അലങ്കാരച്ചെടികൾ വാടകയ്ക്ക്; ശ്യാമയുടെ ആശയം സൂപ്പർഹിറ്റ്
ആലപ്പുഴ: അധികമാരും പരീക്ഷിക്കാത്ത ആശയത്തിലൂടെ സംരംഭകയായ കഥയാണ് കഞ്ഞിക്കുഴി സ്വദേശി ശ്യാമ സിജിയുടേത്. വീട്ടുമുറ്റത്ത് വളർത്തുന്ന അലങ്കാര ചെടികൾ വാടകയ്ക്ക് നൽകാമെന്ന ആശയം, ഇന്ന് മാസം ഒരുലക്ഷത്തോളം വരുമാനം നൽകുന്ന സംരംഭമാണ്.
ആലപ്പുഴയിലെ റിപ്പബ്ലിക് ദിനാഘോഷം ഉൾപ്പടെ സർക്കാർതല പരിപാടികളിൽ വരെ ശ്യാമയുടെ അലങ്കാര ചെടികളാണ് ഉപയോഗിക്കുന്നത്. ചേർത്തല കഞ്ഞിക്കുഴി പൊന്നിട്ടുശേരി വീട്ടിൽ അധികവും ബൊഗേൻ വില്ല ചെടികളാണ്. ഗൃഹപ്രവേശത്തിനാണ് ഏറ്റവും കൂടുതൽ അലങ്കാരത്തിനായി വാടകയ്ക്ക് എടുക്കുന്നത്. മുന്നുദിവസം വരെ വാടകയ്ക്ക് എടുക്കുന്നവരുണ്ട്. ഒരു പരിപാടിക്ക് 2,000- 6,000 രൂപ വരെയാണ് വാടക.
ചെടികൾ കൃത്യമായി പരിപാലിക്കണം, കമ്പുകൾ ഒടിക്കാനോ, പൂക്കൾ നശിപ്പിക്കാനോ പാടില്ല എന്നിവയാണ് നിബന്ധനകൾ. ആറടിവരെ ഉയരമുള്ള ബൊഗേൻ വില്ലകൾ ശ്യാമയുടെ തോട്ടത്തിലുണ്ട്. ഇവയുടെ വലിപ്പത്തിനും പൂക്കളുടെ നിറങ്ങൾക്കുമനുസരിച്ചാണ് വാടക. നവംബർ മുതൽ മേയ് വരെയാണ് ബൊഗേൻ വില്ലയുടെ സീസൺ. ബാക്കിയുള്ള കാലം കൃത്യമായ പരിചരണംവേണം.
ലീഗൽ മെട്രോളജി ഉദ്യാഗസ്ഥനായ ഭർത്താവ് എസ്.സിജിയും മാതാപിതാക്കളായ സിദ്ധാർത്ഥനും പുഷ്പവല്ലിയും ചെടികളുടെ പരിപാലനത്തിന് ഒപ്പമുണ്ട്. തീർത്ഥ, അർത്ഥ എന്നിവരാണ് മക്കൾ.
ബൊഗേൻവില്ലകളുടെ വീട്
ദേശീയപാത നവീകരണത്തിനിടെ വീടുകളിൽ നിന്ന് വെട്ടിക്കളഞ്ഞ ബൊഗേൻവില്ല ചെടികളിലൂടെയാണ് ശ്യാമയുടെ ആശയം മുളപൊട്ടിയത്. ഭർത്താവ് സിജി വീട്ടിലെത്തിച്ച ചെടികൾ വളർത്തി തുടങ്ങിയതോടെ കമ്പമായി. നാലുവർഷം മുമ്പാണ് വരുമാന മാർഗമെന്ന നിലയിലേക്ക് കാര്യങ്ങളെത്തിയത്. ഇപ്പോൾ ശ്യാമയുടെ വീടിരിക്കുന്ന 35 സെന്റ് സ്ഥലം നിറയെ ബൊഗേൻവില്ലകളാണ്. 200 ഓളം ചെടികൾ ഇവിടെയുണ്ട്. ഇതിൽ 35തരം ഹൈബ്രിഡ് ചെടികളാണ്. ബൊഗേൻവില്ല ഗാർഡൻ എന്ന പേരിൽ നഴ്സറിയും വീട്ടിലുണ്ട്. 30 വർഷത്തിൽ കൂടുതൽ പ്രായമുള്ള ചെടികൾ ഇവിടെയുണ്ട്. 400 മുതൽ 10,000 രൂപ വിലയുലുള്ള ബൊഗേൻ വില്ലകൾ ശേഖരത്തിലുണ്ട്.
ഒരു വിനോദമെന്ന നിലയിലാണ് ചെടികൾ വളർത്തിത്തുടങ്ങിയത്. എന്നാൽ ഇന്ന് അതൊരു നല്ല വരുമാന മാർഗമാണ്.
- ശ്യാമ സിജി