കുണ്ടറ താലൂക്ക് ആശുപത്രി... പുത്തൻ കെട്ടിടത്തിൽ തുറക്കാതെ നിലകൾ

Monday 16 February 2026 12:15 AM IST

കൊല്ലം: കുണ്ടറ താലൂക്ക് ആശുപത്രിയിലെ പുതിയ ഏഴുനില കെട്ടിടം നിർമ്മാണം പൂർത്തിയായി ഒരു മാസത്തോളമായിട്ടും, ആവശ്യത്തിന് ഡോക്ടമാരും പാരാമെഡിക്കൽ ജീവനക്കാരും ഇല്ലാത്തതിനാൽ തുറന്നത് നാല് നിലകൾ മാത്രം. പുതിയ കെട്ടിടം വന്നതോടെ ആശുപത്രിയുടെ വിസ്തീർണ്ണം 88000 ചതുരശ്രയടി ആയി. എന്നിട്ടും പഴയ എണ്ണായിരം ചതുരശ്രയടി കെട്ടിടത്തിലെ ജീവനക്കാരെ ഇപ്പോഴുമുള്ളു.

പുതിയ കെട്ടിടത്തിലെ സൗകര്യങ്ങൾ പ്രയോജനപ്പെടുത്താൻ സർജൻ, കാഷ്വാലിറ്റി മെഡിക്കൽ ഓഫീസർ, ഗൈനക്കോളജിസ്റ്റ്, ഓർത്തോപീഡിഷ്യൻ, ഇ.എൻ.ടി എന്നിവരടക്കം കുറഞ്ഞത് 14 ഡോക്ടർമാരെയെങ്കിലും നിയമിക്കണമെന്ന് ആശുപത്രി അധികൃതർ ആവശ്യപ്പെട്ടിരുന്നതാണ്. എന്നാൽ നാല് കാഷ്വാലിറ്റി മെഡിക്കൽ ഓഫീസർമാരുടെ തസ്തിക മാത്രമാണ് സർക്കാർ അനുവദിച്ചത്. അതിൽ രണ്ട് പേരാണ് ജോലിയിൽ പ്രവേശിച്ചത്. ശുചീകരണത്തിന് പഴയ കെട്ടിടത്തിൽ ഉണ്ടായിരുന്ന 12 ക്ലീനിംഗ് ജീവനക്കാർ മാത്രമാണ് ഇപ്പോഴും. ഇവരുടെ ജോലി ഷിഫ്റ്റ് അടിസ്ഥാനത്തിൽ ആയതിനാൽ ഒരു സമയം ആറ് പേരേ ജോലിയിലുണ്ടാവൂ.

ഗൈനക്കോളജി ഐ.പിയും വാർഡും ഇപ്പോഴും പഴയ കെട്ടിടത്തിലാണ്. സ്റ്റൈറിലൈഷനിൽ വൈദഗ്ദ്ധ്യമുള്ള നഴ്സുമാരില്ലാത്തതിനാൽ പുതിയ കെട്ടിടത്തിലെ രണ്ട് ഓപ്പറേഷൻ തിയേറ്ററുകളും തുറന്നില്ല. പഴയ കെട്ടിടത്തിലെ ഓപ്പറേഷൻ തീയേറ്ററാണ് പ്രവർത്തിക്കുന്നത്. അത്യാധുനിക മോർച്ചറി ഉണ്ടെങ്കിലും അതിലെ ഉപകരണങ്ങൾ പ്രവർത്തിപ്പിക്കാൻ പരിശീലനം ലഭിച്ച ജീവനക്കാരില്ല. ലാബ് തുറന്നെങ്കിലും 24 മണിക്കൂറും പ്രവർത്തിപ്പിക്കാൻ ജീവനക്കാരില്ല. ആകെയുണ്ടായിരുന്ന രണ്ട് ഡയാലിസിസ് ടെക്നീഷ്യന്മാരിൽ ഒരാൾ ജോലി ഉപേക്ഷിച്ചു. രണ്ടാമത്തെയാൾ അവധിയെടുത്താൽ ഡയാലിസിസ് മുടങ്ങും. പുതിയ കെട്ടിടത്തിലെ ഐ.സി.യുവും സ്പെഷ്യൽ വാർഡും തുറന്നിട്ടില്ല. ഫാർമസിസ്റ്റുകളുടെ കുറവ് കാരണം വൈകിട്ട് ആറ് വരെയെ ഫാർമസിയുള്ളു.

പുതിയ കെട്ടിടത്തിൽ

 മൈനസ് വൺ: മോർച്ചറി തുറന്നില്ല  ഗ്രൗണ്ട് ഫ്ലോർ: കാഷ്വാലിറ്റി- തുറന്നു  ഒന്നാം നില: ഐ.സി.യു - തുറന്നില്ല  രണ്ടാം നില: ഒ.പി, ലാബ് - തുറന്നു  മൂന്നാം നില: ഓപ്പറേഷൻ തീയേറ്റർ- തുറന്നില്ല  നാലാം നില: വാർഡ് തുറന്നു  അഞ്ചാം നില: ഗൈനക്കോളി- ഭാഗികമായി തുറന്നു

 ആറാം നില: സ്പെഷ്യൽ വാർഡ്- തുറന്നില്ല

മാനേജ്മെന്റ് കമ്മിറ്റിയില്ല

ചിറ്റുമല ബ്ലോക്ക് പഞ്ചായത്തിന്റെ നേത്വത്തിലുള്ള എച്ച്.എം.സിയാണ് കുണ്ടറ താലൂക്ക് ആശുപത്രിയിൽ താത്കാലിക നിയമനങ്ങൾ നടത്തേണ്ടത്. പുതിയ ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതി നിലവിൽ വന്ന് സ്ഥിരം സമിതി അദ്ധ്യക്ഷരെ അടക്കം തിരഞ്ഞെടുത്തെങ്കിലും എച്ച്.എം.സി രൂപീകരിച്ചിട്ടില്ല. അതിനാൽ വിവിധ തസ്തികകളിലേക്ക് താത്കാലിക നിയമനത്തിന് നേരത്തെ തയ്യാറാക്കി റാങ്ക് പട്ടിക ഉണ്ടെങ്കിലും നിയമനം നടത്താൻ കഴിയാത്ത അവസ്ഥയാണ്.