ഇൻഫ്ലുവൻസർ ചിന്നു പാപ്പു ആൺസുഹൃത്തുമായി താമസിച്ചത് ഒരു വർഷം
കാസർകോട്: ജീവനൊടുക്കിയ ഇൻഫ്ലുവൻസർ ചിന്നു പാപ്പുവിന്റെ ആൺസുഹൃത്തിനെയും മരിച്ച നിലയിൽ കണ്ടെത്തിയതിൽ പൊലീസ് അന്വേഷണം തുടങ്ങി. മന്നിപ്പാടി സ്വദേശി സന്ദേശ് (29) മരിച്ചത് ഇന്നലെയായിരുന്നു.
ചിന്നു പാപ്പു എന്ന രേഷ്മയും സന്ദേശുമൊരുമിച്ചാണ് താമസിച്ചിരുന്നത്. അഞ്ചുവർഷം മുൻപ് വിവാഹിതയായ ചിന്നപാപ്പുവിനെ ഭർത്താവ് ഉപേക്ഷിച്ചിരുന്നു. വിവാഹ മോചനത്തിന് ശേഷം വലിയ മാനസിക സമ്മർദ്ദത്തിൽ ആയിരുന്ന യുവതിക്ക് അടുത്ത കാലത്തായി യുവാവ് വലിയ കൂട്ട് ആയിരുന്നു.
ചൂരി ആസാദ് നഗറിലെ വാടക ക്വാർട്ടേഴ്സിൽ ഒരു വർഷമായി ആൺ സുഹൃത്തിനോടൊപ്പം താമസിച്ചു വരികയായിരുന്നു രേഷ്മ. എന്നാൽ രേഷ്മയുടെ പെരുമാറ്റത്തിൽ അസ്വാഭാവികത ഉണ്ടായിരുന്നില്ല എന്നാണ് സുഹൃത്തുക്കളും കുടുംബവും അന്വേഷണ സംഘത്തിന് മൊഴി നൽകിയിരുന്നത്. വാടക ക്വാർട്ടേഴ്സിൽ കഴിഞ്ഞ ഫെബ്രുവരി ഒമ്പതിന് തിങ്കളാഴ്ച ഉച്ചയ്ക്കാണ് രേഷ്മ തൂങ്ങി മരിച്ചത്. യുവതിയുടെ മരണത്തെ തുടർന്ന് സന്ദേശ് മാനസിക സമ്മർദ്ദത്തിൽ ആയിരുന്നുവെന്നാണ് ലഭ്യമാകുന്ന വിവരങ്ങൾ. ചിന്നു പാപ്പുവിന്റെ മരണത്തിൽ ദുരൂഹതയില്ലെന്നാണ് പ്രാഥമിക നിഗമനം. രേഷ്മയുടേത് തൂങ്ങി മരണം ആണെന്ന പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്തുവന്നിരുന്നു.
യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയതിനെ തുടർന്ന് ഇവരോടൊപ്പം താമസിച്ചിരുന്ന സന്ദേശിനെ പൊലീസ് മണിക്കൂറുകളോളം ചോദ്യം ചെയ്ത ശേഷം വിട്ടയച്ചിരുന്നു. ആദൂർ ആലംതടുക്ക സ്വദേശിയാണ് മരിച്ച ചിന്നു പാപ്പു.