പൈപ്പ് പൊട്ടി വെള്ളം പാഴായിട്ടും കുടിക്കാൻ ഒരുതുള്ളിയില്ല
കൊല്ലം: കുടിവെള്ള ക്ഷാമം അതിരൂക്ഷമായ പെരിനാട് പഞ്ചായത്തിലെ വാർഡുകളിൽ പൈപ്പ് പൊട്ടി വെള്ളം പാഴായിട്ടും അറ്റാകുറ്റപ്പണി നടത്തുന്നതിൽ മെല്ലെപ്പോക്ക് തുടർന്ന് വാട്ടർ അതോറിട്ടി. വാട്ടർ അതോറിട്ടിയുടെ മെയിന്റനൻസ് ഫണ്ടിൽ തുകയില്ലാത്തതാണ് ഇതിന് കാരണമായി ചൂണ്ടികാണിക്കുന്നത്. പഞ്ചായത്തിലെ മിക്ക വാർഡുകളിലും ഇത്തരത്തിൽ വെള്ളം പാഴാവുകയാണ്. പ്രധാനമായും 11,13 വാർഡുകളിൽ വെള്ളം പഴകാൻ തുടങ്ങിയിട്ട് ആഴ്ചകളാകുന്നു. നേരത്തെ 9-ാം വാർഡിൽ പൈപ്പ് പൊട്ടിയിട്ട് 5 ദിവസം കഴിഞ്ഞാണ് തകരാർ പരിഹരിച്ചത്.
പഞ്ചായത്തിലെ മിക്ക വീടുകളിലും വേനലിന്റെ ആരംഭത്തിൽ തന്നെ കുടിവെള്ളം കിട്ടാക്കനിയായി മാറുകയാണ്. ജനം വെള്ളത്തിനായി നെട്ടോട്ടം ഓടുമ്പോഴാണ് കണ്മുന്നിൽ വെള്ളം പാഴായിക്കൊണ്ടിരിക്കുന്നത്. അതേസമയം, പൈപ്പിലൂടെ വീടുകളിലെത്തുന്ന വെള്ളത്തിൽ വലിയ അളവിൽ ഓര് കലർന്നതാണെന്ന ആക്ഷേപവും ശക്തമാകുന്നു.
സമരത്തിന് ഒരുങ്ങി കരാറുകാർ
വാട്ടർ അതോറിട്ടിയുടെ മെയിന്റനൻസ് വർക്കുകൾ ചെയ്യുന്ന കരാറുകാർക്ക് കഴിഞ്ഞ 2 വർഷക്കാലമായി കരാർത്തുക കുടിശ്ശികയാണ്. നിരവധി തവണ ഈ ആവശ്യവുമായി ഓഫീസുകളിൽ ബന്ധപ്പെട്ടിട്ടും ഇതിന് ഒരു പരിഹാരമായിട്ടില്ല. കരാറുകാർക്ക് കടുത്ത സാമ്പത്തിക ബുദ്ധിമുട്ടായതിനാൽ 20ന് മുമ്പ് ഒരു വർഷത്തെയെങ്കിലും കുടിശ്ശിക തീർത്തുകിട്ടുന്നതിനുള്ള നടപടി പൂർത്തിയായില്ലെങ്കിൽ 21 മുതൽ മുഴുവൻ കുടിശ്ശികയും തീർത്തുകിട്ടുന്നതുവരെ ജില്ലയിലെ മുഴുവൻ കരാറുകാരും മെയിന്റനൻസ് വർക്കുകൾ നിറുത്തി സമരത്തിനിറങ്ങാനാണ് തീരുമാനം.