നടൻ ജയൻ ചേർത്തല കോൺഗ്രസിലേക്ക്? കെസി വേണുഗോപാലുമായി കൂടിക്കാഴ്ച നടത്തി

Monday 16 February 2026 12:14 PM IST

ആലപ്പുഴ: സിപിഐ വിട്ട് നടൻ ജയൻ ചേർത്തല കോൺഗ്രസിലേക്ക് ചേക്കേറുന്നതായി റിപ്പോർട്ടുകൾ. രാഷ്ട്രീയ മാറ്റത്തിന്റെ സൂചനകൾ നൽകിക്കൊണ്ട് എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാലുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തിയെന്നാണ് പുതിയ റിപ്പോർട്ടുകൾ.

നേരത്തെ സിനിമാ താരവും മുൻ ചലച്ചിത്ര അക്കാദമി ചെയർമാനുമായ പ്രേം കുമാർ കോൺഗ്രസ് നേതാക്കളുമായി ചർച്ച നടത്തിയത് വലിയ വാർത്തയായിരുന്നു. ഇതിന് പിന്നാലെയാണ് ജയൻ ചേർത്തലയും കോൺഗ്രസ് നേതൃത്വവുമായി അടുക്കുന്നത്. വിവിധ മേഖലകളിലെ പ്രമുഖരെ പാർട്ടിയിലേക്ക് എത്തിച്ച് കരുത്ത് വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് കോൺഗ്രസ് നേതൃത്വം ചർച്ചകൾ നടത്തുന്നത്.

നിലവിൽ സിപിഐ സഹയാത്രികനായ ജയൻ ചേർത്തലയുടെ മാറ്റം സിനിമാരാഷ്ട്രീയ മേഖലകളിൽ വലിയ ചർച്ചകൾക്ക് വഴിവച്ചിട്ടുണ്ട്. സിപിഐ നേതൃത്വവുമായി ഏറെ കാലമായി സഹകരിച്ചു പ്രവർത്തിച്ചിരുന്ന ജയൻ ചേർത്തല ഔദ്യോഗികമായി കോൺഗ്രസ് അംഗത്വം സ്വീകരിക്കുന്ന കാര്യത്തിൽ ഉടൻ തീരുമാനമുണ്ടാകുമെന്നാണ് കരുതപ്പെടുന്നത്.