അന്താരാഷ്ട്ര കോൺഫറൻസ് സംഘടിപ്പിച്ചത്. 2031 ആകുമ്പോൾ കേരളം ഏതുരീതിയിൽ മാറണമെന്നതാണ് പ്രധാനമായും ചർച്ചയായത്.