സവിശേഷ ഇനമായിട്ടും രക്ഷയില്ല, കുട്ടനാടൻ താറാവിനങ്ങൾ വംശനാശത്തിലേക്ക്

Monday 16 February 2026 1:14 AM IST

ആലപ്പുഴ : രാജ്യത്തെ ഔദ്യോഗിക സവിശേഷ നാടൻ ഇനങ്ങളാണെങ്കിലും വംശനാശഭീഷണിയിൽ കുട്ടനാടൻ താറാവിനങ്ങളായ ചാരയും ചെമ്പല്ലിയും. നിരന്തരമായ പക്ഷിപ്പനിയെത്തുടർന്ന് താറാവുകളെ കൂട്ടത്തോടെ കൊന്നൊടുക്കേണ്ടിവരുന്നതും മുട്ടവിരിയിക്കലിനും വളർത്തലിനും നിയന്ത്രണം ഏർപ്പെടുത്തുന്നതാണ് തിരിച്ചടിയാകുന്നത്. ഈവർഷം മാത്രം ആലപ്പുഴ, പത്തനംതിട്ട, കോട്ടയം ജില്ലകളിലായി കാൽലക്ഷത്തോളം താറാവുകളെയാണ് പക്ഷിപ്പനിയെത്തുടർന്ന് കൊന്നൊടുക്കിയത്.

ഇന്ത്യൻ കാർഷിക ഗവേഷണ കൗൺസിലിന് കീഴിലെ നാഷണൽ ബ്യൂറോ ഒഫ് അനിമൽ ജനറ്റിക് റിസോഴ്സസ് ആണ് രാജ്യത്തെ ഏഴാമത്തെ താറാവിനമായി കുട്ടനാടൻ താറാവുകളെ അംഗീകരിച്ചത് (Breed accession number: INDIA_DUCK_0900_KUTTANAD_11007).

തവിട്ടുനിറത്തിൽ കറുപ്പ് കൂടുതലുള്ള ‘ചാര’, ഇളം തവിട്ടു നിറത്തിലുള്ള ‘ചെമ്പല്ലി’ എന്നിങ്ങനെ രണ്ട് ഉപ ഇനങ്ങളാണ് കുട്ടനാടൻ താറാവുകൾ. രാജ്യത്ത് പാറ്റി, മൈഥിലി, ആന്റമാനി, ത്രിപുരേശ്വരി എന്നിങ്ങനെ നാല് അംഗീകൃത താറാവിനങ്ങളാണുണ്ടായിരുന്നത്. പുതുതായി കോഡോ, കുടു, കുട്ടനാട്, മണിപ്പുരി, നാഗി ഇനങ്ങൾക്ക് കൂടി അംഗീകാരം ലഭിച്ചു. അംഗീകൃത ജനുസ്സായി അംഗീകരിക്കപ്പെട്ടതോടെ സർക്കാർ പദ്ധതികളിലെ അർഹത, ഗവേഷണത്തിനുള്ള ധനസഹായംതുടങ്ങിയവ സാദ്ധ്യമാകേണ്ടതാണെങ്കിലും പക്ഷിപ്പനിയിൽ നിന്ന് രക്ഷനേടാതെ നേട്ടങ്ങൾ എങ്ങനെ പ്രയോജനപ്രദമാകുമെന്നാണ് ചോദ്യം.

കുട്ടനാടൻ സവിശേഷ ഇനം

#ആലപ്പുഴ, കോട്ടയം, പത്തനംതിട്ട ജില്ലകളിലാണ് കുട്ടനാടൻ താറാവുകളുടെ പരിപാലനം

# 18 ലക്ഷം കുട്ടനാടൻ താറാവുകൾ കേരളത്തിലുണ്ടെന്നാണ് കണക്ക്

# 1.6 കിലോ മുതൽ 2 കിലോ വരെതൂക്കമുള്ള ഇവ രാജ്യത്ത് കൂടുതൽ ഉത്പാദന ക്ഷമതയുള്ള നാടൻ ഇനമാണ്

# വർഷത്തിൽ ഇരുനൂറിൽപ്പരം മുട്ടകളിടും. വലുപ്പമേറിയതും ശരാശരി 70 ഗ്രാം ഭാരമുള്ളവയുമാണ്

സവിശേഷ ഇനമെന്ന പ്രഖ്യാപനത്തിലൊതുക്കാതെ പക്ഷിപ്പനി ഉൾപ്പെടെയുള്ള രോഗങ്ങളിൽ നിന്ന് സംരക്ഷിക്കാൻ സംവിധാനമില്ലെങ്കിൽ ചാരയും ചെമ്പല്ലിയും അന്യംനിന്നുപോകും

- അഡ്വ. ബി.രാജശേഖരൻ, ഐക്യതാറാവ് കർഷക സംഘം