തിരു. ദേവസ്വം ബോർഡ് ; സ്വർണം, രത്നക്കല്ലുകൾ മൂല്യം നിർണയിക്കാൻ വിദഗ്ദ്ധ സമിതി 

Monday 16 February 2026 12:00 AM IST

സ്‌ട്രോംഗ് റൂമുകളിൽ സുരക്ഷാ ഓഡിറ്റ്

തിരുവനന്തപുരം: തിരുവിതാംകൂർ ദേവസ്വം ബോ‌ർഡിന്റെ സ്‌ട്രോംഗ് റൂമുകളിൽ സൂക്ഷിച്ചിരിക്കുന്ന വിവിധ ക്ഷേത്രങ്ങളിലെ രത്നം, സ്വർണം ഉൾപ്പെടെയുള്ള അമൂല്യവസ്തുക്കുടെ സമഗ്ര പരിശോധനയ്ക്കും മൂല്യനിർണയത്തിനും വിദഗ്ദ്ധ സമിതി രൂപീകരിക്കാൻ ബോർഡ് തീരുമാനം. സ്‌ട്രോംഗ് റൂമുകളുടെ സമഗ്ര സുരക്ഷാ ഒാഡിറ്രും നടത്തും. ഇതിനായി പൊലീസിന്റെ സേവനം തേടും. ഇതിനുവേണ്ടി സർക്കാരിനും പൊലീസ്‌ മേധാവിക്കും കത്തു നൽകും. പരിശോധനയ്ക്കുശേഷം ആവശ്യമെങ്കിൽ സ്ഥിരം പൊലീസ് സുരക്ഷ തേടും.

ശബരിമലയിൽ സ്വർണക്കൊള്ള അടക്കം നടന്ന പശ്ചാത്തലത്തിലാണ് മൂല്യനിർണയത്തിന് ബോർഡ് ഒരുങ്ങുന്നത്. ബോർഡിന്റെ 16 സ്‌ട്രോംഗ് റൂമുകളിലാണ് ക്ഷേത്രങ്ങളിലെ രത്നക്കല്ലുകൾ, സ്വർണം, വെള്ളി, പൗരാണിക ആഭരണങ്ങൾ ഉൾപ്പെടെയുള്ളവ സൂക്ഷിച്ചിരിക്കുന്നത്.

ഇവയുടെ ഇനം, തൂക്കം എന്നിവ ക്രോഡീകരിക്കപ്പെട്ടിട്ടില്ല. മൂല്യവും കണക്കാക്കിയിട്ടില്ല. സ്വർണത്തിന്റേയും വെള്ളിയുടേയും വിവരങ്ങൾ എക്സിക്യുട്ടീവ് ഓഫീസർമാരുടേയും അഡ്മിനിസ്ട്രേറ്റീവ് ഓഫീസർമാരുടെയും പക്കൽ മാത്രമാണുള്ളത്. രാജഭരണകാലത്ത് സമർപ്പിച്ച ആഭരണങ്ങളാണ് പലതും. പഞ്ചലോഹ വിഗ്രഹങ്ങളുടേയും ആനക്കൊമ്പുകളുടേയും മൂല്യവും കണക്കാക്കണം. ഇതിന് വിദഗ്ദ്ധരുടെ സേവനം ആവശ്യമാണ്.

അമൂല്യ വസ്തുക്കൾക്ക്

കൃത്യമായ രേഖയില്ല

15 വർഷമായി തിരുവാഭരണ സംരക്ഷണ നിയമങ്ങൾ പാലിക്കാതെയാണ് സ്‌ട്രോംഗ് റൂമുകളുടെ പ്രവർത്തനം. 263 സബ് ഗ്രൂപ്പുകളിലേയും അമൂല്യ വസ്തുക്കൾക്ക് രേഖകളില്ലെന്ന് തിരുവാഭരണം കമ്മിഷണർ 2019ൽ ബോർഡിനെ അറിയിച്ചിരുന്നു. റിസർവ് ബാങ്കിന്റെ ഗോൾഡ് മോണിറ്റൈസേഷൻ സ്‌കീം പ്രകാരം ബാങ്കിൽ സൂക്ഷിക്കാൻ സ്‌ട്രോംഗ് റൂമുകളിൽ നിന്നും സ്വർണം എടുത്ത് ഉരുക്കിയിരുന്നു.

ശ്രീ പദ്മനാഭ സ്വാമി

ക്ഷേത്രം മാതൃകയിൽ

1. ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ നിലവറയിലെ അമൂല്യവസ്തുക്കൾ തിട്ടപ്പെടുത്തിയ മാതൃകയിലാകും മൂല്യനിർണയം. അതിനുശേഷം വിവരങ്ങൾ ഡിജിറ്റലൈസ് ചെയ്യും

2. വിവിധ മേഖലകളിലെ വിദഗ്ദ്ധർ ഉൾപ്പെടുന്നതാകും സമിതി. ഇതിൽ ആരൊക്കെ വേണമെന്നത് തീരുമാനമായിട്ടില്ല. ബോർഡ് യോഗം തീരുമാനിക്കും

''സമഗ്രമായ പരിശോധനയ്ക്കുശേഷം ഇൻവെന്ററി തയ്യാറാക്കേണ്ടതുണ്ട്. പല സ്‌ട്രോംഗ് റൂമുകളുടേയും സുരക്ഷയിൽ ആശങ്കയുണ്ട്. പലതും ദുർബലമാണ്. ഇതിനാണ് പൊലീസ് സഹായം തേടുന്നത്

-കെ.ജയകുമാർ, പ്രസിഡന്റ്,

തിരുവിതാംകൂർ ദേവസ്വം ബോർഡ്