പോക്സോ കേസിൽ മുന്നിൽ മലപ്പുറം
മലപ്പുറം: സംസ്ഥാനത്ത് കഴിഞ്ഞ വർഷം ഏറ്റവും കൂടുതൽ പോക്‌സോ കേസുകൾ രജിസ്റ്റർ ചെയ്ത ജില്ലയായി മലപ്പുറം. സംസ്ഥാന ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ കണക്കുകൾ പ്രകാരം 464 പോക്‌സോ കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 2024ൽ 504 കേസുകളാണ് മലപ്പുറം ജില്ലയിൽ റിപ്പോർട്ട് ചെയ്തത്. 2023, 2022, 2021 വർഷങ്ങളിൽ കേസുകളുടെ എണ്ണം യഥാക്രമം 499, 526, 462 എന്നിങ്ങനെയായിരുന്നു. മറ്റ് ജില്ലകളുമായി താരതമ്യം ചെയ്യുമ്പോൾ കൂടുതൽ ജനസംഖ്യയുള്ളത് മലപ്പുറത്തായതിനാലാണ് കേസുകളുടെ എണ്ണത്തിൽ മുന്നിലാവാൻ കാരണമെന്ന് അധികൃതർ പറയുന്നു.
12 മുതൽ 17 വയസ്സുള്ള കുട്ടികളാണ് അതിക്രമത്തിന് കൂടുതലും ഇരകളാവുന്നത്. വർദ്ധിച്ച് വരുന്ന മയക്കുമരുന്നിന്റെ സ്വാധീനവും പോക്‌സോ കേസുകൾ വർദ്ധിക്കാൻ പ്രധാന കാരണമാണ്. ലഹരി പദാർത്ഥങ്ങൾ നൽകി ലൈംഗിക ചൂഷണം നടത്തുന്ന സംഭവങ്ങളും നിരവധിയാണ്. ചൈൽഡ് ലൈനിന്റേയും ചെൽഡ് വെൽഫെയർ കമ്മിറ്റികളുടെയും നേതൃത്വത്തിൽ കുട്ടികൾക്കെതിരായ ലൈംഗിക അതിക്രമങ്ങൾ കണ്ടെത്താൻ സജീവമായ പ്രവർത്തനങ്ങൾ നടത്തുന്നുണ്ട്. എന്നിരുന്നാലും, പോക്‌സോ കേസുകളിലെ വിചാരണ നീണ്ട് പോകുന്നത് കുട്ടികൾക്ക് മാനസിക ബുദ്ധിമുട്ടുകൾ ഉണ്ടാകാനിടയാക്കും എന്നതിനാൽ രക്ഷിതാക്കൾ നേരിട്ടും കേസുകൾ ഒത്തുതീർപ്പാക്കുന്നുണ്ട്. വിചാരണാ നടപടികൾ നീളുന്നതിനാൽ പല കുട്ടികളും വിവാഹം കഴിഞ്ഞ് പോകുന്നുണ്ട്. ഇതോടെ കേസുമായി മുന്നോട്ട് പോകാൻ അധികപേരും താത്പര്യപ്പെടുന്നില്ല. കുട്ടികൾക്കെതിരായ അതിക്രമങ്ങൾ തടയുന്നതിന് പൊലീസിന്റെയും ജില്ലാ ശിശുക്ഷേ വകുപ്പിന്റെയും നേതൃത്വത്തിൽ പ്രവർത്തനങ്ങൾ നടക്കുന്നുണ്ട്. കൃത്യമായ ബോധവത്കരണം മൂലം കേസുകൾ കൂടുതലായി റിപ്പോർട്ട് ചെയ്യപ്പെടാൻ തുടങ്ങിയെന്ന് അധികൃതർ പറയുന്നു.
ഓരോ വർഷവും ജില്ലയിൽ റിപ്പോർട്ട് ചെയ്യപ്പെട്ട പോക്സോ കേസുകളുടെ എണ്ണം
2021 - 462 2022 - 526 2023 -499 2024 - 504
2025 - 504