40 ശതമാനം മൺ ഉയരപ്പാത പില്ലറിലാക്കും: പ്രേമചന്ദ്രൻ
കൊല്ലം: കേരളത്തിലെ ദേശീയപാത 66 ൽ മണ്ണുകൊണ്ട് നിർമ്മിച്ച ഉയരപ്പാതകളിൽ 40 ശതമാനത്തോളം, പില്ലറിൽ തീർത്ത ഉയരപ്പാതകളാക്കി മാറ്റാനുളള നടപടികൾ പുരോഗമിക്കുന്നതായി എൻ.കെ. പ്രേമചന്ദ്രൻ എം.പി അറിയിച്ചു. ന്യൂഡൽഹിയിൽ ദേശീയപാത അതോറിറ്റി അധികൃതരുമായി നടത്തിയ ചർച്ചയിലാണ് ഉറപ്പ് ലഭിച്ചത്.
മണ്ണിൽ നിർമ്മിച്ച ഉയരപ്പാതകളുടെ ഉയരവും നിർമ്മാണ സ്ഥലത്തെ മണ്ണിന്റെയും ഭൂഘടനയുടെയും സ്വഭാവവും ഗുണനിലവാരവും വിലയിരുത്തിയുള്ള ശാസ്ത്രീയ പരിശോധനയുടെയും പഠനത്തിന്റെയും അടിസ്ഥാനത്തിലാണ് ഏതൊക്കെ ഉയരപ്പാതകളാണ് പുനർനിർമ്മിക്കേണ്ടതെന്ന് തീരുമാനമെടുക്കുന്നതെന്നും അധികൃതർ അറിയിച്ചു. മണ്ണ് കൊണ്ട് നിർമ്മിച്ച ഉയരപ്പാതകൾ പില്ലറിലേക്ക് മാറ്റാൻ ഏകദേശം 3500 കോടിയുടെ അധിക ചെലവാണ് കണക്കാക്കിയിരിക്കുന്നത്.
കൊല്ലം കൊട്ടിയം മൈലക്കാടിന് സമീപം മണ്ണിൽ തീർത്ത ഉയരപ്പാത തകർന്നതിനെ തുടർന്ന് പില്ലറിൽ ഉയരപ്പാത നിർമ്മിക്കണമെന്ന് കേന്ദ്ര ദേശീയപത ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്ഗരിയോട് ആവശ്യപ്പെടുകയും വിഷയം ലോക്‌സഭയിൽ ഉന്നയിക്കുകയും ചെയ്തിരുന്നു. കൊല്ലം ലോക്‌സഭാ മണ്ഡലത്തിലെ മണ്ണുകൊണ്ട് നിർമ്മിച്ച ഉയരപ്പാതകൾ പൂർണ്ണമായും പില്ലറിലേക്കു മാറ്റണമെന്നും എൻ.കെ. പ്രേമചന്ദ്രൻ എം.പി ആവശ്യപ്പെട്ടു.