ദേശീയപാത നിർമ്മാണം മൈലക്കാട്ടെ ഓർമ്മയിൽ ഭീതിയോടെ പാറക്കുളം
ആർ.ഇ വാൾ പാനൽ കൂടുതൽ പുറത്തേക്ക് തള്ളുന്നു
കൊല്ലം: ദേശീയപാതയിൽ പറക്കുളത്ത് ആർ.ഇ വാൾ പുറത്തേക്ക് തള്ളിയ ഭാഗം കൂടുതൽ അപകടകരമായ അവസ്ഥയിലേക്ക്. നിർമ്മാണ കമ്പനിയുടെ ഭാരവാഹനങ്ങൾ ഉയരപ്പാതയ്ക്ക് മുകളിലൂടെ സഞ്ചരിച്ച് തുടങ്ങിയതോടെ നേരത്തെ നിര തെറ്റിയ രണ്ട് ആർ. ഇ പാനലുകൾ കൂടുതൽ പുറത്തേക്ക് തള്ളി. തോട്ടുചേർന്നുള്ള ആർ.ഇ പാനലുകളുടെ നിരയും തെറ്റിയിട്ടുണ്ട്.
ഉയരപ്പാതയ്ക്കുള്ളിൽ ബന്ധിപ്പിച്ച റബ്ബർ വള്ളികളുടെ ബലത്തിലാണ് നിര തെറ്റിയ പാനലുകൾ ഇപ്പോഴും ഇളകാതെ നിൽക്കുന്നത്. കൂടുതൽ മണ്ണിരുന്നാൽ മൈലക്കാട് സംഭവിച്ചത് പോലെ ഈ ഭാഗത്ത് ഉയരപ്പാത നിലംപതിക്കാൻ സാദ്ധ്യതയുണ്ട്. പാനലുകൾ തള്ളിയ ഭാഗത്ത്, ഉയരപ്പാതയ്ക്ക് മുകളിലെ റോഡിൽ വിള്ളലുണ്ടായിരുന്നു. ഇവിടെ മണ്ണ് നീക്കിയ ശേഷം കൂടുതൽ ബലപ്പെടുത്തി റീ ടാർ ചെയ്തതാണ്. വാഹനങ്ങൾ കയറിതോടെ മണ്ണിരുന്നതാകാം വീണ്ടും തള്ളാൻ കാരണമെന്ന് കരുതുന്നു. ഇക്കഴിഞ്ഞ ഡിസംബർ അവസാനമാണ് ഈ ഭാഗത്ത് ആർ.ഇ പാനൽ ആദ്യമായി പുറത്തേക്ക് തള്ളിയത്.
കാരണം അജ്ഞാതം
പറക്കുളത്ത് ആർ.ഇ വാൾ തള്ളിയ ഭാഗം നേരത്തെ ചതുപ്പ് പ്രദേശമായിരുന്നു. ഇരുനൂറ് മീറ്റർ അകലെ ഇപ്പോഴും വയലുണ്ട്. ഈ വയലിൽ നിന്നുള്ള തോട് ആർ.ഇ വാൾ പാനൽ തള്ളിയ ഭാഗത്തിന്റെ തൊട്ടുതാഴെക്കൂടിയാണ് റോഡിന് കുറുകെ കടന്നുപോകുന്നത്. ഈ തോടിന് മുകളിൽ കോൺക്രീറ്റ് സ്ലാബിട്ട ശേഷമാണ് മുകളിൽ മണ്ണ് നിറച്ചത്. ഈ സ്ലാബ് പൊട്ടി മണ്ണ് തോട്ടിലേക്ക് ഇറങ്ങിയതോ താഴെയുള്ള മണ്ണിന് ബലമില്ലാത്തതോ ആകാം ഇവിടെ മണ്ണിരിക്കാൻ കാരണം. ഇവിടെ മണ്ണ് പരിശോധന നടത്തിയെങ്കിലും പ്രശ്ന പരിഹാരത്തിന് എൻ.എച്ച്.എ.ഐയും കരാർ കമ്പനിയും തയ്യാറാകുന്നില്ല.