മനസുകൊണ്ടും ഹൃദയം കൊണ്ടും നിങ്ങൾ സ്നേഹമുള്ള മാതാപിതാക്കളാണ്,​ സാന്ത്വനവുമായി കമലഹാസൻ ​

Sunday 15 February 2026 9:14 PM IST

തിരുവനന്തപുരം: സംസ്ഥാനത്ത് ഏറ്റവും പ്രായം കുറഞ്ഞ അവയവ ദാതാവായി അഞ്ചു പേർക്ക് പുതുദീവൻ നൽകിയ ആലിൻ ഷെറിൻ എബ്രഹാമിന്റെ മാതാപിതാക്കൾക്ക് സാന്ത്വനവുമായി നടനും രാഷ്ട്രീയ നേതാവുമായ കമലഹാസൻ. സോഷ്യൽ മീഡിയയിൽ പങ്കുവച്ച കുറിപ്പിലാണ് കമലഹാസന്റെ പ്രതികരണം.

''അരുൺ എബ്രഹാം, ഷെറിൻ ആൻ ജോൺ, നിങ്ങൾക്ക് പ്രണാമം. നമ്മുടെ കുഞ്ഞ്, ആലിൻ ഷെറിൻ എബ്രഹാം, മാസങ്ങളോളം അമ്മയുടെ ഉദരത്തിലും, ശേഷം പത്തുമാസം മാതാപിതാക്കളുടെ അതിരുകളില്ലാത്ത സ്‌നേഹം ഏറ്റുവാങ്ങിയും ജീവിച്ചു. ഇപ്പോൾ, അവൾ മറ്റ് അഞ്ച് കുഞ്ഞുങ്ങൾക്ക് മെച്ചപ്പെട്ട ജീവിതം നയിക്കാൻ തുണയാവുകയാണ്. മനസു കൊണ്ടും ഹൃദയംകൊണ്ടും നിങ്ങൾ സ്‌നേഹനിധികളായ മാതാപിതാക്കളാണ്, എക്കാലവും അങ്ങനെത്തന്നെയായിരിക്കും. ജീവിതത്തിൽ നിങ്ങളുടെ സന്തോഷം വീണ്ടെടുക്കാൻ സാധിക്കട്ടെ. നിങ്ങളിരുവരും തീർച്ചയായും അത് അർഹിക്കുന്നുണ്ട് '' കമലഹാസൻ കുറിച്ചു.

ഫെബ്രുവരി അഞ്ചിന് നടന്ന വാഹനാപകടത്തിലായിരുന്നു ആലിന് ഗുരുതരമായി പരിക്കേറ്റത്. എം.സി റോഡിൽ പള്ളം ബോർമ കവല ജംഗ്ശന് സമീപം എതിർദിശയിൽ നിന്നെത്തിയ കാറുമായി കൂട്ടിയിടിച്ചായിരുന്നു അപകടം. അപകടത്തിൽ പരിക്കേറ്റ ആലിന്റെ അമ്മ ഷെറിന്റെ മാതാപിതാക്കൾ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.