കേരളകൗമുദി വാർത്തയിൽ സഹായമെത്തി,​ സുന്ദരന് ഒരു ലക്ഷം കൈമാറി പോൾ രാജ് ആൻഡ് കമ്പനി

Tuesday 17 February 2026 12:31 AM IST

മലപ്പുറം: നിലമ്പൂർ ഉൾവനത്തിലെ വെറ്റിലക്കൊല്ലി ആദിവാസി ഊരിലെ സുന്ദരന് പോൾ രാജ് ആൻഡ് കമ്പനി എം.ഡി എ.പോൾ രാജ് വാഗ്ദാനം ചെയ്ത ഒരുലക്ഷം രൂപ ഇന്നലെ കൈമാറി. കമ്പനി പി.ആർ.ഒ എം.സിന്ദുകുമാർ നിലമ്പൂരിലെ ഊരിലെത്തിയാണ് തുക നൽകിയത്. ചക്ക പറിക്കുന്നതിനിടെ മരത്തിൽ നിന്ന് വീണ് നട്ടെല്ലിന് പരിക്കേറ്റ സുന്ദരന്റെയും കുടുംബത്തിന്റെയും ദുരവസ്ഥ കേരളകൗമുദിയിലൂടെയാണ് പുറംലോകമറിഞ്ഞത്. ഇത്രയും വലിയ തുക ചികിത്സയ്ക്ക് കിട്ടുമെന്ന് പ്രതീക്ഷിച്ചില്ലെന്നും​ വലിയ സന്തോഷമെന്നും സുന്ദരനും ഭാര്യ സുമയും പറഞ്ഞു. ഇടിവെണ്ണ വനിതാ സഹകരണ ബാങ്കിൽ സുന്ദരന്റെയും സുമയുടെയും വാർഡ് മെമ്പർ തോമസ് കുരുവിളയുടെയും പേരിൽ സംയുക്ത അക്കൗണ്ടുണ്ടാക്കി തുക നിക്ഷേപിച്ചു.