മോദിയെ കണ്ട് കാന്തപുരം അബൂബക്കർ മുസലിയാർ,​ കൂടിക്കാഴ്‌ചയിൽ അജിത്ത് ഡോവലും

Tuesday 17 February 2026 12:54 AM IST

ന്യൂഡൽഹി: ഇന്ത്യൻ ഗ്രാൻഡ് മുഫ‌്തിയും സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറിയുമായ കാന്തപുരം എ.പി.അബൂബക്കർ മുസലിയാർ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയിലായിരുന്നു കൂടിക്കാഴ്ച. ദേശീയ സുരക്ഷാ ഉപദേഷ്‌ടാവ് അജിത്ത് ഡോവലും പങ്കെടുത്തു.

യമനിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട മലയാളി നഴ്സ് നിമിഷപ്രിയയുടെ മോചനത്തിനായി കേന്ദ്രസർക്കാരിന്റെ അറിവോടെ കാന്തപുരം ഇടപെടുന്നുണ്ട്. ഈ സാഹചര്യത്തിലാണ് കൂടിക്കാഴ്‌ചയിൽ അജിത് ഡോവലും ഭാഗമായതെന്നറിയുന്നു. നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ കേരളത്തിലെ പ്രമുഖ സുന്നിവിഭാഗം നേതാവ് പ്രധാനമന്ത്രിയെ കണ്ടതും ശ്രദ്ധേയം.

സാമൂഹിക, മാനുഷിക വിദ്യാഭ്യാസ-വികസന വിഷയങ്ങളും ന്യൂനപക്ഷക്ഷേമ കാര്യങ്ങളും അന്തർദ്ദേശീയ സംഭവങ്ങളുമാണ് പ്രധാനമന്ത്രിയുമായി ചർച്ച ചെയ്‌തതെന്ന് കാന്തപുരം പറഞ്ഞു. എസ്.ഐ.ആർ, വഖഫ് ബോർഡ് വിഷയങ്ങളിലെ ആശങ്കകളും അടുത്തിടെ നടത്തിയ കേരളയാത്രയിൽ ലഭിച്ച നിവേദനങ്ങളും അറിയിച്ചു.

സമസ്ത കേരള ജംഇയ്യത്തുൽ ഉലമ സെക്രട്ടറി പേരോട് അബ്ദുറഹ്മാൻ സഖാഫി, എസ്.വൈ.എസ് സംസ്ഥാന പ്രസിഡന്റും കാന്തപുരത്തിന്റെ മകനുമായ ഡോ.മുഹമ്മദ് അബ്ദുൾ ഹഖീം അസ്ഹരി, സി.പി.സ്വാദിഖ് നൂറാനി എന്നിവരും കാന്തപുരത്തിനൊപ്പമുണ്ടായിരുന്നു.

സമസ്തയ്ക്ക് അഭിനന്ദനം

സമസ്തയുടെയും മർകസിന്റെയും വിദ്യാഭ്യാസ-സാമൂഹ്യക്ഷേമ പ്രവർത്തനങ്ങളെ പ്രധാനമന്ത്രി അഭിനന്ദിച്ചെന്നും കാന്തപുരം പറഞ്ഞു. കേരളത്തിലെ ദേശീയപാതാ വികസനത്തിലെ പ്രശ്‌നങ്ങൾ, പുരാതന മസ്ജിദുകളും ഇസ്ലാമിക പൈതൃക സ്മാരകങ്ങളും സംരക്ഷിക്കൽ, മൗലാനാ ആസാദ് നാഷണൽഫെലോഷിപ്പ് അടക്കം ന്യൂനപക്ഷ സ്‌കോളർപ്പിഷ് പുനഃസ്ഥാപനം, ഉത്തരേന്ത്യയിലെ ഇസ്ലാമിക് സ്ഥാപനങ്ങൾ നേരിടുന്ന പ്രതിസന്ധികൾ പരിഹരിക്കൽ, ദക്ഷിണേന്ത്യൻ തീർത്ഥാടന കേന്ദ്രങ്ങളെ ബന്ധിപ്പിച്ചുള്ള ട്രെയിൻ സർവീസ്, അലിഗഢ് സർവകലാശാല മലപ്പുറം സെന്റർ വികസനം തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചു.