ശിവരാത്രി ആഘോഷത്തിൽ പങ്കെടുത്ത് സുരേഷ് ഗോപി മടങ്ങിയത് ഓട്ടോയിൽ

Monday 16 February 2026 1:24 AM IST

തൃശൂർ: എത്തിയത് ഔദ്യോഗിക വാഹനത്തിൽ. മടങ്ങിയത് ഓട്ടോയിൽ. വടക്കുന്നാഥ ക്ഷേത്രത്തിലെ ശിവരാത്രി ചടങ്ങിൽ പങ്കെടുക്കാനെത്തിയ കേന്ദ്രമന്ത്രി സുരേഷ് ഗോപി രാമനിലയത്തിലേക്ക് മടങ്ങിയത് ഓട്ടോറിക്ഷയിൽ. ഇന്നലെ രാവിലെ 8.30ഓടെ ശിവരാത്രി മഹാപരിക്രമ യാത്രയ്ക്കിടെയായിരുന്നു സംഭവം. വടക്കുന്നാഥ ക്ഷേത്രത്തിന് സമീപമായിരുന്നു ഔദ്യോഗിക വാഹനം പാർക്ക് ചെയ്തിരുന്നത്. മഹാപരിക്രമയാത്രയ്ക്കായി ജനം സ്വരാജ് റൗണ്ടിൽ നിന്ന് മണികണ്ഠനാൽ വഴി വടക്കുന്നാഥ ക്ഷേത്രത്തിലേക്ക് കയറുന്നതുകാരണം വാഹനം പുറത്തിറക്കാനായില്ല.

ഇതോടെ മഹാപരിക്രമ യാത്രയിൽ പങ്കെടുത്ത് മടങ്ങാനൊരുങ്ങിയ സുരേഷ് ഗോപിക്കരികിലേക്ക് ഔദ്യോഗിക വാഹനം എത്തിക്കാനായില്ല. തുടർന്ന് മണികണ്ഠനാൽ പരിസരത്തെ ഓട്ടോസ്റ്റാൻഡിൽ നിന്ന് കേന്ദ്രമന്ത്രി ഓട്ടോ കൈകാട്ടി വിളിക്കുകയായിരുന്നു. സുരേഷ് ഗോപി കയറിയതിന് പിന്നാലെ ഗൺമാൻ ഡ്രൈവർക്കൊപ്പം ഓട്ടോയുടെ മുന്നിലിരുന്നു. ഇന്നലെ രാവിലെ ഏഴോടെ വടക്കുന്നാഥ ക്ഷേത്രദർശനത്തിന് ശേഷമാണ് സുരേഷ് ഗോപി മഹാപരിക്രമയിൽ പങ്കെടുത്തത്.