തൃശൂർ പൂരം കലക്കൽ : അനാവശ്യ വിവാദങ്ങളിൽ പ്രതികരിക്കാനില്ല: മന്ത്രി കെ.രാജൻ

Monday 16 February 2026 1:01 AM IST

തൃശൂർ: തൃശൂർ പൂരം കലക്കൽ കേസിൽ അനാവശ്യ വിവാദങ്ങളിൽ പ്രതികരിക്കാനില്ലെന്ന് റവന്യൂമന്ത്രി കെ.രാജൻ. ഏതോ റിപ്പോർട്ടിൽ കണ്ട കാര്യത്തെക്കുറിച്ചാണ് ഇപ്പോൾ പറയുന്നത്. ആ റിപ്പോർട്ട് തന്നാൽ പഠിച്ചിട്ട് മറുപടി പറയാം. താനാണ് കേസിലെ ഒന്നാം പ്രതി എന്ന് ആരെങ്കിലും പറഞ്ഞാൽ അതിൽ പ്രതികരിക്കാനാവില്ല. തൃശൂർ പൂരവുമായി ബന്ധപ്പെട്ട് മാദ്ധ്യമങ്ങൾക്കും അന്വേഷണ കമ്മിഷനുകൾക്കും മറുപടി നൽകിയിട്ടുണ്ട്. വളരെ കൃത്യതയോടെ നിയമസഭയിൽ പ്രതികരിച്ചിട്ടുമുണ്ട്. ഇനി ആവശ്യമുള്ള ഘട്ടങ്ങളിലെല്ലാം പ്രതികരിക്കും. പക്ഷേ ആരെങ്കിലും ചൂണ്ടയിട്ടാൽ അതിൽ കൊത്തുന്ന ശീലമില്ല.

തന്റെ മുന്നിലോ ക്യാബിനറ്റിന്റെ മുന്നിലോ റിപ്പോർട്ട് വന്നിട്ടില്ല. സർക്കാരിന് റിപ്പോർട്ട് വന്നാൽ ക്യാബിനറ്റിന് മുന്നിൽ വരും. പൂരത്തിന്റെ ഗുണഫലം ആരാണ് എടുത്തതെന്നും ആരാണ് വെള്ളം കലക്കി മീൻ പിടിക്കാൻ ശ്രമിച്ചതെന്നും എല്ലാവർക്കും അറിയാം. കേരളത്തിൽ തിരഞ്ഞെടുപ്പ് വരാനിരിക്കുമ്പോൾ തൃശൂർ പൂരം കലക്കലുമായി ബന്ധപ്പെട്ട് വ്യക്തതയില്ലാത്ത വിഷയങ്ങളും അന്വേഷണങ്ങളും തൊടുത്തുവിടുന്നത് പതിവാണ്. അതിലൊന്നും അഭിപ്രായം പറഞ്ഞ് നേരം കളയാനില്ലെന്നും അദ്ദേഹം പറഞ്ഞു.

കേസിൽ അന്നത്തെ കളക്ടർ കൃഷ്ണ തേജയെ പ്രതിചേർക്കണമെന്ന് കഴിഞ്ഞദിവസം മുൻ മന്ത്രി വി.എസ്.സുനിൽ കുമാർ പറഞ്ഞിരുന്നു.