12.43 കോടി നഷ്ടപരിഹാരം നൽകിയില്ല, കൊല്ലം കളക്ടറേറ്റ് ജപ്തി ചെയ്ത് കോടതി
കൊല്ലം: ബസ് ടെർമിനൽ കം ഷോപ്പിംഗ് കോംപ്ലക്സ് പദ്ധതിക്കായി സ്വകാര്യ ഭൂമി ഏറ്റെടുക്കാൻ ഹൈക്കോടതി വിധിച്ച 12.43 കോടി രൂപ നഷ്ടപരിഹാരം സർക്കാർ നൽകാത്തതിനെ തുടർന്ന് കൊല്ലം കളക്ടറേറ്റ് പ്രവർത്തിക്കുന്ന രണ്ട് ഏക്കറോളം സ്ഥലം കൊല്ലം സബ് കോടതി ജപ്തി ചെയ്ത് നോട്ടീസ് പതിച്ചു. ചിന്നക്കടയ്ക്ക് സമീപം സപ്ലൈകോ പെട്രോൾ പമ്പിന് എതിർവശം കൊല്ലം തിരുമംഗലം പാതയോരത്ത് കെ. രവീന്ദ്രനാഥൻ നായരുടെ ഉടമസ്ഥതയിലുണ്ടായിരുന്ന ഭൂമി കോർപ്പറേഷൻ ഏറ്റെടുത്തതുമായി ബന്ധപ്പെട്ട നഷ്ട പരിഹാരക്കേസിലാണ് കോടതി നടപടി.
കൊല്ലം കോർപ്പറേഷൻ മുനിസിപ്പാലിറ്റിയായിരുന്ന ഘട്ടത്തിലെ പദ്ധതിക്കു വേണ്ടി രവീന്ദ്രനാഥൻ നായരുടെ 1.13 ഏക്കർ ഭൂമി ഏറ്റെടുത്തു. ഇതിനൊപ്പം ഏറ്റെടുത്ത സമീപത്തെ മറ്റ് ഭൂമികൾ റെയിൽവേയ്ക്ക് കൈമാറി, പകരം കൊല്ലം ഈസ്റ്റ് പൊലീസ് സ്റ്റേഷന് സമീപമുള്ള റെയിൽവേ ഭൂമി വാങ്ങി ബസ് ടെർമിനൽ കം ഷോപ്പിംഗ് കോംപ്ലക്സ് പദ്ധതി നടപ്പാക്കാനായിരുന്നു നഗരസഭയുടെ തീരുമാനം. രവീന്ദ്രനാഥൻ നായരിൽ നിന്ന് ഏറ്റെടുത്ത ഭൂമിക്ക് അന്ന് 1.13 കോടിരൂപയാണ് നഷ്ടപരിഹാരം നിശ്ചയിച്ചത്. അതിനെതിരെ ഭൂവുടമ കൊല്ലം സബ് കോടതിയിൽ നൽകിയ ഹർജിയിൽ നഷ്ടപരിഹാരം എട്ട് കോടിയാക്കി. സബ് കോടതി വിധിച്ച നഷ്ടപരിഹാരം കുറവാണന്ന് പറഞ്ഞ് ഭൂവുടമയും കൂടുതലാണെന്ന് പറഞ്ഞ് കോർപ്പറേഷനും ഹൈക്കോടതിയെ സമീപിച്ചു. ഹൈക്കോടതി നഷ്ടപരിഹാരത്തുക 12.43 കോടിയായി ഉയർത്തി. ഈ വിധി നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് ഭൂവുടമ കൊല്ലം സബ് കോടതിയിൽ, വിധി നടത്തിപ്പ് ഹർജി ഫയൽ ചെയ്തു. ഹൈക്കോടതി വിധിച്ച നഷ്ടപരിഹാരത്തുക കെട്ടിവയ്ക്കാൻ സർക്കാർ തയ്യാറാകാഞ്ഞതിനെ തുടർന്നാണ് കൊല്ലം സബ് കോടതി, കളക്ടറേറ്റ് ജപ്തി ചെയ്ത് പണം ഈടാക്കാനുള്ള നടപടി ആരംഭിച്ചത്. ഭൂവുടമയ്ക്ക് വേണ്ടി അഡ്വ. ചിറ്റയം സതീഷ് കുമാർ, അഡ്വ. വി.എസ്. തമ്പി, അഡ്വ. ഐശ്വര്യ എസ്. പ്രസാദ്, അഡ്വ. ഷീന ബീഗം എന്നിവർ കോടതിയിൽ ഹാജരായി. ജപ്തി നടപടി പിൻവലിക്കാനും ഹൈക്കോടതി വിധി സ്റ്റേ ചെയ്യാനുമുള്ള നിയമ നടപടി സർക്കാർ ആരംഭിച്ചു.