സമോസയ്ക്കുൾപ്പെടെ വെട്ട്; പ്രവാസികളുടെ മക്കൾക്ക് നിരാശ, സ്‌കൂളിൽ ഇനി ഇവ പാടില്ല
അബുദാബി: പ്രവാസികളുടെ മക്കളെയടക്കം ബാധിക്കുന്ന പുതിയ നിർദേശം പുറത്തിറക്കി അബുദാബി വിദ്യാഭ്യാസ വകുപ്പ്. സ്‌കൂളിൽ ഉച്ചഭക്ഷണമായി മധുര പാനീയങ്ങൾ, ഉയർന്ന കൊഴുപ്പും മധുരവുമുള്ള ഭക്ഷണം, സംസ്‌കരിച്ച ആഹാരങ്ങൾ, അഡിറ്റീവുകൾ, ചില പാലുത്‌പന്നങ്ങൾ, സോയ ഉത്‌പന്നങ്ങൾ തുടങ്ങിയവ കൊണ്ടുവരരുതെന്നാണ് നിർദേശം. ഇതുസംബന്ധിച്ച മാർഗനിർദേശങ്ങളും വകുപ്പ് പുറത്തിറക്കിയിട്ടുണ്ട്.
സ്‌കൂളിൽ നിന്ന് നൽകുന്നതും വീട്ടിൽ നിന്ന് കൊണ്ടുവരുന്നതുമായ ഭക്ഷണങ്ങൾക്ക് നിരോധനം ബാധകമാണ്. ആരോഗ്യ അപകടസാദ്ധ്യതകൾ കുറയ്ക്കുക, ആരോഗ്യകരമായ വളർച്ചയെ പിന്തുണയ്ക്കുക, സ്ഥിരതയുള്ള ഭക്ഷണ രീതികൾ ഉറപ്പാക്കുക എന്നിവയാണ് പുതുക്കിയ മാർഗനിർദ്ദേശത്തിന്റെ ലക്ഷ്യം. സ്കൂളുകൾ നിരോധിത ഭക്ഷണപാനീയങ്ങളുടെ പട്ടിക വ്യക്തമായി നിർവചിക്കുകയും ജീവനക്കാർക്കും രക്ഷിതാക്കൾക്കും പട്ടിക കൈമാറുകയും വേണം. മാത്രമല്ല നിരീക്ഷണ, നിർവ്വഹണ സംവിധാനങ്ങൾ ഏർപ്പെടുത്തുകയും വേണം.
നിരോധിച്ച ഭക്ഷണങ്ങൾ
- സിറപ്പുകളിൽ നിന്ന് ഉണ്ടാക്കുന്ന പഴച്ചാറുകൾ
- ശീതളപാനീയങ്ങൾ
- എനർജി, സ്‌പോർട്ട്‌സ് ഡ്രിങ്ക്‌സ്
- ഹോട്ട്, ഐസ്‌ഡ് കോഫി
- ഹോട്ട്, ഐസ്‌ഡ് ടീ
-
മിഠായികൾ, മധുരപലഹാരങ്ങൾ, മാർഷ്‌മലോ, കാരമൽ, കോട്ടൺ മിഠായി, ലോലിപോപ്പുകൾ, ജെല്ലികൾ, ച്യൂയിംഗ് ഗം
- ചോക്ലേറ്റുകൾ (ഡാർക്ക് ചോക്ലേറ്റ് ഒഴികെ)
- ഐസ്ക്രീം, സ്ളഷി, ഫ്രോസൺ ഡെസേർട്ടുകൾ
- ഫ്ലേവർ ചെയ്തതോ മധുരമുള്ളതോ ആയ പാലും തൈരും
-
വറുത്ത ചിക്കൻ, ചിക്കൻ നഗ്ഗറ്റ് ഫലാഫൽ, സമോസ എന്നിവയുൾപ്പെടെ വറുത്ത ഭക്ഷണങ്ങൾ
- വറുത്തതോ ബേക്ക് ചെയ്തതോ ആയ ഉരുളക്കിഴങ്ങ്, ചോളം അടിസ്ഥാനമാക്കിയുള്ള ലഘുഭക്ഷണങ്ങൾ, പഫ്ഡ് കോൺ ബോളുകൾ, പൊട്ടറ്റോ ചിപ്‌സ്, സ്റ്റിക്കുകൾ
- ഹോട്ട്ഡോഗ്, ഡെലി മീറ്റ്, സോസേജ് എന്നിവയുൾപ്പെടെ സംസ്കരിച്ച മാംസം
- അച്ചാറിട്ട പച്ചക്കറികൾ
-
കൃത്രിമ മധുരപലഹാരങ്ങൾ, പ്രിസർവേറ്റീവുകൾ, നിറങ്ങൾ അല്ലെങ്കിൽ ഫ്ലേവറുകൾ അടങ്ങിയ ഭക്ഷണങ്ങൾ
- മോണോസോഡിയം ഗ്ലൂട്ടാമേറ്റ് ചേർത്ത ഭക്ഷണങ്ങൾ
- സൺസെറ്റ് യെല്ലോ, ക്വിനോലിൻ യെല്ലോ, കാർമോയിസിൻ, അല്ലുറ റെഡ്, ടാർട്രാസിൻ, പോൺസിയോ തുടങ്ങിയ അഡിറ്റീവുകളടങ്ങിയ ഭക്ഷണം
- മയോണൈസ്, സോസുകൾ, കെച്ചപ്പ് (കുറഞ്ഞ ഉപ്പും കുറഞ്ഞ പഞ്ചസാരയും ഒഴികെ), റാഞ്ച്, ജലാപെനോ, ഇറ്റാലിയൻ സോസുകൾ
-
പന്നിയിറച്ചിയിൽ നിന്നുണ്ടാക്കുന്ന ഉത്പന്നങ്ങൾ
-
ആൽക്കഹോൾ (എത്തനോൾ) അല്ലെങ്കിൽ അതിന്റെ ഉത്പന്നങ്ങൾ ചേർത്ത ഭക്ഷണങ്ങൾ
- ഹൈഡ്രജനേറ്റഡ് കൊഴുപ്പ് അടങ്ങിയ ഭക്ഷണങ്ങൾ
- 12 മാസത്തിൽ താഴെയുള്ള കുഞ്ഞുങ്ങൾക്ക് തേൻ
- പാസ്ചറൈസ് ചെയ്യാത്ത ഭക്ഷണപാനീയങ്ങൾ
- സോയ അല്ലെങ്കിൽ അതിന്റെ ഡെറിവേറ്റീവുകൾ അടങ്ങിയ സോയ പാലും സോസുകളും
- നട്ട്സ്
- ശ്വാസംമുട്ടലിന് കാരണമാകുന്ന ഭക്ഷണങ്ങൾ