കെ.സി ഗുണ്ട, ശശി തരൂർ ഓന്ത്: മണിശങ്കർ അയ്യർ രാഹുൽ ഗാന്ധിക്ക് കാര്യങ്ങൾ അറിയില്ല
തിരുവനന്തപുരം: ഇടതുസർക്കാരിനെ പ്രശംസിച്ചും കോൺഗ്രസ് നേതാക്കളെ വിമർശിച്ചും വീണ്ടും മുതിർന്ന കോൺഗ്രസ് നേതാവ് മണിശങ്കർ അയ്യർ. കെ.സി.വേണുഗോപാൽ രാഹുൽഗാന്ധിയുടെ ഗുണ്ട മാത്രമാണ്. അടുത്ത വിദേശകാര്യ മന്ത്രിയാകാനുള്ള ആഗ്രഹമാണ് ശശി തരൂരിന്. ഇത്രയ്ക്ക് വ്യക്തിത്വമില്ലാത്ത, ഓന്തിനെപ്പോലുള്ള കോൺഗ്രസ് നേതാവിനെ കണ്ടിട്ടില്ല. കമ്മ്യൂണിസ്റ്റുകാരെ വെറുക്കുന്നതിനേക്കാളേറെ പരസ്പരം വെറുക്കുന്നവരാണ് കോൺഗ്രസിലുള്ളത്.
സംസ്ഥാന സർക്കാരിന്റെ 'വിഷൻ 2031' പരിപാടിയിൽ പങ്കെടുത്തശേഷം നടത്തിയ വാർത്താസമ്മേളനത്തിലായിരുന്നു വിമർശനം. കെ.സി.വേണുഗോപാലിനെ അഭിനവ സർദാർ വല്ലഭായ് പട്ടേൽ ആക്കാൻ ശ്രമിക്കുന്നവരുടെ തലച്ചോർ പരിശോധിക്കണം. രാഹുൽഗാന്ധിയെ കുറ്റപ്പെടുത്താനില്ല. അദ്ദേഹത്തിന് കാര്യങ്ങൾ അറിയില്ല. പക്ഷേ, കഴിവുള്ളവരെയും അർഹരെയും തിരിച്ചറിയണം.
കോൺഗ്രസ് വക്താവ് പവൻഖേര പാർട്ടിയുടെ കളിപ്പാവയാണ്. രണ്ടുവർഷമായി അദ്ദേഹം എന്നെ കുറ്റപ്പെടുത്തുന്നു. മറ്റൊരാളെ വക്താവായി കണ്ടെത്തിയില്ലെങ്കിൽ പാർട്ടി കൂടുതൽ കുഴപ്പത്തിലാവും. മുഖ്യമന്ത്രി പിണറായി വിജയനെ പുകഴ്ത്തിയതിനെതിരെ കേരളത്തിലെ കോൺഗ്രസ് നേതാക്കളുടെ എതിർപ്പിനെ കാര്യമാക്കുന്നില്ല. മറുപടിയും പറയുന്നില്ല.
അവരുടെ നേതാവ് മല്ലികാർജ്ജുന ഖാർഗെ ഇതേവരെ താൻ പറഞ്ഞതിനെക്കുറിച്ച് ഒന്നും ചോദിച്ചിട്ടില്ല. കേരളത്തിൽ പരസ്പരം മത്സരിക്കുന്നുണ്ടെങ്കിലും സി.പി.എം കോൺഗ്രസ് നയിക്കുന്ന ഇന്ത്യാസഖ്യത്തിലെ സഹയാത്രികരല്ലേ. കേരളത്തിൽവന്ന് തോൽക്കുമെന്ന് എങ്ങനെ പറയാനാകും.
