ആലിൻ നക്ഷത്രം അണയില്ല

Monday 16 February 2026 12:42 AM IST

മല്ലപ്പള്ളി: കുഞ്ഞു മാലാഖ ആലിൻ ഷെറിൻ എബ്രഹാമിന് യാത്രാമൊഴി നൽകാനെത്തിയത് ആയിരങ്ങൾ. അവയവങ്ങൾ ദാനം ചെയ്ത് നാല് കുട്ടികൾക്ക് പുതുജന്മം നൽകി പത്ത് മാസത്തെ ജീവിതത്തിൽ നിന്ന് യാത്രയായ ആലിനിനെ ഒരുനോക്ക് കാണാൻ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ആളുകളെത്തി.

മൃതദേഹം പൊതുദർശനത്തിന് വച്ച വാലുമണ്ണിൽ വീട്ടിലും നെടുങ്ങാടപ്പള്ളി സി.എസ്.ഐ പള്ളിയിലും ആലിനിനെ കാണാൻ നീണ്ട നിരയായിരുന്നു. തീരാദുഃഖത്തിലും ആലിനിന്റെ അവയവങ്ങൾ ദാനം ചെയ്യാൻ മനസുകാട്ടിയ മാതാപിതാക്കളെയും കുടുംബാംഗങ്ങളെയും ആദരവോടെ കണ്ടാണ് എല്ലാവരും മടങ്ങിയത്.

കേന്ദ്രമന്ത്രി, സംസ്ഥാന മന്ത്രിമാർക്ക് പുറമേ ആന്റോ ആന്റണി എം.പി, എം.എൽ.എമാരായ പി.സി.വിഷ്ണുനാഥ്, മാത്യു.ടി.തോമസ്, ബി.ജെ.പി സംസ്ഥാന വക്താവ് അനൂപ് ആന്റണി, ബിഷപ്പ് തോമസ് കെ.ഉമ്മൻ, തോമസ് ശാമുവേൽ, ഉമ്മൻ ജോർജ്, ഡോ. യൂഹാനോൻ മാർ ക്രിസോസ്റ്റമോസ്, ഡോ. ഗീവറുഗീസ് മാർ കൂറിലോസ്, രാഷ്ട്രീയ നേതാക്കളായ പ്രൊഫ. പി.ജെ.കുര്യൻ, ജോസഫ് എം.പുതുശേരി, രാജു ഏബ്രഹാം, സതീഷ് കൊച്ചുപറമ്പിൽ, കുഞ്ഞുകോശി പോൾ, വർഗീസ് മാമ്മൻ തുടങ്ങിയവർ ആലിനിന് അന്തിമോപചാരം അർപ്പിച്ചു.