യുവതി സ്വർണം വിഴുങ്ങിയ സംഭവം: മാല വീണ്ടെടുക്കാനാകാതെ പൊലീസ്

Monday 16 February 2026 2:45 AM IST

കോഴിക്കോട്: നിലമ്പൂരിൽ യുവതി വിഴുങ്ങിയ സ്വർണം കണ്ടെത്താനാകാതെ പൊലീസ്. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിരീക്ഷണത്തിലിരിക്കെ ഇന്നലെ പൊലീസിന് നൽകാതെ മാല യുവതി ബാത്റൂമിൽ കളഞ്ഞു. വയറിളക്കി മാല വീണ്ടെടുക്കാനായിരുന്നു നീക്കം. എന്നാൽ യുവതി മാല വിസർജ്ജത്തിനൊപ്പം ഫ്ളഷ് ചെയ്യുകയായിരുന്നു. ഇതിനിടെ വീണ്ടും എക്സറെ എടുത്തപ്പോൾ മാലയില്ലെന്നത് മനസിലായി. തുടർന്ന് യുവതിയെ ഡിസ്ചാർജ് ചെയ്ത് മഞ്ചേരി സബ് ജയിലിലേക്ക് മാറ്റി. തൊണ്ടി മുതൽ നശിപ്പിച്ചതിനെതിരെ യുവതിക്കെതിരെ നിലമ്പൂർ പൊലീസ് കേസെടുത്തിട്ടുണ്ട്.

അതേസമയം,സ്വർണമാല കൂടാതെ യുവതിയുടെ വയറ്റിൽ നിന്ന് മറ്റൊരു കമ്മലും അധികൃതർ കണ്ടെത്തിയെങ്കിലും അതും വിസർജ്യത്തിനൊപ്പം കളഞ്ഞു. കുട്ടിയുടെ കഴുത്തിൽ നിന്ന് 3.5 ഗ്രാം തൂക്കമുള്ള സ്വർണമാല മോഷ്ടിച്ചതിന് മുക്കട്ടയിൽ പാലേമാട് കല്ലൻകുന്നൻ സമീനയെ (35) കഴിഞ്ഞ വ്യാഴാഴ്ചയാണ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്ത ശേഷം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചത്. തുടർന്ന് എക്‌സ്രേ പരിശോധനയിൽ വയറ്റിൽ മാലയ്ക്ക് പുറമേ മറ്റൊരു സ്വർണക്കമ്മൽ കൂടി കണ്ടെത്തുകയായിരുന്നു. ഇത് അവരുടെ കമ്മൽ തന്നെയെന്നാണ് വിവരം.