'പുരോഗമന ചിന്തയെന്നത് വിശ്വാസത്തെ എതിർക്കുന്നതല്ല, ശബരിമല യുവതീ പ്രവേശനത്തെ സർക്കാരും ദേവസ്വം ബോർഡും എതിർക്കണം'

Monday 16 February 2026 2:36 PM IST

തിരുവനന്തപുരം: ശബരിമലയിൽ പ്രായഭേദമന്യേ എല്ലാ യുവതികൾക്കും പ്രവേശനം നൽകുന്നതിനെ സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ എതിർക്കണമെന്ന് ആവർത്തിച്ച് എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായർ. സംസ്ഥാന സർക്കാരും ദേവസ്വം ബോർഡും ശബരിമലയിൽ യുവതികൾക്ക് പ്രവേശനമാകാമെന്ന മുൻ നിലപാട് തിരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വരാനിരിക്കുന്ന തിരഞ്ഞെടുപ്പിനെയും രാഷ്ട്രീയത്തെയും ഇതുമായി കൂട്ടിക്കുഴയ്ക്കുന്നില്ലെന്നും എൻഎസ്എസ് വിശ്വാസ സംരക്ഷണത്തിൽ ഉറച്ചുനിൽക്കുമെന്നും സുകുമാരൻ നായർ ഒരു മാദ്ധ്യമത്തോട് പറഞ്ഞു.

'ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാർ ഉറപ്പൊന്നും നൽകിയിട്ടില്ല. പക്ഷേ നിലവിൽ ശബരിമലയിലുള്ള പഴയരീതി തുടരുമെന്നാണ് കരുതുന്നത്. നിലവിൽ പഴയരീതിയിൽ തുടരുന്ന സാഹചര്യത്തിൽ സംസ്ഥാന സർക്കാരിൽ പ്രതീക്ഷയുണ്ട്. വിഷയത്തിൽ സുപ്രീം കോടതി ന്യായമായ നിലപാടെടുക്കുമെന്നാണ് കരുതുന്നത്. നിലവിലെ സാഹചര്യത്തിൽ കേന്ദ്ര സർക്കാരിനും ഇടപെടാം. പക്ഷേ അവരുടെ നിലപാടെന്തായിരിക്കുമെന്നതിൽ വ്യക്തതയില്ല.

പുരോഗമന ചിന്തയെന്നത് വിശ്വാസത്തെ തകർക്കുന്നതല്ല. നാമജപ ഘോഷയാത്രയുമായി ബന്ധപ്പെട്ട കേസുകൾ തള്ളണമെന്ന് നേരത്തെ സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. കുറേ പേരെയെങ്കിലും കുറ്റവിമുക്തരാക്കുകയാണെന്നാണ് അറിഞ്ഞത്'- സുകുമാരൻ നായർ പറഞ്ഞു.