പ്രാഥമിക സഹ. ബാങ്ക് സോഫ്റ്റ്‌വെയർ പദ്ധതയിൽ തർക്കം
തിരുവനന്തപുരം: പ്രാഥമിക സഹകരണ ബാങ്കുകൾക്കുള്ള സോഫ്റ്റ് വെയർ ഏകീകരണ പദ്ധതിയിൽ തർക്കം. ടെണ്ടറിൽ പങ്കെടുത്ത രണ്ടു കൺസോർഷ്യവും രണ്ടു തരത്തിൽ ടെണ്ടർ സമർപ്പിച്ചതാണ് കാരണം.
280 ശാഖകളിൽ സോഫ്റ്റ് വെയർ സ്ഥാപിക്കാനുള്ള ചെലവ് കണക്കാക്കിയാണ് ഒരു ടെണ്ടർ. 1612 ബാങ്കുകളുടെ 4400 ശാഖകളിൽ സോഫ്റ്റ് വെയർ ചെയ്യാനുള്ള ടെണ്ടറാണ് രണ്ടാമത്തെ കൺസോർഷ്യം സമർപ്പിച്ചത്. 280 ശാഖകൾക്കാണോ 1612 ബാങ്കുകൾക്കാണോ സോഫ്റ്റ് വെയർ എന്നതിലാണ് തർക്കം. കൃത്യമായ ഉത്തരം സഹകരണ സംഘം രജിസ്ട്രാർ നൽകുന്നുമില്ല. ദിനേശ് സഹകരണ സംഘത്തിന്റെ നേതൃത്വത്തിലുള്ള കൺസോർഷ്യം 230 ശാഖകളിൽ സോഫ്റ്റ് വെയർ സ്ഥാപിക്കാൻ 50 കോടിയാണ് രേഖപ്പെടുത്തിയത്. മിറ്റ്‌കോയുടെ നേതൃത്വത്തിലുള്ള കൺസോർഷ്യം 4400 ശാഖകളിൽ സോഫ്റ്റ് വെയർ ചെയ്യാൻ 231 കോടിയും . 4400 ശാഖകളിൽ നടപ്പാക്കേണ്ട പദ്ധതി 280 ശാഖകളിൽ മാത്രം നടപ്പാക്കിയാൽ ബാക്കി ചെലവ് ബന്ധപ്പെട്ട സഹകരണ സംഘം നൽകേണ്ടി വരുമോയെന്നാണ് ആശങ്ക.
പ്രാഥമിക സഹകരണ ബാങ്കുകളിൽ ഓഡിറ്റിങ് കൃത്യമാക്കാൻ ലക്ഷ്യമിട്ടാണ് സോഫ്റ്റ് വെയർ ഏകീകരണ പദ്ധതി തയ്യാറാക്കിയത്.ആദ്യം തയ്യാറാക്കിയ പദ്ധതി രേഖ മാറ്റിയാണ് ടെണ്ടർ നടപടിയിലേക്ക് കടന്നത്. സഹകരണ ബാങ്കുകളിൽ സോഫ്റ്റ് വെയർ സ്ഥാപിച്ച കമ്പനികളെ ഉൾപ്പെടുത്തിയുള്ള കൺസോർഷ്യത്തിന് കരാർ നൽകാമെന്ന വ്യവസ്ഥ ഇതിൽ ഉൾപ്പെടുത്തി. ആദ്യഘട്ടം 280 സഹകരണ ബാങ്കുകളിൽ പൂർത്തിയാക്കാനായിരുന്നു നിശ്ചയിച്ചത്. 280 ബാങ്കുകളെന്നത്, 280 ശാഖകളെന്ന രീതിയിലേക്ക് പിന്നീട് മാറ്റം വരുത്തി. ഇതോടെ അവ്യക്തത തുടങ്ങി.