എ.സുരേഷിന്റെ സ്ഥാനാർത്ഥിത്വം: ചർച്ചകൾ പുതിയ ദിശയിലേക്ക്
കഞ്ചിക്കോട്: മുൻ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്റെ പേഴ്സണൽ സ്റ്റാഫ് അംഗമായിരുന്ന എ.സുരേഷിനെ വി.എസ് മത്സരിച്ച് വിജയിച്ച, എൽ.ഡി.എഫിന്റെ കോട്ടയായ മലമ്പുഴ നിയോജക മണ്ഡലത്തിൽ മത്സരിപ്പിക്കാനുള്ള യു.ഡി.എഫ് നീക്കം മണ്ഡലത്തിലെ രാഷ്ട്രീയ ചർച്ചകളെ തന്നെ വഴിമാറ്റി. വി.എസിന്റെ വലംകൈ എന്നറിയപ്പെടുന്ന എ.പ്രഭാകരനാണ് നിലവിൽ എം.എൽ.എ. വി.എസ്.അച്യുതാനന്ദന്റെ ആത്മാവ് നിറഞ്ഞ് നിൽക്കുന്ന മണ്ണിൽ സുരേഷിനെ മുന്നിൽ നിറുത്തി പടയോട്ടം നടത്തുകയെന്ന തന്ത്രപരമായ നീക്കമാണ് ഇവിടേക്ക് സുരേഷിനെ ഇറക്കുന്നതിലൂടെ യു.ഡി.എഫ് നടത്താൻ പോകുന്നത്. കഴിഞ്ഞ തവണ യു.ഡി.എഫ് ബി.ജെ.പിക്ക് പിന്നിൽ മൂന്നാം സ്ഥാനത്തേക്ക് പോയ ദുഷ്‌പേര് മാറ്റിയെടുക്കണമെന്നാണ് ജില്ലാ, സംസ്ഥാന നേതൃത്വത്തിന്റെ താൽപര്യം. മലമ്പുഴയിൽ കോൺഗ്രസ് സ്ഥാനാർത്ഥി മത്സരിക്കണമെന്ന വികാരം ഒരു വിഭാഗം പ്രാദേശിക നേതാക്കൾക്കുണ്ട്. തുടർച്ചയായി രണ്ട് തവണ മൂന്നാം സ്ഥാനത്തേക്ക് പോയ മണ്ഡലത്തിൽ ഉയർത്തെഴുന്നേൽപ്പിന്റെ വഴി എന്ന നിലയിൽ നേതൃത്വം എ.സുരേഷിനെ നിർദേശിക്കുമ്പോൾ പ്രാദേശിക നേതാക്കൾക്ക് എതിർക്കാൻ കഴിയാത്ത സ്ഥിതിയാണ്.
ഭീഷണിയല്ലെന്ന് സി.പി.എം എ.സുരേഷിന്റെ സ്ഥാനാർത്ഥിത്വം ഭീഷണിയായി കാണുന്നില്ലെന്നതാണ് സി.പി.എം നിലപാട്. വി.എസിന്റെ പ്രതിപുരുഷനായി പ്രവർത്തിച്ച എ.പ്രഭാകരൻ സി.പി.എമ്മിനെ മുന്നിൽ നിന്ന് നയിക്കുമ്പോൾ ആര് സ്ഥാനാർത്ഥിയായാലും വി.എസിന്റെ പേരിൽ ഒരു വോട്ട് പോലും സുരേഷിന് കിട്ടില്ലെന്നതാണ് വിലയിരുത്തൽ. എ.പ്രഭാകരൻ തന്നെ വീണ്ടും മത്സരിക്കാനാണ് സാധ്യത. സി.പി.എം ജില്ലാ കമ്മിറ്റിയംഗം സുഭാഷ് ചന്ദ്ര ബോസിന്റെ പേരും പട്ടികയിലുണ്ട്. കോൺഗ്രസുകാർ മത്സരിക്കാതെ മണ്ഡലത്തിൽ സ്വതന്ത്ര സ്ഥാനാർത്ഥിയെ മത്സരിപ്പിക്കുന്നത് കോൺഗ്രസ് വോട്ടുകൾ ബി.ജെ.പിക്ക് മറിക്കാനാണെന്നാണ് സി.പി.എം കണക്ക് കൂട്ടൽ. എ.സുരേഷ് യു.ഡി.എഫ് സ്ഥാനാർത്ഥി ആവുകയാണെങ്കിൽ കോൺഗ്രസ്-ബി.ജെ.പി കൂട്ടുകെട്ട് എന്ന പ്രചാരണം ഉയർത്താനാണ് സി.പി.എം തീരുമാനം.
ബി.ജെ.പിക്ക് ഗുണം ചെയ്യുമോ? എ.സുരേഷ് യു.ഡി.എഫ് സ്ഥാനാർത്ഥിയായി വരികയാണെങ്കിൽ അത് തങ്ങൾക്ക് ഗുണം ചെയ്യുമെന്നാണ് ബി.ജെ.പി പറയുന്നത്. സി.പി.എമ്മിന് കിട്ടുന്ന ഒരു വിഭാഗം ഇടത് പക്ഷ വോട്ടുകൾ യു.ഡി.എഫ് പിടിച്ചാൽ മണ്ഡലം പിടിച്ചെടുക്കാൻ കഴിയുമെന്നതാണ് ബി.ജെ.പിയുടെ ആത്മവിശ്വാസം. സ്ഥാനാർത്ഥി പ്രഖ്യാപനം വന്നിട്ടില്ലെങ്കിലും സംസ്ഥാന വൈസ് പ്രസിഡന്റ് കൃഷ്ണകുമാർ മണ്ഡലത്തിൽ സജീവമായുണ്ട്.
കോലീബി സഖ്യമെന്ന് എ.പ്രഭാകരൻ
സംസ്ഥാന രാഷ്ട്രീയത്തിൽ വീണ്ടും കോലീബി സഖ്യം രൂപപ്പെട്ടിരിക്കുന്നുവെന്ന് എ.പ്രഭാകരൻ എം.എൽ.എ പറഞ്ഞു. മലമ്പുഴയിൽ യു.ഡി.എഫ് സ്വതന്ത്ര സ്ഥാനാർത്ഥിയെ പരീക്ഷിക്കുന്നത് കോൺഗ്രസ് വോട്ടുകൾ ബി.ജെ.പി ക്ക് മറിച്ച് കൊടുക്കാനാണ്. 1991 ലെ കോലീബി സഖ്യത്തിന്റെ ആവർത്തനമാണിത്. അന്നത്തേതു പോലെ തന്നെ ഇപ്പോഴും ഈ അവിശുദ്ധ കൂട്ടുകെട്ടിനെ ജനം തള്ളിക്കളയുമെന്നും എ.പ്രഭാകരൻ പറഞ്ഞു.