എരഞ്ഞിപ്പാലം- മാനാഞ്ചിറ ഭാഗത്ത് ഇന്നെത്തും കുടിവെള്ളം

Monday 16 February 2026 12:54 AM IST
കുടിവെള്ളം

കുടിവെള്ളം മുടങ്ങിയിട്ട് നാലുനാൾ

കോഴിക്കോട്: നാലുനാൾ കുടിവെള്ളത്തിനായി നെട്ടോട്ടമോടിയ എരഞ്ഞിപ്പാലം മുതൽ മാനാഞ്ചിറ വരെയുള്ളവർക്ക് ഇന്ന് വൈകിട്ടോടെ വെള്ളമെത്തും. മാനാഞ്ചിറ- മലാപ്പറമ്പ് റോഡ് വികസനത്തിന്റെ ഭാഗമായി എരഞ്ഞിപ്പാലം മുതൽ മാനാഞ്ചിറ വരെയുള്ള ഭാഗത്തെ പൈപ്പ് മാറ്റൽ പ്രവൃത്തി നടന്നതാണ് കുടിവെള്ളം മുട്ടാൻ ഇടയായത്. എരഞ്ഞിപ്പാലം മുതൽ മാനാഞ്ചിറ വരെ പൈപ്പുകൾ മാറ്റി കണക്ഷൻ നൽകുന്ന ജോലി ഇന്ന് രാവിലെയോടെ തീരും. നിലവിൽ എരഞ്ഞിപ്പാലം കനോലി കനാൽ മുതൽ മാനാഞ്ചിറ വരെ പ്രധാന പൈപ്പുകൾ സ്ഥാപിച്ചു കഴിഞ്ഞു. വീടുകളിലേക്കും സ്ഥാപനങ്ങളിലേക്കുമുളള ചെറിയ പൈപ്പുകളിൽ നിന്നുള്ള കണക്ഷൻ നൽകുന്ന പ്രവൃത്തിയാണ് പൂർത്തിയാകാൻ ഉണ്ടായിരുന്നത്. ഫാത്തിമ ഹോസ്പിറ്റൽ, ഡി.സി.സി ഓഫീസ് തുടങ്ങിയവ സ്ഥിതി ചെയ്യുന്ന റോഡിന്റെ വലത് വശത്തുള്ള പെപ്പിടലാണ് പൂർത്തിയായത്. പമ്പിംഗ് തുടങ്ങിയാലും പെെപ്പുകളിലെ ചെളിവെള്ളം പൂർണമായും ഒഴിവാക്കാൻ 12 മണിക്കൂർ വേണ്ടി വരുന്നതിനാൽ ശുദ്ധജലം വെകീട്ടോടെ എത്തുമെന്ന് ജല അതോറിറ്റി സൂപ്രണ്ടിംഗ് എൻജിനിയർ ബിജു പി.സി പറഞ്ഞു. താഴ്ന്ന പ്രദേശങ്ങളിലും ഉയർന്ന പ്രദേശങ്ങളിലും വെള്ളമെത്താൻ വെെകുമെന്നതിനാൽ രാത്രിയോടെ മാത്രമേ പൂർണതോതിൽ ജലവിതരണം നടക്കുകയുള്ളൂ. റോഡ് വികസനത്തിന്റെ ഭാഗമായി വേങ്ങേരി, ഫ്ളോറിക്കൻ റോഡ് ഭാഗത്തെ പൈപ്പ് മാറ്റി സ്ഥാപിക്കൽ പ്രവൃത്തിയും പുരോഗമിക്കുകയാണ്. ഈ ഭാഗത്ത് പ്രവൃത്തി നടക്കുന്നതിനാൽ കരുവിശ്ശേരി, വേങ്ങേരി, തടമ്പാട്ടുതാഴം, കുലവൻ കാവ്, കൃഷ്ണൻ നായർ റോഡ്, കരിക്കാംകുളം, ഫ്ളോറിക്കൻ റോഡ് എന്നിവിടങ്ങളിലും കുടിവെള്ളം മുടങ്ങിയിരുന്നു.

 വിതരണം സുഗമമാകും

മാനാഞ്ചിറ-മലാപ്പറമ്പ് റോഡ് വികസനത്തിന്റെ ഭാഗമായി എരഞ്ഞിപ്പാലം മുതൽ മാനാഞ്ചിറ വരെയാണ് പെെപ്പിടൽ പ്രവൃത്തി നടക്കുന്നത്. നഗരത്തിൽ 1984ൽ സ്ഥാപിച്ച പഴയ പെെപ്പുകളാണ് മാറ്റുന്നത്. ഇവ ഇടക്കിടെ പൊട്ടുന്നതിനാൽ നഗരത്തിൽ കുടിവെള്ളംമുടങ്ങുന്നതും പതിവായിരുന്നു. നവീകരണത്തിന്റെ ഭാഗമായി പൈപ്പുകൾ പൂർണമായും മാറ്റുന്നതോടെ നഗരത്തിലെ കുടിവെള്ള വിതരണം സുഗമമാകും

 കോർപ്പറേഷന്റെ വിതരണം ഒരു ടാങ്കർ ലോറിയിൽ !

കുടിവെള്ളം മുടങ്ങിയത് വീടുകളെയും ആശുപത്രികളെയും വ്യാപാര സ്ഥാപനങ്ങളെയും പ്രതിസന്ധിയിലാക്കി. തോപ്പയിൽ, വെള്ളയിൽ, മാവൂർ റോഡ്, ബട്ട് റോഡ്, ഗാന്ധിറോഡ്, ജവഹർ നഗർ നടക്കാവ്, എരഞ്ഞിപ്പാലം, കാരപ്പറമ്പ്, പുതിയങ്ങാടി, ബിലാത്തികുളം, തിരുത്തിയാട് എന്നിവിടങ്ങളിലാണ് സ്ഥിതി രൂക്ഷമായത്. കോർപ്പറേഷൻ പകരം സംവിധാനം ഒരുക്കാത്തതാണ് കുടിവെള്ളക്ഷാമം രൂക്ഷമാകാൻ കാരണമായതെന്നാണ് ഉയരുന്ന ആരോപണം. കുടിവെള്ള വിതരണം മുടങ്ങിയതിനെ തുടർന്ന് കാരപ്പറമ്പ് ഗവ. ഹോമിയോ മെഡിക്കൽ കോളജ് ഹോസ്റ്റലും കഴിഞ്ഞ ദിവസം അടച്ചു. കോർപ്പറേഷൻ ഒരു ടാങ്കർ ലോറിമാത്രം ഉപയോഗിച്ചാണ് ജല വിതരണം നടത്തുന്നത്. അതിനാൽ നഗരത്തിൽ എല്ലായിടത്തും വെള്ളം എത്തിക്കാൻ കഴിഞ്ഞിരുന്നില്ല.