പുതിയ മദ്യത്തിന്റെ പേരിടൽ മത്സരം; പുറത്തിറക്കിയ പരസ്യത്തെ ഹൈക്കോടതിയിൽ ന്യായീകരിച്ച് എക്‌സൈസ്

Monday 16 February 2026 5:24 PM IST

കൊച്ചി: ബിവറേജസ് കോർപ്പറേഷൻ പുറത്തിറക്കുന്ന മദ്യത്തിന്റെ പേരിടലുമായി ബന്ധപ്പെട്ട് പ്രസിദ്ധീകരിച്ച പരസ്യത്തെ ന്യായീകരിച്ച് എക്‌സൈസ് കമ്മീഷണർ. ഭാവിയിൽ വിപണിയിലെത്തിക്കാൻ പോകുന്ന മദ്യത്തിന്റെ പേരുമാത്രമാണ് ക്ഷണിച്ചതെന്നും മദ്യം വാങ്ങാനോ കഴിക്കാനോ ഉപദേശിക്കുന്നില്ലെന്നും എക്‌സൈസ് അറിയിച്ചു. ഹൈക്കോടതിയിലാണ് എക്‌സൈസ് കമ്മീഷണർ സത്യവാങ്മൂലം സമർപ്പിച്ചത്. പരസ്യത്തിനെതിരെ വ്യാപക പ്രതിഷേധമുയർന്നിരുന്നു.

കഴിഞ്ഞ വ്യാഴാഴ്ച മദ്യത്തിന്റെ പേരിടൽ മത്സരത്തിന്റെ എല്ലാ തുടർനടപടികളും ഹൈക്കോടതി സ്​റ്റേ ചെയ്തിരുന്നു. കൊല്ലത്തെ കോൺഗ്രസ് നേതാവ് എം എം സഞ്ജീവ് കുമാർ നൽകിയ ഹർജിയിലായിരുന്നു നടപടി. ബിവറേജസ് കോർപ്പറേഷന്റെ കീഴിൽ മലബാർ ഡിസ്‌റ്റിലറീസ് നിർമിക്കുന്ന പുതിയ ബ്രാൻഡിയുടെ പേര്, ലോഗോ ഉൾപ്പെടെ നിർദ്ദേശിക്കുന്നവർക്ക് സമ്മാനം പ്രഖ്യാപിച്ചിരിക്കുകയാണെന്ന തരത്തിലുള്ള വാർത്തകൾ നേരത്തെ പുറത്തുവന്നിരുന്നു. ഇതിനെതിരെയാണ് സഞ്ജീവ് കുമാർ ഹൈക്കോടതിയെ സമീപിച്ചത്. ഇത് അബ്കാരി ചട്ടത്തിന്റെ ലംഘനമാണെന്നും സർക്കാർ സ്ഥാപനം തന്നെ മദ്യത്തെ പ്രോത്സാഹിപ്പിക്കുന്നുവെന്നും അദ്ദേഹം ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.

ഇതിൽ വാദം നടക്കുന്നതിനിടയിൽ ബിവറേജ് കോർപ്പറേഷനും നിലപാട് വ്യക്തമാക്കിയിരുന്നു. ഇത്തരത്തിലൊരു ബ്രാൻഡി നിർമിക്കുന്നില്ലെന്നും പേരും ലോഗോയും ക്ഷണിച്ചുകൊണ്ട് ഒരു തരത്തിലുള്ള വിജ്ഞാപനവും പുറത്തിറക്കിയിട്ടില്ലെന്നായിരുന്നു ബിവറേജ് കോർപ്പറേഷൻ കോടതിയെ അറിയിച്ചത്. മദ്യത്തിന് പേരും ലോഗോയും നിർദ്ദേശിക്കുന്നവർക്ക് 10,000 രൂപ നൽകുമെന്ന തരത്തിലുള്ള പരസ്യം നേരത്തെ വിവാദമായിരുന്നു.