തിരൂരിലെ അന്യസംസ്ഥാന തൊഴിലാളി ലേബർ ക്യാമ്പുകളിൽ ലഹരി വിൽപ്പന സജീവം
തിരൂർ: തിരൂരിലും പരിസര പ്രദേശങ്ങളിലുo അന്യസംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന വാടക ക്വാട്ടേഴ്സുകൾ കേന്ദ്രീകരിച്ച് ലഹരി വസ്തുക്കളുടെ വിൽപ്പന വ്യാപകം. കഴിഞ്ഞ രണ്ടു മാസത്തിനുള്ളിൽ 15 ഓളം കേസുകളിലായി ഏകദേശം 35 കിലോ കഞ്ചാവ് തിരൂരിലെയും പരിസര പ്രദേശങ്ങളിൽ നിന്നുമായി എക്സൈസ് സംഘം പിടികൂടിയിട്ടുണ്ട്. എം.ഡി.എം.എ തുടങ്ങി മാരക ലഹരി ഉത്പ്പന്നങ്ങൾ വരെ ചെറിയ തോതിൽ പൊലീസും എക്സൈസ് വകുപ്പും പിടികൂടിയിട്ടുണ്ട്. അന്യസംസ്ഥാന തൊഴിലാളികൾ ട്രെയിൻ മാർഗം തിരൂരിൽ എത്തിച്ച് ചെറിയ പാക്കുകളിലാക്കി ക്വാട്ടേഴ്സുകൾ കേന്ദ്രീകരിച്ച് വിൽപ്പന നടക്കുന്നതായാണ് എക്സൈസ് വകുപ്പിൽ നിന്ന് ലഭ്യമായ വിവരം. തിരൂരിന്റെ വിവിധ പ്രദേശങ്ങളിൽ കൺസ്ട്രക്ഷൻ വർക്കിനും മറ്റുമായി ആയിരകണക്കിന് അന്യസംസ്ഥാന തൊഴിലാളികൾ താമസിക്കുന്നുണ്ട്. അവർക്ക് ചെറുപാക്കറ്റുകളിലാക്കി വൻതുകയ്ക്ക് വിൽപ്പന നടത്തുന്നവരെയാണ് കഴിഞ്ഞ ദിവസം പിടികൂടിയത്. ഈ വലയിൽ അന്യസംസ്ഥാന തൊഴിലാളികൾ മാത്രമല്ല പ്രദേശവാസികളും ഉൾപ്പെട്ടിട്ടുണ്ടെന്നാണ് സൂചന. എക്സൈസും പൊലീസും അന്യസംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന സ്ഥലങ്ങളിലും റെയിൽവേ സ്‌റ്റേഷനുകളിലും ബസ് സ്റ്റാന്റുകളിലുമായി ശക്തമായ
പരിശോധന നടത്തിയും ക്വാട്ടേഴ്സുകളിൽ നിന്നും പലപ്പോഴും ലഹരിവസ്തുക്കൾ പിടികൂടാറുണ്ട്. ഒരിക്കൽ പിടികൂടി കേസെടുത്ത് റിമാന്റ് ചെയ്താലും റിമാന്റ് കാലാവധി കഴിഞ്ഞും ലഹരിവസ്തുക്കൾ വിൽപ്പന തുടരുന്നവരാണ് കൂടുതലും. നേരത്തെ കഞ്ചാവ് വിൽപ്പന നടത്തുന്നതിനിടെ പിടികൂടിയ അന്യസംസ്ഥാന തൊഴിലാളിയുടെ താമസസ്ഥലമായ വൈലത്തൂരിൽ എക്സൈസ് പരിശോധന നടത്തിയപ്പോൾ 11 കിലോ കഞ്ചാവ് പിടികൂടിയിരുന്നു. പ്രതി ജയിലിൽ റിമാന്റിൽ കഴിയുകയായിരുന്നെങ്കിലും വീണ്ടും കേസെടുത്തു. ഇത്തരം ലേബർ ക്യാമ്പുകളിൽ താമസിക്കുന്നവരുടെ ശരിയായ മേൽ വിലാസം കെട്ടിട ഉടമകളുടെ കൈവശം വെയ്ക്കുകയും പരിധിയിലെ പൊലീസ് സ്‌റ്റേഷനുകളിൽ അറിയിക്കണമെന്ന നിമ്പന്ധനകളുണ്ടെങ്കിലും അതൊന്നും ശരിയായ നിലയിൽ നടപ്പാക്കുന്നില്ലെന്നതും വസ്തുതയാണ്. ലേബർ ക്യാമ്പുകളിൽ നടക്കുന്ന കഞ്ചാവ് വിൽപ്പനയിൽ നാട്ടുകാരും അസംതൃപ്തരാണ്. എക്സൈസും പൊലീസും ശക്തമായ പരിശോധന നടത്തണമെന്ന ആവശ്യവും ശക്തമാണ്.