ജനസംഖ്യ 5,000 ആയാൽ നഗരമാക്കാൻ പദ്ധതി
തിരുവനന്തപുരം : ജനസംഖ്യ 5000 ആയ പ്രദേശങ്ങളെ നഗരങ്ങളായി വിജ്ഞാപനം ചെയ്യണമെന്ന
സംസ്ഥാന നഗരനയ കമ്മിഷൻ ശുപാർശ സർക്കാരിൻെറ പരിഗണയിലാണെന്ന് മന്ത്രി എം.ബി.രാജേഷ് പറഞ്ഞു. 75 ശതമാനമോ അതിലധികമോ പുരുഷന്മാർ കാർഷികേതര മേഖലകളിൽ ജോലി ചെയ്യുന്ന പ്രദേശങ്ങളെയും നഗരമാക്കണമെന്നാണ് ശുപാർശ. ഇത്തരം ശുപാർശകൾ ഉൾക്കൊള്ളുന്ന 2026-2050ലേക്കുള്ള സംസ്ഥാന നഗരനയം രാജ്യത്തിന് മാതൃകയാണെന്ന് മന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.
പ്രൊഫ. എം സതീഷ് കുമാർ അദ്ധ്യക്ഷനായ കമ്മിഷൻ സമർപ്പിച്ച 2,500 പേജുള്ള റിപ്പോർട്ടിലെ ശുപാർശകളുടെ അടിസ്ഥാനത്തിനാണ് നയം രൂപീകരിക്കുന്നത്.
2050 ആകുമ്പോഴേക്കും കേരളത്തിലെ ജനസംഖ്യയുടെ 80 ശതമാനവും നഗരവാസികളാകുമെന്നും നഗരവൽക്കരണത്തെ ശാസ്ത്രീയമായി ക്രമീകരിക്കുകയാണ് ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു.
പതിനാറാം ധനകാര്യ കമ്മിഷൻ നഗരവൽക്കരണത്തിന് പ്രാധാന്യം നൽകുന്ന പശ്ചാത്തലത്തിൽ, കൃത്യമായ നഗരനയം രൂപീകരിക്കുന്നത് കേന്ദ്ര ഫണ്ട് കൂടുതൽ ലഭ്യമാക്കാൻ സഹായിക്കും. മെട്രോപൊളിറ്റൻ പ്ലാനിംഗ് കമ്മിറ്റികൾ, സ്റ്റിയറിംഗ്, സ്റ്റാൻഡിംഗ് കമ്മിറ്റികളും പുതിയ മേഖലകളിൽ രൂപീകരിക്കുക തുടങ്ങിയ കാര്യങ്ങളും നഗരനയത്തിൽ ശുപാർശ ചെയ്യുന്നു. മുനിസിപ്പൽ നിയമം സമഗ്രമായി ഭേദഗതി ചെയ്യുന്നതിന് കമ്മിറ്റിയെ ചുമതലപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു. തദ്ദേശ വകുപ്പ് സെക്രട്ടറി ടി.വി.അനുപമ, പ്രിൻസിപ്പൽ ഡയറക്ടർ ജെറോമിക് ജോർജ് എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.