'കോൺ. ജയിക്കില്ലെന്നാണ് വിശ്വാസം'
കേരളത്തിൽ കോൺഗ്രസ് ജയിക്കണമെന്നാണ് ആഗ്രഹം. എന്നാൽ, ഞാൻ വിശ്വസിക്കുന്നത് അത് സാദ്ധ്യമല്ലെന്നാണ്. കമ്മ്യൂണിസ്റ്റുകാർ ഒന്നിച്ചു നിൽക്കുന്നവരാണ്.അച്ചടക്കമുള്ള പാർട്ടിയാണ്.രണ്ടുതവണയാണ് ജയിച്ചത്. ഭരണവിരുദ്ധവികാരം ഏശിയിട്ടില്ല. കേരളത്തിന്റെ ചരിത്രത്തിൽ ഇങ്ങനെയൊന്ന് സംഭവിച്ചിട്ടില്ല. രാജീവ് ഗാന്ധി സ്വപ്നംകണ്ട പഞ്ചായത്തീരാജ് കൂടുതൽ കാര്യക്ഷമമായി മുന്നോട്ട് കൊണ്ടുപോകുന്നത് കേരളമാണ്. ഗ്രാമ,നഗരമേഖലയുടെ അധികാരവികേന്ദ്രീകൃത സമ്പദ് വ്യവസ്ഥയിലൂടെയാണ് ചെെന ലോകത്തെ രണ്ടാമത്തെ സാമ്പത്തിക ശക്തിയായി വളർന്നത്.പിണറായിവിജയൻ വീണ്ടും മുഖ്യമന്ത്രിയായാൽ അദ്ദേഹം ചെെനയിലേക്ക് പ്രതിനിധിസംഘത്തെ അയയ്ക്കും.
സതീശന് വ്യക്തമായ
കാഴ്ചപ്പാടില്ല
വി.ഡി.സതീശനെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് താൻ നിർദ്ദേശിക്കില്ല.അദ്ദേഹം മതേതരവാദിയാണ്.എന്നാൽ, വ്യക്തമായ കാഴ്ചപ്പാടില്ല. കോൺഗ്രസിന് തന്നെക്കുറിച്ച് എപ്പോഴും മോശം അഭിപ്രായമാണുള്ളത്- മണിശങ്കർ അയ്യർ പറഞ്ഞു.
ഗാന്ധിയന്മാർഇടതുപക്ഷത്ത് നിൽക്കണം: മന്ത്രി രാജീവ്
തിരുവനന്തപുരം: കോൺഗ്രസിൽ ഇപ്പോഴും തുടരുന്ന ഗാന്ധിയന്മാർ ഇടതുപക്ഷത്തിനൊപ്പം നിൽക്കണമെന്നാണ് കോൺഗ്രസ് നേതാവ് മണിശങ്കർ അയ്യർ കഴിഞ്ഞ ദിവസം പറഞ്ഞതിന് അർത്ഥമെന്ന് മന്ത്രി പി.രാജീവ്. അദ്ദേഹത്തിന്റെ വാക്കുകൾ ഇപ്പോഴത്തെ സാഹചര്യത്തിൽ പ്രസക്തമാണ്. 'ദരിദ്രർക്ക് തങ്ങളുടേതാണ് ഈ രാഷ്ട്രമെന്ന് തോന്നണമെന്നും അവരുടെ ശബ്ദം കേൾക്കണമെന്നുമായിരുന്നു ഗാന്ധിജിയുടെ സ്വപ്നമെന്നും ആ സ്വപ്നം നടപ്പാക്കിയ ഏക സംസ്ഥാനം കേരളമാണ് ' എന്നുമാണ് മണിശങ്കർ അയ്യർ പ്രശംസിച്ചതെന്നും രാജീവ് വാർത്താ സമ്മേളനത്തിൽ പറഞ്ഞു. കോൺഗ്രസും ഗാന്ധിയും തമ്മിൽ ഒരു ബന്ധവുമില്ലാതായിരിക്കുന്നു. പഞ്ചായത്ത് രാജ് മാത്രമല്ല. ഗാന്ധിജിയുടെ സ്വപ്നവും ബാക്കിയെല്ലാവരും കൈവിട്ടു. കേരളം മാത്രമാണ് അതുമായി മുന്നോട്ടുപോകുന്നത്. കേരളത്തിൽ അതിദരിദ്രർ ഇല്ലാതായി. അഞ്ചു ലക്ഷം വീട് പൂർത്തിയാകുന്നു. ഉന്നത വിദ്യാഭ്യാസം സൗജന്യമാക്കി.