കളത്തില്‍ പഴയത് പോലെ തന്നെ; മുട്ടിടിച്ച് വീണ് പാകിസ്ഥാന്‍, ഇന്ത്യ സൂപ്പര്‍ എട്ടില്‍

Sunday 15 February 2026 10:16 PM IST

കൊളംബോ: ആദ്യം ബഹിഷ്‌കരണ ഭീഷണി പിന്നെ മികച്ച സ്പിന്നര്‍മാരുണ്ടെന്ന വീരവാദം, പക്ഷേ ഗ്രൗണ്ടില്‍ പഴയ പാകിസ്ഥാന്‍ തന്നെ. ട്വന്റി 20 ലോകകപ്പില്‍ പാകിസ്ഥാനെതിരെ 61 റണ്‍സിന്റെ വമ്പന്‍ ജയവുമായി ഇന്ത്യ സൂപ്പര്‍ എട്ടിലേക്ക് കടന്നു. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഉയര്‍ത്തിയ 176 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന പാകിസ്ഥാന്റെ മറുപടി 18 ഓവറില്‍ 114 റണ്‍സില്‍ അവസാനിച്ചു. ബാറ്റിംഗ് ദുഷ്‌കരമായ പിച്ചില്‍ തകര്‍പ്പന്‍ അര്‍ദ്ധ സെഞ്ച്വറി നേടിയ ഇഷാന്‍ കിഷന്‍ ആണ് ഇന്ത്യയുടെ വിജയശില്‍പ്പി.

വിജയലക്ഷ്യം പിന്തുടര്‍ന്ന പാകിസ്ഥാന്റെ തുടക്കം ദയനീയമായിരുന്നു. ഹാര്‍ദിക് പാണ്ഡ്യ എറിഞ്ഞ ആദ്യ ഓവറില്‍ ഒരു റണ്‍ പോലും നേടാന്‍ കഴിഞ്ഞില്ല. ഓപ്പണര്‍ സഹിബ്‌സദാ ഫര്‍ഹാന്റെ 0(4) വിക്കറ്റും നഷ്ടമായി. രണ്ടാം ഓവറില്‍ സയീം അയൂബ് 6(2), ക്യാപ്റ്റന്‍ സല്‍മാന്‍ അലി ആഗ 4(4) എന്നിവരെ ബുംറയും മടക്കിയപ്പോള്‍ പാക് സ്‌കോര്‍ 13ന് മൂന്ന്. അഞ്ചാം ഓവറില്‍ മുന്‍ നായകന്‍ ബാബര്‍ അസം 5(7) അക്‌സര്‍ പട്ടേലിന്റെ പന്തില്‍ ക്ലീന്‍ ബൗള്‍ഡായി മടങ്ങിയതോടെ പാകിസ്ഥാന്‍ തോല്‍വിയെ ഉറ്റുനോക്കാന്‍ തുടങ്ങി.

അഞ്ചാമനായി ക്രീസിലെത്തിയ വിക്കറ്റ് കീപ്പര്‍ ഉസ്മാന്‍ ഖാന്‍ 44(34) മാത്രമാണ് പാക് നിരയില്‍ പിടിച്ചുനിന്നത്. 11ാം ഓവറില്‍ അക്‌സറിന് വിക്കറ്റ് നല്‍കി ഉസ്മാന്‍ ഖാന്‍ പുറത്തായതോടെ പാകിസ്ഥാന്‍ ഏറെക്കുറേ മത്സരം കൈവിട്ടിരുന്നു. അടുത്തടുത്ത ഓവറുകളില്‍ മുഹമ്മദ് നവാസ് 4(5), ഷദാബ് റാന്‍ 14(15) എന്നിവരും മടങ്ങിയതോടെ 78ന് ഏഴ് എന്ന നിലയിലേക്ക് പാകിസ്ഥാന്‍ മുട്ടുകുത്തി. ഫഹീം അഷ്‌റഫ് 10(14), അബ്രാര്‍ അഹമ്മദ് 0(1) എന്നിവര്‍ പുറത്തായതോടെ പാകിസ്ഥാന്‍ 97ന് ഒമ്പത് എന്ന നിലയിലേക്ക് വീണു.

