പേരാമ്പ്രയിൽ സി.പി.എം പ്രവർത്തകന് വെട്ടേറ്റു

Tuesday 17 February 2026 12:00 AM IST

കോഴിക്കോട്: പേരാമ്പ്ര മുതുവണ്ണാച്ചയിൽ സി.പി.എം പ്രവർത്തകനെ വെട്ടിക്കൊലപ്പെടുത്താൻ‌ ശ്രമം. മുതുവണ്ണാച്ചയിലെ കുനീമ്മൽ ദിനേശനാണ് (50) ആക്രമണത്തിനിരയായത്. ഇന്നലെ രാത്രി എട്ടോടെയാണ് സംഭവം. വടിവാൾ കൊണ്ടുള്ള ആക്രമണത്തിൽ തലയ്ക്കും വലതുകൈക്കും ആഴത്തിൽ മുറിവേറ്റ ദിനേശനെ ആദ്യം പേരാമ്പ്ര ഇ.എം.എസ് ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ആർ.എസ്.എസാണ് ആക്രമണത്തിന് പിന്നിലെന്ന് സി.പി.എം ആരോപിച്ചു.

കമ്പിവടി കൊണ്ടുള്ള അടിയേറ്റ് ഇടതുകാലും കൈയും പൊട്ടിയിട്ടുണ്ട്‌. വടിവാൾ കൊണ്ടുള്ള വെട്ട് തടയുന്നതിനിടെയാണ് വലതുകൈക്ക് വെട്ടേറ്റത്. സി.പി.എം മുതുവണ്ണാച്ച ബ്രാഞ്ചംഗമായ ദിനേശൻ കുറ്റ്യാടിയിൽ ചന്ദന പൂജാ സ്റ്റോർ നടത്തുകയാണ്. രാത്രി കടപൂട്ടി ബൈക്കിൽ വീട്ടിലേക്ക് വരുന്ന വഴിയാണ് ആക്രമണം.