കയറ്റുമതിയിൽ ഇടിവ്, ഇറക്കുമതിയിൽ കുതിപ്പ്

Tuesday 17 February 2026 12:54 AM IST

ജനുവരിയിൽ വ്യാപാര കമ്മി കുതിച്ചുയർന്നു

കൊച്ചി: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഏർപ്പെടുത്തിയ 50 ശതമാനം തീരുവയിൽ ഇന്ത്യൻ കയറ്റുമതി മേഖല അടിതെറ്റി. ജനുവരിയിൽ ഇന്ത്യയുടെ ഉത്പന്ന കയറ്റുമതി 3,656 കോടി ഡോളറിലേക്കാണ് താഴ്ന്നത്. ഡിസംബറിലെ കയറ്റുമതി 3,851 കോടി ഡോളറായിരുന്നു. എന്നാൽ മുൻവർഷം ജനുവരിയേക്കാൾ കയറ്റുമതി 0.6 ശതമാനം ഉയർന്നു. ഇക്കാലയളവിൽ ഉത്പന്ന ഇറക്കുമതി 7,124 കോടി ഡോളറായി കുതിച്ചുയർന്നു. സ്വർണം, വെള്ളി എന്നിവയുടെ ഇറക്കുമതിയിലുണ്ടായ കുതിപ്പാണ് വെല്ലുവിളിയായത്. മുൻവർഷം ഇതേകാലയളവിനേക്കാൾ ഇറക്കുമതി 19.2 ശതമാനം ഉയർന്നു.

ഇതോടെ ജനുവരിയിൽ ഇന്ത്യയുടെ വ്യാപാര കമ്മി 3,468 കോടി ഡോളറായി കുതിച്ചുയർന്നു. മുൻവർഷം ജനുവരിയിൽ വ്യാപാര കമ്മി 2,540 കോടി ഡോളറായിരുന്നു.

വരുംമാസങ്ങളിൽ കഥ മാറും

അമേരിക്കയുമായി വ്യാപാര കരാറിന്റെ ചട്ടക്കൂടായതിനാൽ കയറ്റുമതി മേഖലയിലെ തളർച്ച വരുംമാസങ്ങളിൽ ഒഴിവാകുമെന്ന് വിലയിരുത്തുന്നു. റഷ്യൻ എണ്ണ വാങ്ങുന്നതിന്റെ പേരിൽ അമേരിക്ക ഏർപ്പെടുത്തിയ 25 ശതമാനം പിഴത്തീരുവ ഫെബ്രുവരി മുതൽ ഒഴിവാകുന്നതിനാൽ ഇന്ത്യയുടെ കയറ്റുമതി കുതിച്ചുയർന്നേക്കും. ഇടക്കാല കരാർ ഒപ്പുവച്ചതിനുശേഷം ഇന്ത്യയുടെ പകരത്തീരുവ 25 ശതമാനത്തിൽ നിന്ന് 18 ശതമാനമാകും.

അമേരിക്ക തന്നെ പ്രധാന വിപണി

നടപ്പു സാമ്പത്തിക വർഷത്തെ പത്ത് മാസക്കാലയളവിൽ ഇന്ത്യയുടെ പ്രധാന കയറ്റുമതി വിപണിയെന്ന സ്ഥാനം അമേരിക്ക നിലനിറുത്തി. ഏപ്രിൽ മുതൽ ജനുവരി വരെയുള്ള കാലയളവിൽ അമേരിക്കയിലേക്കുള്ള ഉത്പന്ന കയറ്റുമതി ആറ് ശതമാനം ഉയർന്ന് 7,246 കോടി ഡോളറിലെത്തി. മുൻവർഷം ഇതേകാലയളവിലെ കയറ്റുമതി 6,846 കോടി ഡോളറായിരുന്നു. അവലോകന കാലയളവിൽ ഇന്ത്യയുടെ മൊത്തം ഉത്പന്ന കയറ്റുമതി 14.5 ശതമാനം ഉയർന്ന് 28,320 കോടി ഡോളറായി.

ഇറക്കുമതിയിൽ ചൈന മുന്നിൽ

ഏപ്രിൽ മുതൽ ജനുവരി വരെ ചൈനയിൽ നിന്നുള്ള ഇറക്കുമതി 14 ശതമാനം വർദ്ധനയോടെ 10,818 കോടി ഡോളറായി. മൊത്തം ഉത്പന്ന ഇറക്കുമതി ഇക്കാലയളവിൽ 60,610 കോടി ഡോളറിൽ നിന്ന് 64,990 കോടി ഡോളറായി.

ഏപ്രിൽ-ജനുവരി കാലയളവിലെ ഉത്പന്ന വ്യാപാര കമ്മി

28,320 കോടി ഡോളർ

നടപ്പു സാമ്പത്തിക വർഷം മൊത്തം കയറ്റുമതി 86,000 കോടി ഡോളർ കവിയുമെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്

രാജേഷ് അഗർവാൾ

വാണിജ്യ സെക്രട്ടറി