@ ഡോക്ടർമാർ ഒ.പി ബഹിഷ്കരിച്ചു മെഡി.കോളേജിൽ രോഗികളെത്തി, മടക്കം ചികിത്സ കിട്ടാതെ
കോഴിക്കോട്: ശമ്പള പരിഷ്കരണ കുടിശ്ശിക നൽകുക, അശാസ്ത്രീയ പെൻഷൻ സീലിംഗ് പരിഷ്കരിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് കേരള ഗവ.മെഡി. കോളേജ് ടീച്ചേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ (കെ.ജി.എം.സി.ടി.എ) മെഡി.കോളേജിലെ ഡോക്ടർമാർ നടത്തുന്ന അനിശ്ചിതകാല സമരം ഒ.പി ബഹിഷ്ക്കരിച്ച് കടുപ്പിച്ചതോടെ മെഡിക്കൽ കോളേജ് ആശുപത്രിയുടെ പ്രവർത്തനം സ്തംഭിച്ചു. സമരമറിയാതെ മെഡി.കോളേജിൽ ഇന്നലെ എത്തിയ 3879 രോഗികൾ വിദഗ്ദ്ധ ഡോക്ടർമാരെ കാണാനാകാതെ മടങ്ങി. ചെസ്റ്റ് ആശുപത്രി ഒ.പിയിൽ മാത്രം 282 രോഗികളെത്തി. അടിയന്തര ശസ്ത്രക്രിയകൾ ഒഴിവാക്കിയതിനാൽ അടിയന്തര സ്വഭാവമുള്ള ശസ്ത്രക്രിയകൾ നടന്നു. എന്നാൽ ശസ്ത്രക്രിയയ്ക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ച രോഗികൾക്ക് ഡോക്ടർമാരുടെ സേവനം ലഭിച്ചില്ല. ഒ.പിയിൽ എത്തിയ രോഗികളെ പരിശോധിക്കാൻ പി.ജി വിദ്യാർത്ഥികളും ട്രെയിനി ഹൗസ് സർജന്മാരും മാത്രമാണ് ഉണ്ടായിരുന്നത് ഡോക്ടർമാർ കുറവായതിനാൽ രോഗികൾക്ക് മണിക്കൂറുകളോളം കാത്തിരിക്കേണ്ടി വന്നു. ചിലർ ചികിത്സ കിട്ടാതെ മടങ്ങി. അവശ്യ ആരോഗ്യ സേവനങ്ങളായ അത്യാഹിത വിഭാഗം, ലേബർ റൂം, അടിയന്തര ശസ്ത്രക്രിയകൾ, ഐ.സി.യു, പോസ്റ്റ്മോർട്ടം പരിശോധനകൾ, അടിയന്തര ലബോറട്ടറി സേവനങ്ങൾ എന്നിവയെ സമരത്തിൽ നിന്ന് ഒഴിവാക്കിയിരുന്നു.
ഡോക്ടർമാരുടെ ആവശ്യങ്ങളിൽ തീരുമാനമായിട്ടില്ലെങ്കിൽ 19 മുതൽ അടിയന്തരമല്ലാത്ത ശസ്ത്രക്രിയകൾ ഉൾപ്പെടെ ബഹിഷ്കരിക്കാനുള്ള ഒരുക്കത്തിലാണ് സംഘടന. ഇതോടെ ആശുപത്രി പ്രവർത്തനം കൂടുതൽ സങ്കീർണമാകും. പി.ജി, ഹൗസ് സർജൻമാരുടെ ജോലി ഭാരം ഇരട്ടിക്കുകയും ചെയ്യും.
ഡോക്ടർമാരുടെ ആവശ്യങ്ങൾ
അന്യായമായി തടഞ്ഞുവച്ചിരിക്കുന്ന ശമ്പളപരിഷ്കരണ കുടിശ്ശിക ഉടൻ നൽകുക, അശാസ്ത്രീയമായ പെൻഷൻ സീലിംഗ് പരിഷ്കരിക്കുക, മെഡിക്കൽ കോളേജുകളിൽ രോഗികളുടെ എണ്ണത്തിനനുസരിച്ച് തസ്തികകൾ സൃഷ്ടിച്ച് നിയമനം നടത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് 2025 ജൂലായ് ഒന്നു മുതൽ കേരള ഗവ. മെഡി. കോളേജ് ടീച്ചേഴ്സ് അസോ. (കെ.ജി.എം.സി.ടി.എ) നേതൃത്വത്തിൽ മെഡിക്കൽ കോളേജ് ഡോക്ടർമാർ പ്രതിഷേധ രംഗത്തുണ്ട്. പലവട്ടം ചർച്ചകൾ നടത്തിയിട്ടും ഫലമുണ്ടായില്ല. തുടർന്ന് 21 ദിവസം ചട്ടപ്പടി സമരവും നിസഹകരണവുമായി ഡോക്ടർമാർ റിലേ നിരാഹാര സത്യാഗ്രഹവുമായി രംഗത്തെത്തിയിട്ടും പരിഹാരമായില്ല. തുടർന്നാണ് ഒ.പി ബഹിഷ്ക്കരണത്തിലേക്ക് നീങ്ങിയത്.
ധർണ നടത്തി
സമരത്തിന്റെ ഭാഗമായി യൂണിറ്റ് ഭാരവാഹികളുടെ നേതൃത്വത്തിൽ മെഡിക്കൽ കോളേജിൽ ധർണ നടത്തി. കോഴിക്കോട് യൂണിറ്റ് പ്രസിഡന്റ് ഡോ. അബ്ദുൾ ബാസിത്ത് നേതൃത്വം നൽകി. വിദ്യാർത്ഥികൾ, കോളേജ് യൂണിയൻ, വിദ്യാർത്ഥി സംഘടനാ പ്രതിനിധികൾ, പി.ജി. വിദ്യാർത്ഥികൾ എന്നിവർ ഐക്യദാർഢ്യം പ്രഖ്യാപിച്ച് ധർണയിൽ പങ്കെടുത്തു.
''ഡോക്ടർമാരുടെ സമരം സർക്കാർ മെഡിക്കൽ കോളേജുകളുടെ നിലനിൽപ്പിനും ആശുപത്രികളുടെ സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനുമാണ്. ഈ സമരത്തോട് പൊതുജനങ്ങൾ സഹകരിക്കണം''- അബ്ദുൾ ബാസിത്ത്, കോഴിക്കോട് യൂണിറ്റ് പ്രസിഡന്റ്