റബറിനും കുരുമുളകിനും നല്ല കാലം
കോട്ടയം: റബ്ബർ വിപണിയിൽ ഉണർവുണ്ടാക്കി ഷീറ്റുവില 215ലേക്ക് കുതിക്കുന്നു. മാസങ്ങളോളം 180ൽ സ്ഥിരതയോടെ നിന്ന ശേഷമാണ് ഈ കുതിപ്പ്. ഉത്പാദനം കുറഞ്ഞ്, ആവശ്യത വർദ്ധിച്ചതിനാൽ ഷീറ്റുവില 250 രൂപയിൽ എത്തുമെന്നാണ് വിപണി നൽകുന്ന സൂചന.
പകൽ കനത്ത ചൂടും പുലർച്ചെ മഞ്ഞും കാരണം ഇല പൊഴിച്ചിൽ വ്യാപകമായതോടെ ടാപ്പിംഗ് കുറഞ്ഞു. ഷീറ്റിന്റെ ലഭ്യതകുറവ് രൂക്ഷമായി. സർക്കാർ താങ്ങുവില 200 രൂപയാക്കി ഉയർത്തി, മാസങ്ങൾക്കു ശേഷമാണ് അതും മറികടന്നുള്ള കുതിപ്പ്. ആർ.എസ്.എസ് ഫോർ ബാങ്കോക്ക് വില 200ൽ താഴെയാണ്. അതേസമയം, ആഭ്യന്തര ഒട്ടുപാൽ വിലയും 200 കടന്നു.
പൂഴ്ത്തിവയ്പ്പ് സജീവം
വ്യാപാരിവില 205 റബർ ബോർഡ് വില 213 ആയെങ്കിലും ആവശ്യകത കൂടിയതോടെ 215ന് മുകളിൽ ടയർ വ്യവസായികൾ ഷീറ്റു വാങ്ങുന്നുണ്ട്.
ചൂടുകാലമായതിനാൽ ഷീറ്റ് കേടുകൂടാതെ ഇരിക്കുമെന്നതിനാൽ പൂഴ്ത്തിവെയ്പ്പുകാരും വിപണിയിൽ സജീവമാണ്. ചരക്ക് വിപണിയിൽ എത്താത്തതിനാൽ വില വർദ്ധിച്ചു.
കോമ്പൗണ്ട് റബർ വൻ തോതിൽ ഇറക്കുമതി ചെയ്തതായിരുന്നു വില ഇടിവിനു കാരണം. കോമ്പൗണ്ട് റബറിന്റെ ഗുണനിലവാരക്കുറവ് കാരണം വൻകിട ടയർ കമ്പനികൾ ആഭ്യന്തര വിപണിയെ ആശ്രയിക്കാൻ തുടങ്ങിയതും വില ഉയർത്തി.
#അന്താരാഷ്ട്ര വില (ആർ.എസ്എസ് ഫോർ കിലോയ്ക്ക് )
ബാങ്കോക്ക് - 197 രൂപ
ടോക്കിയോ -189
ചൈന- 211
ഉത്തരേന്ത്യൻ ഡിമാൻഡ്
കുരുമുളകിന് തുണയായി
സീസൺ തുടങ്ങിയിട്ടും പുതിയ മുളകിന്റെ വരവ് സജീവമാകാതിരുന്നതോടെ ഒരാഴ്ചക്കുള്ളിൽ കുരുമുളക് കിലോക്ക് പത്തു രൂപ കൂടി. ഉത്തരേന്ത്യൻ കച്ചവടക്കാർ ഡിമാൻഡ് കൂട്ടിയതോടെ കുരുമുളക് കിലോ 700 കടന്നു. വില കൂടുമെന്ന പ്രതീക്ഷയിൽ കുരുമുളക് പിടിച്ചുവെക്കുന്നതും വില വർദ്ധനവിന് കാരണമായി. ലഭ്യത കുറഞ്ഞതോടെ വില ഇനിയും ഉയരുമെന്ന പ്രതീക്ഷയിലാണ് വിപണി