ഇഷയിലെ ശിവരാത്രി ആഘോഷം: പങ്കെടുത്ത് രാജ്നാഥ് സിംഗ്

Monday 16 February 2026 12:50 AM IST

തിരുവനന്തപുരം: കോയമ്പത്തൂർ ഇഷ യോഗ കേന്ദ്രത്തിലെ മഹാശിവരാത്രി ആഘോഷങ്ങളിൽ പങ്കെടുത്ത് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്. ആദിയോഗി പ്രതിമയ്ക്കുമുമ്പിൽ ഇന്നലെ വൈകിട്ട് ആറിന് ആരംഭിച്ച പരിപാടികൾ ഇന്ന് പുലർച്ചെ ആറുവരെ നീണ്ടു.

ഭക്തി, സംഗീതം, ധ്യാനം എന്നിവ ഒത്തുചേർ‌ന്നുള്ള പരിപാടികൾ 100ലധികം ടെലിവിഷൻ ചാനലുകളിലൂടെയും ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിലൂടെയും 23 ഇന്ത്യൻ,​ വിദേശ ഭാഷകളിലായി ആഗോളതലത്തിൽ സംപ്രേഷണം ചെയ്തു. വിപുലമായ ആത്മീയ പരിപാടികളാണ് സംഘടിപ്പിച്ചത്. മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്, കേന്ദ്രമന്ത്രി എൽ. മുരുകൻ തുടങ്ങിയവരുൾപ്പെടെ പ്രമുഖർ പങ്കെടുത്തു.

പഞ്ചഭൂത ക്രിയയോടെയാണ് ചടങ്ങുകൾ ആരംഭിച്ചത്. ലിംഗഭൈരവി മഹായാത്രയോടെ രാത്രികാല ആഘോഷങ്ങൾക്ക് തുടക്കമായി. ഗുജറാത്തി പരമ്പരാഗത സംഗീതവുമായി ആദിത്യ ഗഡ്വി, താളവാദ്യങ്ങളുമായി പ്രശാന്ത് സോനാഗ്ര,​ സ്വരൂപ് ഖാൻ, ബ്ലെയ്‌സ്, പാരഡോക്സ്,സ്വാഗത് റാത്തോഡ്, പൃഥി ഗന്ധർവ് തുടങ്ങിയവരും ഇഷയുടെ ബാൻഡായ സൗണ്ട്‌സ് ഒഫ് ഇഷയും ചേർന്ന് സംഗീതവിരുന്നൊരുക്കി. ശാസ്ത്രീയ സംഗീത-നൃത്തോത്സവമായ ‘യക്ഷ’യിൽ പൂർബയൻ ചാറ്റർജി (ഹിന്ദുസ്ഥാനി സിത്താർ), ഭരത് സുന്ദർ (കർണാടക സംഗീതം), വൈഭവ് ആരേക്കർ (ഭരതനാട്യം) എന്നിവർ പങ്കെടുത്തു.

യോഗേശ്വര ലിംഗ മഹാഭിഷേകം

സദ്‌ഗുരുവിന്റെ നേതൃത്വത്തിൽ ‘യോഗേശ്വര ലിംഗ മഹാഭിഷേകം’ ചടങ്ങ് നടന്നു. ആദിയോഗി പ്രതിമയിൽ നടന്ന പ്രകാശ-ശബ്ദ അവതരണത്തിലൂടെ സദ്‌ഗുരു യോഗയെക്കുറിച്ച് വിശദീകരിച്ചു. പങ്കെടുത്ത എല്ലാവർക്കും സദ്‌ഗുരു മഹാമന്ത്ര ദീക്ഷ നൽകി. പുലർച്ചെ 3.40ന് ബ്രഹ്മമുഹൂർത്തത്തിലെ ശക്തമായ ധ്യാനവും സദ്ഗുരുവിന്റെ നേതൃത്വത്തിൽ നടന്നു.