സർക്കാരും ആഭ്യന്തരവകുപ്പും മാഫിയ സംഘമായി: സതീശൻ
തിരുവനന്തപുരം: ക്രിമിനലുകൾക്ക് സംരക്ഷണമൊരുക്കുന്ന മാഫിയാസംഘമായി ആഭ്യന്തരവകുപ്പും സർക്കാർ സംവിധാനങ്ങളും അധഃപതിച്ചിരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ പറഞ്ഞു. രണ്ടു പൊലീസുകാരാണ് ഇന്നലെ സംസ്ഥാനത്ത് ആക്രമിക്കപ്പെട്ടത്. തിരുവനന്തപുരത്ത് ഷോപ്പിംഗ് മാളിൽ പൊലീസുകാരനെ എസ്.എഫ്.ഐ ക്രിമിനൽ സംഘം ആക്രമിച്ചപ്പോൾ, കോഴിക്കോട് മറ്റൊരു ഉദ്യോഗസ്ഥന് പട്ടാപ്പകൽ കുത്തേറ്റു. വടിവാളുകൾക്ക് ഇടയിലൂടെ നടന്നെന്നും ഇരട്ടച്ചങ്കെന്നും പി.ആർ ഏജൻസികൾ ഊതി വീർപ്പിച്ച അതേ പിണറായി വിജയൻ തന്നെയാണ് ഇപ്പോഴും കേരളത്തിന്റെ ആഭ്യന്തരമന്ത്രിയെന്നത് ഓർക്കണം. ഷോപ്പിംഗ് മാളിൽ എസ്.എഫ്.ഐക്കാർ പൊലീസുകാരനെ പിന്നാലെ നടന്ന് പ്രകോപിപ്പിക്കുന്നതും വളഞ്ഞിട്ട് മർദ്ദിക്കുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. എന്നിട്ടും പൊലീസുകാരനെതിരെ ജാമ്യമില്ലാവകുപ്പ് ചുമത്തി കേസെടുത്തു. ഒപ്പമുണ്ടായിരുന്ന സഹോദരിയെയും പ്രതിയാക്കി. എസ്.എഫ്.ഐ സംഘത്തിനെതിരെ നിസാര വകുപ്പുകൾ മാത്രം. എന്തൊരു നീതി നിർവഹണമാണിതെന്നും സതീശൻ ചോദിച്ചു.