നിഖിലിന്റെ നേട്ടത്തിന് മധുരം പകർന്ന് മധുര പാസഞ്ചറും!
ട്രെയിൻ യാത്രയ്ക്കിടെ പഠനം, കെ.എ.എസിൽ നാലാം റാങ്ക്
കൊല്ലം: സ്ഥിരം ട്രെയിൻ യാത്രക്കാരിൽ പലർക്കും യാത്രയിലെ ബുദ്ധിമുട്ടുകളുടെ കെട്ടഴിക്കാനേ നേരമുണ്ടാവൂ. എന്നാൽ മധുര പാസഞ്ചറിൽ രാവിലെയും വൈകിട്ടും 'അന്തേവാസി'യായ കൊല്ലം മുള്ളുവിള സ്വദേശി നിഖിൽ ചന്ദ്രന് (32) കെ.എ.എസ്, സിവിൽ സർവീസ് സ്വപ്നങ്ങളിലേക്കുള്ള സഞ്ചാരമായിരുന്നു അത്. ഗ്രീൻഫീൽഡ് ഹൈവേ പുനലൂർ എൽ.എ തഹസിൽദാർ ഓഫീസിലെ എൽ.ഡി ക്ലർക്കായ നിഖിൽ രാവിലെയും വൈകിട്ടുമുള്ള യാത്രകളെ പഠനയാത്രയാക്കിയപ്പോൾ കെ.എ.എസ് സെക്കൻഡ് സ്ട്രീമിൽ (നോൺ ഗസറ്റഡ് ജീവനക്കാരുടെ വിഭാഗം) നാലാം റാങ്ക് കൂടെപ്പോന്നു!. സിവിൽ സർവ്വീസ് പരീക്ഷയുടെ ഇന്റർവ്യു കടമ്പ കടന്ന നിഖിൽ റാങ്ക് പ്രതീക്ഷയിലാണ്.
ഓഫീസിലേക്ക് പോകാൻ രാവിലെ എഴരയ്ക്ക് കൊല്ലം റെയിൽവേ സ്റ്റേഷനിലെത്തും. ട്രെയിൻ വരുന്നത് വരെ പ്ലാറ്റ്ഫോമിലിരുന്ന് പഠിക്കും. തിരക്കില്ലാത്ത കമ്പാർട്ട്മെന്റിൽ കയറി സ്വസ്ഥമായിരുന്ന് വീണ്ടും വായിക്കും. വൈകിട്ട് അഞ്ചിന് ഓഫീസിൽ നിന്ന് പുനലൂർ റെയിൽവേ സ്റ്റേഷനിലെത്തും. രാത്രി ഏഴ് മണിയോടെ കൊല്ലത്ത് എത്തുന്നത് വരെ പഠനം. 2019ലെ ആദ്യ കെ.എ.എസ് പരീക്ഷയിൽ സപ്ലിമെന്ററി ലിസ്റ്റിൽ ഉണ്ടായിരുന്നക്കു. അതിനിടെ അഞ്ച് തവണ സിവിൽ സർവീസ് മെയിൻ പരീക്ഷ എഴുതി. ഇത്തവണ മെയിൻസും കടന്ന് ഇന്റർവ്യുവിൽ മികച്ച പ്രകടനം കാഴ്ചവച്ചിട്ടുണ്ട്. യൂത്ത് മൂവ്മെന്റിന്റെയും ശ്രീനാരായണ എംപ്ലോയീസ് ഫോറത്തിന്റെയും പ്രവർത്തകനായിരുന്നു. കൊല്ലം എൻ.എസ് ആശുപത്രിയിലെ ഓർത്തോഡോണ്ടിസ്റ്റ് ഡോ. ഡോ. ദേവി ജോഷിയാണ് ഭാര്യ.രണ്ട് വയസുകാരി സായന്തന മകൾ
നിഖിൽ ചന്ദ്രൻ പിന്നിട്ട വഴികൾ
19-ാം വയസിൽ സ്റ്റാഫ് സെലക്ഷൻ കമ്മിഷൻ പരീക്ഷ പാസായി
തങ്കശ്ശേരി പോസ്റ്റ് ഓഫീസിൽ പോസ്റ്റൽ അസിസ്റ്റന്റായി ജോലിയിലെ തുടക്കം
ഇതിനിടെ ഇഗ്നോയിൽ നിന്നു ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദം
ഗ്രാമവികസനത്തിലും ചരിത്രത്തിലും ബിരുദാനന്തര ബിരുദം
2016ൽ പി.എസ്.സി എൽ.ഡി ക്ലർക്ക് പരീക്ഷയിൽ ജില്ലയിൽ 64-ാം റാങ്ക്
റവന്യു വകുപ്പിൽ ജോലിയിൽ പ്രവേശിക്കുന്നു
ഒരേ ദിവസം രണ്ട് ഇന്റർവ്യു!
ജനുവരി ആദ്യവാരം നിഖിൽ ചന്ദ്രന് സിവിൽ സർവ്വീസിന്റെയും കെ.എ.എസിന്റെയും ഇന്റർവ്യു അറിയിപ്പ് ലഭിച്ചു. രണ്ടിന്റെയും തീയതി ജനുവരി 22. ധർമ്മസങ്കടത്തിലായ നിഖിൽ പി.എസ്.സിക്ക് അപേക്ഷ നൽകി കെ.എ.എസിന്റെ ഇന്റർവ്യു രണ്ട് ദിവസം നേരത്തേയാക്കി. അങ്ങനെ ജനുവരി 20ന് കെ.എ.എസ് ഇന്റർവ്യു കഴിഞ്ഞ് വിമാന മാർഗ്ഗം ഡൽഹിയിലെത്തി സിവിൽ സർവ്വീസ് ഇന്റർവ്യുവിൽ പങ്കെടുത്തു.