18ാം ഓവറിലെ അവസാന പന്തില്‍ ഉസ്മാന്‍ താരിഖും പുറത്തായതോടെ പാകിസ്ഥാന്‍ ഇന്നിംഗ്‌സിന് തിരശീല വീണു. ഷഹീന്‍ ഷാ അഫ്രീദി 23*(19) പുറത്താകാതെ നിന്നു. ഇന്ത്യക്ക് വേണ്ടി ഹാര്‍ദിക് പാണ്ഡ്യ, ജസ്പ്രീത് ബുംറ, അക്‌സര്‍ പട്ടേല്‍, വരുണ്‍ ചക്രവര്‍ത്തി എന്നിവര്‍ രണ്ട് വിക്കറ്റുകള്‍ വീതവും കുല്‍ദീപ് യാദവ്, തിലക് വര്‍മ്മ എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.

ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 175 റണ്‍സാണ് നേടിയത്. വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ഇഷാന്‍ കിഷന്‍ 77 (40) ആണ് ഇന്ത്യക്ക് മികച്ച അടിത്തറ സമ്മാനിച്ചത്. അതേസമയം, ഇഷാന്‍ കിഷന്‍ ഒഴികെയുള്ള ബാറ്റര്‍മാര്‍ പാക് സ്പിന്നര്‍മാര്‍ക്കെതിരെ റണ്‍സ് കണ്ടെത്താന്‍ നന്നായി ബുദ്ധിമുട്ടി.

ഇന്നിംഗ്സിന്റെ ആദ്യ ഓവറില്‍ തന്നെ സൂപ്പര്‍താരം അഭിഷേക് ശര്‍മ്മയുടെ വിക്കറ്റ് 0(4) ഇന്ത്യക്ക് നഷ്ടമായി. പാക് നായകന്‍ സല്‍മാന്‍ അലി ആഗയ്ക്ക് ആയിരുന്നു വിക്കറ്റ്. എന്നാല്‍ മറുവശത്ത് നിന്ന് ഇഷാന്‍ കിഷന്‍ പ്രത്യാക്രമണം തുടര്‍ന്നു. 40 പന്തുകളില്‍ നിന്ന് പത്ത് ബൗണ്ടറിയും മൂന്ന് സിക്സറുകളും സഹിതം 77 റണ്‍സാണ് പോക്കറ്റ് ഡൈനമോ അടിച്ച്കൂട്ടിയത്. സയീം അയൂബിനാണ് ഇഷാന്റെ വിക്കറ്റ് ലഭിച്ചത്. കിഷന്‍ പുറത്തായതിന് ശേഷം ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് 32(29), തിലക് വര്‍മ്മ 25(24) എന്നിവര്‍ ശ്രദ്ധയോടെ ബാറ്റ് വീശി.

സയീം അയൂബ് എറിഞ്ഞ 15ാം ഓവറില്‍ അടുത്തടുത്ത പന്തുകളില്‍ തിലക് വര്‍മ്മ, ഹാര്‍ദിക് പാണ്ഡ്യ 0(1) എന്നിവര്‍ മടങ്ങിയതോടെ ഇന്ത്യയുടെ സ്‌കോറിംഗ് വേഗത കുറഞ്ഞു. ഇഷാന്‍ ക്രീസിലുള്ളപ്പോള്‍ പത്തിന് മുകളിലായിരുന്നു ഇന്ത്യയുടെ റണ്‍റേറ്റ്. ശിവം ദൂബെ 27(17), അക്സര്‍ പട്ടേല്‍ 0(1) എന്നിങ്ങനെയാണ് പുറത്തായ മറ്റ് താരങ്ങുടെ സ്‌കോര്‍. നാല് പന്തുകളില്‍ 11 റണ്‍സ് നേടിയ റിങ്കു സിംഗ് പുറത്താകാതെ നിന്നു. പാകിസ്ഥാന് വേണ്ടി സയീം അയൂബ് മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തിയപ്പോള്‍ സല്‍മാന്‍ അലി ആഗ, ഷഹീന്‍ ഷാ അഫ്രീദി, ഉസ്മാന്‍ താരിഖ് എന്നിവര്‍ ഓരോ വിക്കറ്റ് വീതം നേടി.