യു.എസ് ആക്രമണത്തിൽ നമീബിയ നീറി

Monday 16 February 2026 7:48 AM IST

ചെന്നൈ : ട്വന്റി-20 ലോകകപ്പിൽ ഇന്നലെ നടന്ന ഗ്രൂപ്പ് എയിലെ ആദ്യമത്സരത്തിൽ നമീബിയയെ 31 റൺസിന് കീഴടക്കി യു.എസ്.എ തുടർച്ചയായ രണ്ടാം ജയം നേടി സൂപ്പർ എട്ട് പ്രതീക്ഷകൾ സജീവമാക്കി. ആദ്യം ബാറ്റ് ചെയ്ത യു.എസ്.എ 20 ഓവറിൽ 4 വിക്കറ്റ് നഷ്‌ടത്തിൽ 199 റൺസ് നേടി. മറുപടിക്കിറങ്ങിയ നമീബിയ പൊരുതി നോക്കിയെങ്കിലും 20 ഓവറിൽ ആറ് വിക്കറ്റ് നഷ്‌ടത്തിൽ 168 റൺസേ നേടാനായുള്ളൂ.

ഓപ്പണർ ലൗറേൻ സ്റ്റീൻകാംപ് നമീബിയക്കായി അർദ്ധ സെഞ്ച്വറി നേടി. യു.എസിനായി ഷാഡ്‌ലി വാൻ ഷാൽക്‌വിക്ക് 2 വിക്കറ്റ് വീഴ്‌ത്തി.

നേരത്തേ സഞ്ജയ് കൃഷ്‌ണമൂർത്തിയുടേയും (പുറത്താകാതെ 33 പന്തിൽ 68), ക്യാപ്ടൻ മോണക് പട്ടേലിന്റെയും (30 പന്തിൽ 50) വെടിക്കെട്ട് അർദ്ധ സെഞ്ച്വറി ഇന്നിംഗ്‌സുകളാണ് യു.എസ്.എയ്‌‌ക്ക് മികച്ച സ്കോർ സമ്മാനിച്ചത്. വില്യം പീറ്റർ മൈബുർഗും ക്യാപ്ടൻ ജെറാർഡ് എരാസ്‌മസും 2 വിക്കറ്റ് വീതം വീഴ്‌ത്തി.

4 പോയിന്റുമായി യു.എസ് മൂന്നാമതാണ് ഗ്രൂപ്പിൽ. കളിച്ച മൂന്ന്മത്സരവും തോറ്റ നമീബിയ ടൂർണമെന്റിൽ നിന്ന് പുറത്തായി.

12-ടൂർണമെന്റിൽ ഇതുവരെ 12 വിക്കറ്റുകൾ നേടിക്കഴിഞ്ഞ യു.സ് താരം ഷാൽക്‌വിക്കാണ് ഏറ്റവും കൂടുതൽ വിക്കറ്റ് നേടിയവരിൽ ഒന്നാമതുള്ളത്.

ഇന്നത്തെ കളികൾ

അഫ്‌ഗാൻ -യു.എ.ഇ

(രാവിലെ 11 മുതൽ)

ഇംഗ്ലണ്ട് - ഇറ്റലി

(വൈകിട്ട് 3 മുതൽ)

ശ്രീലങ്ക - ഓസ്ട്രേലിയ

(രാത്രി 7 മുതൽ)

ലൈവ്

സ്‌റ്റാർ സ്പോർട്സ് ചാനലുകളിലും ജിയോ ഹോട്ട്‌സ്റ്റാറിലും