തീരുമാനമാകാതെ ശമ്പള കമ്മിഷൻ രൂപീകരണം

Tuesday 17 February 2026 12:00 AM IST

തിരുവനന്തപുരം: ജീവനക്കാരുടേയും അദ്ധ്യാപകരുടേയും വേതന പരിഷ്കരണത്തിനുള്ള 12-ാമത് ശമ്പള പരിഷ്കരണ കമ്മിഷൻ രൂപീകരണത്തിൽ തീരുമാനമായില്ല. ജനുവരി 29ലെ ബഡ്ജറ്റിലാണ് പ്രഖ്യാപനമുണ്ടായത്. അതിനുശേഷം നാല് മന്ത്രിസഭായോഗങ്ങൾ കഴിഞ്ഞു. നിയമസഭാ തിരഞ്ഞെടുപ്പിനുള്ള പരിഷ്കരിച്ച വോട്ടർപട്ടിക 21ന് പ്രസിദ്ധീകരിക്കും. അടുത്തയാഴ്ച ഇലക്ഷൻ കമ്മിഷനംഗങ്ങൾ സംസ്ഥാനത്തെത്തും. അവർ തിരികെ ഡൽഹിയിലെത്തിയാലുടൻ തിരഞ്ഞെടുപ്പ് പ്രഖ്യാപനമുണ്ടായേക്കും.

ഈ മാസം അവസാനമോ അടുത്തമാസം ആദ്യമോ ഉണ്ടാകുമെന്നാണ് പ്രതീക്ഷ. അതോടെ പെരുമാറ്രച്ചട്ടം നിലവിൽവരും. അതിനുമുമ്പുള്ള മന്ത്രിസഭായോഗങ്ങളിൽ തീരുമാനമുണ്ടായില്ലെങ്കിൽ കമ്മിഷൻ പ്രഖ്യാപനം പുതിയ സർക്കാരിലേക്ക് നീളും. ഇപ്പോൾ കമ്മിഷനെ നിയോഗിച്ചാലും റിപ്പോർട്ട് സമർപ്പിക്കാൻ മൂന്നുമാസത്തെ കാലവധിയുണ്ടാകും. പരിഷ്കരിച്ച ശമ്പളം കൊടുക്കുക പുതിയ സർക്കാരായിരിക്കും.

2019ലെ മുൻകാല പ്രാബല്യത്തോടെ 2021ലാണ് 11-ാം ശമ്പളപരിഷ്കരണം നടപ്പാക്കിയത്. അതനുസരിച്ച് 12-ാം പരിഷ്കരണത്തിൽ 2024 മുതൽ മുൻകാല പ്രാബല്യം നൽകേണ്ടിവരും. അതനുസരിച്ചുള്ള കുടിശിക നൽകാൻ നിലവിലെ സാഹചര്യത്തിൽ പുതിയ സർക്കാർ പ്രയാസപ്പെടും.

പ്രത്യേക ഫിക്സേഷൻ

തിരികെ എത്തിക്കുമോ?

അടിസ്ഥാനശമ്പളത്തോടൊപ്പം ആസമയത്തെ ക്ഷാമബത്തയും ഫിറ്റ്‌മെന്റ് ആനുകൂല്യവും സർവീസ് വെയ്റ്റേജും ചേർത്ത് പുതിയ സ്‌കെയിലിലേക്ക് ശമ്പളം നിശ്ചയിക്കുന്ന രീതിയാണ് സംസ്ഥാനത്തുണ്ടായിരുന്നത്. എന്നാൽ, രണ്ടാം പിണറായി സർക്കാർ 11-ാം ശമ്പള പരിഷ്കരണത്തിൽ സാമ്പത്തികബാദ്ധ്യത കുറയ്ക്കാൻ പ്രത്യേക ഫിക്സേഷൻ ഒഴിവാക്കി. പകരം 'സ്റ്റേജ് ടു സ്റ്റേജ് ഫിക്സേഷൻ' നടപ്പാക്കി. ഇതോടെ വർദ്ധന1,880 രൂപയായിചുരുങ്ങി. ഡി.എ ലയിപ്പിച്ചു എന്നതല്ലാതെ മറ്റ് പ്രത്യേകഫിക്സേഷൻ നേട്ടങ്ങളൊന്നും ഉണ്ടായിരുന്നില്ല. 9-ാം ശമ്പളപരിഷ്കരണത്തിൽ 10%ഫിറ്റ്‌മെന്റ് ആനുകൂല്യവും വർഷംതോറും 0.5% സർവീസ് വെയ്റ്റേജുംനൽകിയിരുന്നു. ഇതിലൂടെ ലാസ്റ്റ്‌ഗ്രേഡ് ജീവനക്കാർക്കുപോലും കുറഞ്ഞത് 1,104രൂപയുടെ വർദ്ധന ഉറപ്പാക്കി. 10-ാം ശമ്പളപരിഷ്കരണത്തിൽ 12% ഫിറ്റ്‌മെന്റ് ആനുകൂല്യവും സർവീസ് വെയ്റ്റേജും ലഭിച്ചതോടെ കുറഞ്ഞശമ്പളവർദ്ധന 2,200രൂപയായി. ഇത്തവണ ഏതുരീതിയിൽ പരിഷ്കരിക്കുമെന്നതാണ് ജീവനക്കാർ ഉറ്റുനോക്കുന്നത്.

10% ഡി.എ ഉടൻ

1. ജീവനക്കാർക്ക് നൽകാനുള്ള 10% ഡി.എ കുടിശിക അടുത്തമാസത്തെ ശമ്പളത്തിനൊപ്പം നൽകാനാണ് നീക്കം. അതോടെ കുടിശിക പൂർണമായും തീരും

2. പിന്നീട് ഈ ജനുവരിയിൽ പ്രഖ്യാപിച്ച 2% മാത്രമാണുണ്ടാവുക. അത് ശമ്പള പരിഷ്കണത്തിനൊപ്പമാകും നൽകുക

23,000 കോടി

ശമ്പള പരിഷ്കരണത്തിനായി

ബഡ്ജറ്റിൽ അധികമായി

വകയിരുത്തിയത്

25,000 കോടി

കഴിഞ്ഞ ശമ്പളപരിഷ്കരണത്തിൽ

വന്ന അധിക ചെലവ്