വയനാട് ടൗൺഷിപ്പ് റോഡ് നിലമൊരുക്കൽ തുടങ്ങി, ടാറിംഗ് ഉടൻ

Tuesday 17 February 2026 12:13 AM IST
ലോകത്തിന് മാതൃകയാകാൻ.....അത്യാധുനിക സംവിധാനങ്ങളുമായി വയനാട് ടൗൺഷിപ്പിലെ റോഡ് ടാറിങ് പ്രവർത്തനങ്ങൾക്ക് തുടക്കമായപ്പോൾ

കൽപ്പറ്റ: വയനാട് ടൗൺഷിപ്പ് റോഡിന്റെ നിലമൊരുക്കൽ തുടങ്ങി ടാറിംഗ് ഉടൻ ആരംഭിക്കും. 62 ഹെക്ടർ വരുന്ന ടൗൺഷിപ്പിലെ പ്രദേശങ്ങളെ ബന്ധിപ്പിക്കുന്ന 11.42 കിലോമീറ്റർ റോഡാണ് നിർമ്മിക്കുന്നത്. ജർമ്മൻ നിർമ്മിത യന്ത്രങ്ങൾ ഉപയോഗിച്ച് സിമന്റ് ട്രീറ്റഡ്‌ബേയ്സ് (സി, ടി ,പി ) സാങ്കേതിക വിദ്യയിലാണ് നിർമ്മാണം. നാല് ഘട്ടങ്ങളിലായാണ് പ്രധാന റോഡുകൾ നിർമ്മിക്കുക. റോളർ ഉപയോഗിച്ച് മണ്ണ് ഉറപ്പിക്കുന്നതാണ് ആദ്യ നടപടി. ഉറപ്പിച്ച മണ്ണിൽ ജി.എസ് .ബി നിരത്തി ഫുൾഡെപ്ത് റിക്ലമേഷൻ യന്ത്രം ഉപയോഗിച്ച് മണ്ണും കല്ലും സിമന്റും കെമിക്കലും ചേർത്ത് 25 സെന്റീമീറ്റർ കനത്തിൽ തയ്യാറാക്കും. ഇങ്ങനെ ഉറപ്പിച്ചെടുക്കുന്ന റോഡിൽ രണ്ടാം പാളി കോൺക്രീറ്റ് ചെയ്യും. രണ്ടാം പാളിക്ക് മുകളിൽ കല്ലുകൾ നിരത്തി സജ്ജമാക്കും. ഇതിനു മുകളിലാണ് ബിറ്റു മിനസ്‌കോൺക്രീറ്റ് ടാറിംഗ് ചെയ്യുക. 20 മീറ്റർവീതിയുള്ള മൂന്ന് പ്രധാന റോഡുകളും വീടുകളുടെ മുൻപിലൂടെ ഉപ റോഡുകളുമാണ് ടൗൺഷിപ്പിൽ ഒരുക്കുന്നത്. അഞ്ച് സോണുകളിലും നിലവിൽ റോഡ് നിർമ്മിച്ചിട്ടുണ്ട്. ടൗൺഷിപ്പിലെ ആദ്യഘട്ട വീടുകളുടെ കൈമാറ്റം ഫെബ്രുവരി അവസാനവാരം നടത്തുന്നതിന് മുന്നോടിയായാണ്‌ റോഡ് പണി നടത്തുന്നത്. 410 വീടുകളാണ് ടൗൺഷിപ്പിൽ മുണ്ടക്കൈ ദുരന്തബാധിതർക്ക് നിർമ്മിക്കുന്നത്. ഇതിൽ ആദ്യഘട്ടത്തിൽ 178 ഗുണഭോക്താക്കൾക്ക് വീടുകൾ കൈമാറും.