കടന്നാക്രമിച്ച് ഇഷാന്‍ കിഷന്‍; സ്പിന്‍ കെണിയില്‍ മറ്റുള്ളവരെ തടഞ്ഞ് പാകിസ്ഥാന്‍, ഇന്ത്യക്ക് മികച്ച സ്‌കോര്‍
കൊളംബോ: ട്വന്റി 20 ലോകകപ്പിലെ ത്രില്ലര്‍ പോരില്‍ ഇഷാന്‍ കിഷന്റെ ചിറകിലേറി ഇന്ത്യക്ക് മികച്ച സ്‌കോര്‍. ഓപ്പണറുടെ കടന്നാക്രമണത്തില്‍ പാകിസ്ഥാന്‍ വിറച്ച് നിന്നപ്പോള്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 175 റണ്‍സാണ് നേടിയത്. അതേസമയം, ഇഷാന്‍ കിഷന്‍ ഒഴികെയുള്ള ബാറ്റര്‍മാര്‍ പാക് സ്പിന്നര്‍മാര്‍ക്കെതിരെ റണ്‍സ് കണ്ടെത്താന്‍ നന്നായി ബുദ്ധിമുട്ടി.
ഇന്നിംഗ്‌സിന്റെ ആദ്യ ഓവറില്‍ തന്നെ സൂപ്പര്‍താരം അഭിഷേക് ശര്‍മ്മയുടെ വിക്കറ്റ് 0(4) ഇന്ത്യക്ക് നഷ്ടമായി. പാക് നായകന്‍ സല്‍മാന്‍ അലി ആഗയ്ക്ക് ആയിരുന്നു വിക്കറ്റ്. എന്നാല്‍ മറുവശത്ത് നിന്ന് ഇഷാന്‍ കിഷന്‍ പ്രത്യാക്രമണം തുടര്‍ന്നു. 40 പന്തുകളില്‍ നിന്ന് പത്ത് ബൗണ്ടറിയും മൂന്ന് സിക്‌സറുകളും സഹിതം 77 റണ്‍സാണ് പോക്കറ്റ് ഡൈനമോ അടിച്ച്കൂട്ടിയത്. സയീം അയൂബിനാണ് ഇഷാന്റെ വിക്കറ്റ് ലഭിച്ചത്. കിഷന്‍ പുറത്തായതിന് ശേഷം ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് 32(29), തിലക് വര്‍മ്മ 25(24) എന്നിവര്‍ ശ്രദ്ധയോടെ ബാറ്റ് വീശി.
സയീം അയൂബ് എറിഞ്ഞ 15ാം ഓവറില്‍ അടുത്തടുത്ത പന്തുകളില്‍ തിലക് വര്‍മ്മ, ഹാര്‍ദിക് പാണ്ഡ്യ 0(1) എന്നിവര്‍ മടങ്ങിയതോടെ ഇന്ത്യയുടെ സ്‌കോറിംഗ് വേഗത കുറഞ്ഞു. ഇഷാന്‍ ക്രീസിലുള്ളപ്പോള്‍ പത്തിന് മുകളിലായിരുന്നു ഇന്ത്യയുടെ റണ്‍റേറ്റ്. ശിവം ദൂബെ 27(17), അക്‌സര്‍ പട്ടേല്‍ 0(1) എന്നിങ്ങനെയാണ് പുറത്തായ മറ്റ് താരങ്ങുടെ സ്‌കോര്‍. നാല് പന്തുകളില്‍ 11 റണ്‍സ് നേടിയ റിങ്കു സിംഗ് പുറത്താകാതെ നിന്നു. പാകിസ്ഥാന് വേണ്ടി സയീം അയൂബ് മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തിയപ്പോള്‍ സല്‍മാന്‍ അലി ആഗ, ഷഹീന്‍ ഷാ അഫ്രീദി, ഉസ്മാന്‍ താരിഖ് എന്നിവര്‍ ഓരോ വിക്കറ്റ് വീതം നേടി.