2026 മുതല്‍ വാഹനം വാങ്ങുന്നതില്‍ പുതിയ ട്രെന്‍ഡ്; കണക്കുകളില്‍ വന്‍ കുതിപ്പ്

Monday 16 February 2026 12:34 AM IST

കൊച്ചി: പുതുവര്‍ഷത്തില്‍ വൈദ്യുത വാഹന വില്പനയില്‍ വന്‍കുതിപ്പ്. ഇരുചക്രം മുതല്‍ ട്രക്കുകള്‍ വരെയുള്ള വാഹനവിഭാഗങ്ങളില്‍ ശ്രദ്ധേയമായ വളര്‍ച്ചയാണ് ജനുവരിയില്‍ വിപണി കൈവരിച്ചത്. ദേശീയപാതകളിലുള്‍പ്പെടെ അതിവേഗ ചാര്‍ജിംഗ് സ്റ്റേഷനുകള്‍ വ്യാപകമാകുന്നത് വിപണിക്ക് തുണയായിട്ടുണ്ട്.

വൈദ്യുത വാഹനങ്ങളോട് ഉപഭോക്താക്കളുടെ വര്‍ദ്ധിച്ചുവരുന്ന താത്പര്യമാണ് വിപണിയില്‍ പ്രകടമാകുന്നതെന്ന് ഫെഡറേഷന്‍ ഒഫ് ഓട്ടോമൊബൈല്‍ ഡീലേഴ്‌സ് അസോസിയേഷന്‍ (എഫ്.എ.ഡി.എ) വിലയിരുത്തുന്നു. മുഴുവന്‍ വിഭാഗങ്ങളിലും മികച്ച വാര്‍ഷികവളര്‍ച്ചയാണ് കൈവരിച്ചത്. വൈദ്യുതി ഇരുചക്രവാഹന വിപണി 24.77 ശതമാനം വളര്‍ച്ചയാണ് 2025ല്‍ നേടിയത്.

നഗരയാത്രികര്‍ വൈദ്യുതവാഹനങ്ങളിലേയ്ക്ക് തിരിയുന്നതിന്റെ സൂചന ഇത് നല്‍കുന്നു. ത്രിചക്ര വാഹനവിപണി 26.43 ശതമാനമാണ് വര്‍ദ്ധിച്ചത്. ചെലവ് കുറയ്ക്കാനും കൂടുതല്‍ വരുമാനം നേടാനുമുള്ള താത്പര്യമാണ് പ്രതിഫലിച്ചത്. കാറുകള്‍ ഉള്‍പ്പെടെ യാത്രാവാഹന വിപണി 54.75 ശതമാനമെന്ന ശ്രദ്ധേയമായ വളര്‍ച്ച നേടി. ദീര്‍ഘകാലനേട്ടങ്ങളും വിപുലമായ വൈദ്യുത കാറുകളുടെ ശ്രേണിയും ഉപഭോക്താക്കളെ ആകര്‍ഷിച്ചു. ബസുകള്‍, കാറുകള്‍ എന്നിവയുള്‍പ്പെട്ട വാണിജ്യ വാഹനവിപണിയാണ് ഏറ്റവുമധികം വളര്‍ച്ച കൈവരിച്ചത്. 115.5 ശതമാനം വാര്‍ഷികവളര്‍ച്ച. ഏതാനും വര്‍ഷങ്ങളായി തുടര്‍ച്ചയായ വളര്‍ച്ച നേടുന്ന മേഖലയാണിത്. പൊതുയാത്ര, ചരക്കുനീക്കം എന്നിവയ്ക്ക് ദീര്‍ഘദൂര നഗരങ്ങളെ ബന്ധിപ്പിക്കാന്‍ വൈദ്യുത വാഹനങ്ങള്‍ വ്യാപകമാകുന്നതിന്റെ വ്യക്തമായ സൂചനയാണിത് നല്‍കുന്നത്.

ഇരുചക്രവാഹനം

2026 ജനുവരി - 1,22,812

2025 ജനുവരി- 98,427

വളര്‍ച്ച % - 24.77%

കാറുകള്‍

2026 ജനുവരി - 18,470

2025 ജനുവരി - 11,935

വളര്‍ച്ച % - 54.75

ബസ്, ട്രക്ക്

2026 ജനുവരി - 2,060

2025 ജനുവരി- 956

വളര്‍ച്ച % - 115.5

മുച്ചക്രവാഹനം

2026 ജനുവരി- 75,767

2025 ജനുവരി - 59,930

വളര്‍ച്ച % - 26.43

ചാര്‍ജിംഗ് സംവിധാനങ്ങള്‍ വര്‍ദ്ധിക്കുന്നതോടെ വൈദ്യുത വാഹനങ്ങള്‍ സ്വീകരിക്കുന്നതില്‍ വരുംവര്‍ഷങ്ങളില്‍ കുതിപ്പ് നേടുമെന്നതിന്റെ സൂചനയാണിത്. പരിസ്ഥിതിസൗഹൃദവും സാമ്പത്തികനേട്ടവും ഉപഭോക്താക്കളില്‍ വര്‍ദ്ധിക്കുന്ന വിശ്വാസവുമാണ് ഉയര്‍ന്ന വില്‍പ്പനയില്‍ പ്രതിഫലിക്കുന്നത്. - സി.എസ്. വിഗ്നേശ്വരന്‍, പ്രസിഡന്റ് - ഫെഡറേഷന്‍ ഒഫ് ഓട്ടോമൊബൈല്‍ ഡീലേഴ്‌സ് അസോസിയേഷന്‍

മൊത്തം വാഹനവിപണിയിലും കുതിപ്പ്

രാജ്യത്തെ മൊത്തം വാഹന വിപണിയും കഴിഞ്ഞ ജനുവരിയില്‍ മികച്ച വളര്‍ച്ച കൈവരിച്ചു. 27,22,558 വാഹനങ്ങളാണ് ജനുവരില്‍ വിറ്റഴിച്ചത്. 2025 ജനുവരിയെ അപേക്ഷിച്ച് 17.61 ശതമാനം വളര്‍ച്ചയാണിത്. ജി.എസ്.ടിയിലെ ഇളവുള്‍പ്പെടെ സര്‍ക്കാര്‍ നയപിന്തുണയും പ്രോത്സാഹനവും ഗ്രാമീണ മേഖലയില്‍ നിന്ന് ആവശ്യകത വര്‍ദ്ധിച്ചതുമാണ് വളര്‍ച്ചയ്ക്ക് കരുത്തുപകര്‍ന്നത്. യാത്ര, ചരക്കുനീക്കം, ഉത്സവ വിവാഹ സീസണുകള്‍ എന്നിവയിലുണ്ടായ ഉണര്‍വും വിപണിയെ സഹായിച്ചു.

2026 ജനുവരിയിലെ വില്പനയും വളര്‍ച്ചയും

വാഹനം - യൂണിറ്റ്- വളര്‍ച്ച %

ഇരുചക്രം -18,52,870 -20.82

കാറുകള്‍- 5,13,475- 7.22

വാണിജ്യം -1,07,486- 15.07

മുച്ചക്രം- 1,27,134 -18.80

ട്രാക്ടര്‍- 1,14,759- 22.89