മത്സ്യബന്ധന യാനങ്ങളിൽ എൽ.പി.ജി/ സോളാർ പദ്ധതി; കേന്ദ്രാനുമതി വൈകുന്നു, കത്ത് നൽകിയത് ഓഗസ്റ്റിൽ
തിരുവനന്തപുരം: സംസ്ഥാനത്തെ മത്സ്യബന്ധന യാനങ്ങൾ എൽ.പി.ജി/സോളർ സംവിധാനത്തിലേക്ക് മാറ്റാനുള്ള പദ്ധതിക്ക് കേന്ദ്രാനുമതി വൈകുന്നു. നിലവിലെ യാനങ്ങളിൽ വലിയൊരു ശതമാനവും മണ്ണെണ്ണ ഇന്ധനമായി ഉപയോഗിക്കുന്നവയാണ്. അടുത്ത നാലു വർഷത്തിനുള്ളിൽ ഇത്തരത്തിലുള്ള 35,000 ഔട്ട്ബോർഡ് മോട്ടോറുകൾ എൽ.പി.ജി/സോളാറിലേക്ക് മാറ്റുന്നതിനുള്ള പദ്ധതിക്ക് കഴിഞ്ഞ ഓഗസ്റ്റിലാണ് സംസ്ഥാന സർക്കാർ അന്തിമരൂപം നൽകിയത്.
134.085 കോടിയുടെ പദ്ധതിക്ക് അനുമതി തേടി ഓഗസ്റ്റ് 12ന് കേന്ദ്രത്തിന് കത്തു നൽകിയെങ്കിലും അനുകൂല മറുപടി ലഭിച്ചിട്ടില്ല. യാനങ്ങളിൽ മണ്ണെണ്ണ ഉപയോഗിക്കുന്നത് വായു, സമുദ്ര മലിനീകരണത്തിന് കാരണമാകുമെന്നും ജൈവ വൈവിദ്ധ്യത്തിനും മത്സ്യബന്ധന സ്ഥിരതയ്ക്കും ഭീഷണിയാണെന്നുമുള്ള കാരണം പറഞ്ഞാണ് കേന്ദ്രം മണ്ണെണ്ണയുടെ ലഭ്യതയും സബ്സിഡിയും ക്രമേണ നിറുത്തലാക്കുന്ന സമീപനം സ്വീകരിക്കുന്നത്.
ഈ സാഹചര്യത്തിൽ നിലവിലെ മണ്ണെണ്ണ എൻജിനുകൾ പെട്രോൾ/എൽ.പി.ജിയാക്കി മാറ്റുള്ളതിനുള്ള 13.55 കോടിയുടെ പദ്ധതി മത്സ്യഫെഡ് വഴി നടപ്പാക്കുന്നുണ്ട്. ഇതിനും 50% സബ്സിഡി നൽകുന്നു.
പരിവർത്തനച്ചെലവ് 35,000 രൂപ
1.ഒരു എൻജിന് ഏകദേശം 35,000 രൂപയാണ് പരിവർത്തനച്ചെലവ്. ഇതിൽ 50% സംസ്ഥാന സർക്കാർ സബ്സിഡിയും 50% ഗുണഭോക്തൃ വിഹിതവുമാണ്
2.ഗുണഭോക്തൃവിഹിതമായ 17,500 രൂപയുടെ 90%മായ 15,750 രൂപ ബാങ്ക് വായ്പയായി ലഭ്യമാക്കും. ഇതിന്റെ പലിശച്ചെലവ് സംസ്ഥാന സർക്കാർ വഹിക്കുന്നതുമാണ് പദ്ധതി. ഇതിന് കേന്ദ്രാനുമതി ആവശ്യമാണ്
35,000 മണ്ണെണ്ണ ഇന്ധനമായുള്ള
മത്സ്യബന്ധന യാനങ്ങൾ
134.085 കോടി എൽ.പി.ജി/സോളാർ
പരിവർത്തന ചെലവ്
72.835 കോടി സർക്കാർ വിഹിതം
61.25 കോടി ഗുണഭോക്തൃ വിഹിതം