അഹമ്മദ് ഇമ്രാന് സെഞ്ച്വറി, കേരളത്തിന് സമനില

Monday 16 February 2026 11:59 PM IST

തിരുവനന്തപുരം: അണ്ടർ 23 സി.കെ. നായിഡു ട്രോഫി ക്രിക്കറ്റിൽ കേരളവും ജാർഖണ്ഡും തമ്മിലുള്ള മത്സരം സമനിലയിൽ പിരിഞ്ഞു. 336 റൺസ് വിജയലക്ഷ്യം പിന്തുടർന്ന് രണ്ടാം ഇന്നിംഗ്സിനിറങ്ങിയ കേരളം നാല് വിക്കറ്റിന് 224 റൺസെടുത്ത് നിൽക്കേ കളി അവസാനിക്കുകയായിരുന്നു.

ജാർഖണ്ഡ് ഒന്നാം ഇന്നിംഗ്സിൽ 274 റൺസിനും കേരളം 283 റൺസിനും ആൾഔട്ടായിരുന്നു. ജാർഖണ്ഡ് രണ്ടാം ഇന്നിംഗ്സ് 344/5ന് ഡിക്ളയർ ചെയ്തപ്പോഴാണ് കേരളം രണ്ടാം ഇന്നിംഗ്സിനിറങ്ങിയത്. സെഞ്ച്വറി നേടി പുറത്താകാതെ നിന്ന അഹമ്മദ് ഇമ്രാന്റെ പ്രകടനമാണ് രണ്ടാം ഇന്നിംഗ്സിൽ കേരളത്തിന് തിളക്കമേകിയത്. നാല് വിക്കറ്റിന് 72 റൺസെന്ന നിലയിലായിരുന്ന കേരളത്തിന് അഞ്ചാം വിക്കറ്റിൽ 152 റൺസ് കൂട്ടിച്ചേർത്ത അഹമ്മദ് ഇമ്രാനും ( 106*) രോഹൻ നായരും(52*) ചേർന്ന് സമനില ഉറപ്പാക്കി. 13 ബൗണ്ടറികളും രണ്ട് സിക്സും അടങ്ങുന്നതായിരുന്നു അഹമ്മദ് ഇമ്രാന്റെ ഇന്നിംഗ്സ്.