ആലുവയിൽ പിതൃബലിയർപ്പിച്ച് ഭക്തലക്ഷങ്ങൾ

Monday 16 February 2026 12:55 AM IST

ആലുവ: മഹാശിവരാത്രിയോടനുബന്ധിച്ച് പെരിയാറിൽ മുങ്ങിക്കുളിച്ച് പിതൃബലിയർപ്പിച്ച് ലക്ഷക്കണക്കിന് ഭക്ത‌ർ മടങ്ങി. ഇന്നലെ രാത്രിയോടെ ആരംഭിച്ച തർപ്പണം ഇന്ന് ഉച്ച വരെ തുടരും. ഇന്ന് വൈകിട്ട് നാലര മുതൽ അമാവാസിയായതിനാൽ നാളെ വൈകുന്നേരം വരെ വാവുബലി തുടരും.

പെരിയാറിന്റെ ഇരുകരകളിലുമായി പത്ത് ലക്ഷത്തോളം പേർ പിതൃബലിയർപ്പിക്കാനെത്തിയെന്നാണ് അനൗദ്യോഗിക കണക്ക്. കറുത്ത വാവ് ശിവരാത്രിക്ക് ശേഷമായതിനാൽ ഭക്തർക്ക് തർപ്പണം നടത്താൻ കൂടുതൽ സമയം ലഭിച്ചത് സൗകര്യമായി.തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ നേതൃത്വത്തിൽ മണപ്പുറത്തും മറുകരയിൽ ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റിന്റെ നേതൃത്വത്തിൽ അദ്വൈതാശ്രമത്തിലുമാണ് ബലി തർപ്പണം നടന്നത്.

അദ്വൈതാശ്രമത്തിൽ ഒരേസമയം 750 പേർക്ക് തർപ്പണ സൗകര്യമൊരുക്കിയിരുന്നു. ആശ്രമം സെക്രട്ടറി സ്വാമി ധർമ്മചൈതന്യയുടെ മേൽനോട്ടത്തിൽ മേൽശാന്തി പി.കെ. ജയന്തൻ ശാന്തി മുഖ്യകാർമ്മികത്വം വഹിച്ചു. ശ്രീനാരായണ ധർമ്മ സംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദയുടെ നേതൃത്വത്തിൽ ശിവഗിരി മഠത്തിൽ നിന്നുള്ള നിരവധി സന്യാസി ശ്രേഷ്ഠരും അദ്വൈതാശ്രമത്തിലെത്തിയിരുന്നു.