'പെൻഷൻ പണം മടക്കി നൽകിയത് നേതാക്കന്മാർ നിർബന്ധിച്ചിട്ടല്ല'; വീഡിയോയിൽ വീണ്ടും ട്വിസ്റ്റ്

Monday 16 February 2026 2:56 PM IST

കോഴിക്കോട്: സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ നയിച്ച പ്രചാരണ ജാഥയുടെ വേദിയിൽ വയോധികൻ പെൻഷൻ പണം സംഭാവന നൽകിയ സംഭവത്തിൽ വീണ്ടും വഴിത്തിരിവ്. മൊയ്‌തീൻ എന്ന വയോധികനാണ് പെൻഷൻ പണം സംഭാവന നൽകിയത്. നേതാക്കന്മാരുടെ നിർദേശപ്രകാരമാണ് പണം സംഭാവന നൽകിയതെന്ന് മൊയ്‌തീൻ വെളിപ്പെടുത്തുന്നതിന്റെ വീഡിയോ വലിയ രീതിയിൽ പ്രചരിച്ചിരുന്നു. സിപിഎം മുൻകൂട്ടി നിശ്ചയിച്ച പിആർ സ്റ്റണ്ടിന്റെ ഭാഗമാണ് ദൃശ്യങ്ങളെന്ന തരത്തിൽ വിവാദങ്ങൾ കനക്കുന്നതിനിടെയാണ് സ്വന്തം ഇഷ്‌ടപ്രകാരമാണ് പണം നൽകിയതെന്ന് വെളിപ്പെടുത്തുന്ന മൊയ്‌തീന്റെ പുതിയ വീഡിയോ പുറത്തുവന്നത്.

പ്രദേശത്തെ ഒരു കോൺഗ്രസ് പ്രവർത്തകൻ പകർത്തിയ വീഡിയോയാണ് ആദ്യം പുറത്ത് വന്നത്. ബസ് സ്റ്റോപ്പിലെത്തിയ മൊയ്‌തീനോട് പെൻഷൻ പണം സംഭാവന ചെയ്‌തതിനെപ്പറ്റി ചോദിച്ചപ്പോൾ അദ്ദേഹം പറഞ്ഞ കാര്യങ്ങൾ വീഡിയോയിൽ പകർത്തിയതാണെന്ന് കോൺഗ്രസ് പ്രവർത്തകൻ പറയുന്നു. ചിലർ തന്നെ നിർബന്ധിച്ച് സ്റ്റേജിലേക്ക് കൊണ്ടുപോയി പണം കൊടുക്കാൻ പ്രേരിപ്പിക്കുകയായിരുന്നു. പണം നൽകിയാൽ ഗോവിന്ദൻ മാസ്റ്റർ അത് തിരികെ നൽകുമെന്ന് തന്നോട് നേരത്തെ പറഞ്ഞിരുന്നതായും മൊയ്തീൻ വെളിപ്പെടുത്തി. ഇടതു പ്രൊഫൈലുകൾ വൻതോതിൽ ആഘോഷിച്ച ഈ വീഡിയോ, പുതിയ വെളിപ്പെടുത്തൽ വന്നതോടെ സിപിഎമ്മിനെ പ്രതിരോധത്തിലാക്കിയിരുന്നു.

കഴിഞ്ഞ തിങ്കളാഴ്ച ബാലുശ്ശേരിയിൽ വികസന മുന്നേറ്റ ജാഥ എത്തിയപ്പോഴായിരുന്നു സംഭവം. മൊയ്തീൻ വേദിയിലെത്തി തന്റെ പെൻഷൻ തുകയായ 2000 രൂപ എംവി ഗോവിന്ദന് കൈമാറുന്ന ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലായിരുന്നു. യുഡിഎഫ് വന്നാൽ പെൻഷൻ മുടങ്ങും, അതുകൊണ്ട് ഈ സർക്കാർ തുടരണമെന്ന് മൊയ്തീൻ പറയുന്നതും, ഗോവിന്ദൻ മാസ്റ്റർ സ്‌നേഹപൂർവ്വം ആ പണം തിരികെ അദ്ദേഹത്തിന്റെ പോക്കറ്റിൽ തന്നെ ഇട്ടുകൊടുക്കുന്നതുമായിരുന്നു വീഡിയോയുടെ ഉള്ളടക്കം.

സിപിഎമ്മിന്റെ 'തിരക്കഥ' പാളിപ്പോയെന്നും, ജനങ്ങളെ കബളിപ്പിക്കാനാണ് പിആർ ഏജൻസികളെ വച്ച് ഇത്തരം ദൃശ്യങ്ങൾ നിർമ്മിക്കുന്നതെന്നും കോൺഗ്രസ് ആരോപിച്ചിരുന്നു. സൈബർ ഇടങ്ങളിൽ വലിയ പരിഹാസമാണ് വീഡിയോയ്‌ക്കെതിരെ ഉയരുന്നത്. ഇതിനിടെയാണ് സിപിഎമ്മിനെ അനുകൂലിക്കുന്ന മട്ടിൽ വീണ്ടും മൊയ്‌തീൻ രംഗത്തെത്തിയത്.