ശബരിമല യുവതീ പ്രവേശനം: ഭരണഘടന അടിസ്ഥാനമാക്കി ഏഴ് വിഷയങ്ങൾ പരിശോധിക്കും
ന്യൂഡൽഹി: ഭരണഘടനയെ അടിസ്ഥാനമാക്കി ശബരിമല യുവതീ പ്രവേശനം സാദ്ധ്യമാകുമോ ഇല്ലയോ എന്നതാണ് സുപ്രീം കോടതിയുടെ ഒൻപതംഗ വിശാല ബെഞ്ച് പരിശോധിക്കുന്നത്.
മതസ്വാതന്ത്ര്യം,അവകാശം,വിശ്വാസം,ആചാരം എന്നിവയുമായി ബന്ധപ്പെട്ട ഏഴു സുപ്രധാന നിയമപ്രശ്‌നങ്ങളിലാണ് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അദ്ധ്യക്ഷനായ ബെഞ്ച് വാദംകേൾക്കാൻ പോകുന്നത്. ആറുവർഷത്തെ ഇടവേളയ്‌ക്കു ശേഷമാണിത്.
ദാവൂദി ബോറ സമുദായത്തിലെ ചേലാകർമ്മവും മുസ്ലീം പള്ളികളിൽ പ്രവേശിക്കുന്നതിനുള്ള വിലക്കും ചോദ്യംചെയ്‌ത ഹർജികളും ഒപ്പമുണ്ട്. സമുദായത്തിന് പുറത്തുനിന്ന് വിവാഹം ചെയ്‌ത പാഴ്സി വനിതയെ അവരുടെ ക്ഷേത്രത്തിൽ പ്രവേശനം വിലക്കുന്നതിരെയുള്ള ഹർജികളിലും വാദംകേൾക്കും. ആകെ 67 ഹർജികൾ.
2020 ഫെബ്രുവരി 10നാണ് ഏഴ് പരിഗണനാ വിഷയങ്ങൾ അന്നത്തെ 9 അംഗ ബെഞ്ച് തീരുമാനിച്ചത്. വാദംകേൾക്കൽ ആരംഭിച്ചിരുന്നെങ്കിലും ബെഞ്ചിലെ ജസ്റ്റിസ് ആർ.ബാനുമതി അസുഖബാധിതയായതിനെ തുടർന്ന് പാതിവഴിയിൽ നിലയ്‌ക്കുകയായിരുന്നു. അന്ന് 9 അംഗ ബെഞ്ചിലുണ്ടായിരുന്ന സൂര്യകാന്ത് ഒഴികെ മറ്റു 8 ജഡ്‌ജിമാരും വിരമിച്ചു.
പരിഗണനാ വിഷയങ്ങൾ
1. ഭരണഘടനയുടെ അനുച്ഛേദം 25ലെ മതസ്വാതന്ത്ര്യം എന്ന മൗലികാവകാശത്തിന്റെ വ്യാപ്തിയും പരിധിയും 2. അനുച്ഛേദം 25ൽ പറയുന്ന വ്യക്തി അവകാശങ്ങളും, അനുച്ഛേദം 26ൽ പറയുന്ന പ്രത്യേക വിശ്വാസ സമൂഹങ്ങളുടെ അവകാശവും തമ്മിലുള്ള പരസ്‌പര ബന്ധം? 3.മതത്തിലെ പ്രത്യേക വിശ്വാസ സമൂഹങ്ങളുടെ അവകാശങ്ങൾ, സമത്വം അടക്കം വിഭാവനം ചെയ്യുന്ന ഭരണഘടനയുടെ പാർട്ട് മൂന്നിന് വിധേയമാണോ ? 4.അനുച്ഛേദം 25ഉം, 26ഉം പ്രകാരം ധാർമികത എന്ന വാക്കിന്റെ പരിധി. അതിൽ ഭരണഘടനാ ധാർമികത ഉൾപ്പെടുമോ? 5.മതാചാരങ്ങൾ എത്രത്തോളം ജുഡിഷ്യൽ പുനഃപരിശോധനയ്ക്ക് വിധേയമാക്കാൻ സാധിക്കും? 6.അനുച്ഛേദം 25(2) ബിയിൽ പറയുന്ന ഹിന്ദുമതത്തിലെ വിഭാഗങ്ങൾ എന്നതിന്റെ അർത്ഥമെന്ത് ? 7.മറ്റു വിശ്വാസ സമൂഹത്തിലുള്ളവർക്ക് അവരുടേതല്ലാത്ത വിശ്വാസ സമൂഹങ്ങളുടെ ആചാരത്തെ പൊതുതാത്പര്യ ഹർജിയിലൂടെ ചോദ്യം ചെയ്യാനാകുമോ?
സർക്കാർ ഇതുവരെ
സ്വീകരിച്ച നിലപാട്
വിധി പുനഃപരിശോധിക്കേണ്ട സാഹചര്യമില്ല. ശബരിമലയിലേത് മതപരമായി ഒഴിച്ചുകൂടാനാവാത്ത ആചാരമല്ല. വിധി കാരണം സമൂഹത്തിലെ സമാധാനം തകരുന്നുവെന്ന വാദം പുനഃപരിശോധനയ്ക്കുളള കാരണമല്ല. അയ്യപ്പന്മാർ പ്രത്യേക വിശ്വാസ സമൂഹമല്ല.
ദേവസ്വം ബോർഡ്
ഇതുവരെ പറഞ്ഞത്
യുവതീപ്രവേശന വിധിയെ മാനിക്കുന്നു. വിധി നടപ്പാക്കാൻ സമയം വേണം. യുവതിപ്രവേശനത്തെ ആദ്യം എതിർത്ത ബോർഡ് നിലപാട് മാറ്റിയോ എന്ന് ജസ്റ്റിസ് ഇന്ദു മൽഹോത്ര 2019 നവംബറിൽ വാദംകേൾക്കവെ ചോദിച്ചിരുന്നു.