മാളിലെ സംഘർഷം: പൊലീസുകാരനെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തിയത് ശരിവച്ച് അന്വേഷണ റിപ്പോർട്ട്
തിരുവനന്തപുരം: നഗരത്തിലെ ഷോപ്പിംഗ് മാളിൽ എസ് എഫ് ഐ പ്രവർത്തകരുമായുള്ള സംഘർഷവുമായി ബന്ധപ്പെട്ട് സിവിൽ പൊലീസ് ഓഫീസറായ മിഥുൻ റോയിക്കെതിരെ ഗുരുതര വകുപ്പുകൾ ചുമത്തിയ നടപടി ശരിവച്ച് അന്വേഷണ റിപ്പോർട്ട്. ഫോർട്ട് അസിസ്റ്റന്റ് കമ്മിഷണർ തയ്യാറാക്കിയ റിപ്പോർട്ട് സിറ്റി പോലീസ് കമ്മിഷണർക്ക് സമർപ്പിക്കും. സിവിൽ പൊലീസ് ഓഫീസർ മിഥുൻ റോയ്, കൂടെയുണ്ടായിരുന്ന ബന്ധുവായ സ്ത്രീ, ഒരു കൂട്ടം എസ്എഫ്‌ഐ പ്രവർത്തകർ എന്നിവർക്കെതിരെയും കേസെടുത്തിട്ടുണ്ട്. എന്നാൽ എസ്എഫ്‌ഐ പ്രവർത്തകർക്കെതിരെ നിസാരവകുപ്പുകളാണ് ചുമത്തിയത്.
കഴിഞ്ഞ ഡിസംബർ 31ന് പുതുവത്സരാഘോഷത്തിനിടെ ശംഖുംമുഖത്തെത്തിയ എസ്എഫ്‌ഐ പ്രവർത്തകരും, മിഥുൻ ഉൾപ്പെടെയുള്ള പൊലീസ് സംഘവും തമ്മിൽ ഉന്തുംതള്ളുമുണ്ടായിരുന്നു. അന്ന് പൊലീസ് ലാത്തി വീശുകയും ചെയ്തു. ഇതിന്റെ പ്രതികാരമായാണ് മാളിലെ സംഘർഷം.
എസ്എഫ്ഐ പ്രവർത്തകർ പൊലീസുകാരനെ പിന്തുടർന്ന് പ്രകോപിപ്പിക്കുന്നതും, മിഥുൻ റോയ് ഇടിവള ഉപയോഗിച്ച് ഇവരെ നേരിടുന്നതുമായ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. മിഥുൻ റോയിക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തത് നിയമപരമായി നിലനിൽക്കുമെന്നാണ് എസിപിയുടെ കണ്ടെത്തൽ. അതേസമയം, സംഘർഷത്തിൽ ഉൾപ്പെട്ട എസ്എഫ്‌ഐ പ്രവർത്തകർക്കെതിരെ നിസാര വകുപ്പുകൾ ചുമത്തിയെന്ന ആക്ഷേപവും നിലനിൽക്കുന്നുണ്ട്.
ഡ്യൂട്ടിയുടെ ഭാഗമായി പല കാര്യങ്ങളിലും ഇടപെടേണ്ടി വരും. അതിന്റെ പേരിൽ ഉദ്യോഗസ്ഥരെ പിന്തുടർന്ന് ഉപദ്രവിക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് സിറ്റി പൊലീസ് കമ്മിഷണർ വ്യക്തമാക്കി. ഉദ്യോഗസ്ഥനെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്താനുണ്ടായ സാഹചര്യത്തെക്കുറിച്ച് പ്രത്യേക അന്വേഷണം നടത്താൻ കമ്മിഷണർ നേരത്തെ നിർദ്ദേശം നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോൾ റിപ്പോർട്ട് സമർപ്പിക്കുന്നത്.