സൂരജ് ലാമ കേസ്: ഡി.ഐ.ജി അന്വേഷിക്കണം

Tuesday 17 February 2026 2:39 AM IST

കൊച്ചി: കുവൈറ്റിൽ നിന്നു നാടുകടത്തപ്പെട്ട് കൊച്ചിയിൽ വിമാനമിറങ്ങിയ ബംഗളൂരു സ്വദേശി സൂരജ് ലാമ മരിച്ച കേസിന്റെ അന്വേഷണത്തിന് എറണാകുളം റേഞ്ച് ഡി.ഐ.ജിയുടെ നേതൃത്വത്തിൽ പ്രത്യേക സംഘത്തെ നിയമിക്കാൻ ഹൈക്കോടതി ഉത്തരവിട്ടു. മൂന്നാഴ്ചയ്‌ക്കകം ഹർജി പരിഗണിക്കുമ്പോൾ ആദ്യ റിപ്പോർട്ട് നൽകണമെന്നും നിർദ്ദേശിച്ചു. സൂരജ് ലാമയെ കാണാതായതിനെ തുടർന്ന് മകൻ സാന്റോൺ ലാമ നൽകിയ ഹേബിയസ് കോർപസ് ഹർജിയിലാണു ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ, ജസ്റ്റിസ് എം.ബി. സ്‌നേഹലത എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചിന്റെ നിർദ്ദേശം. സൂരജ് ലാമ ഒക്ടോബർ 5നു നെടുമ്പാശേരിയിൽ ഇറങ്ങിയതു മുതൽ കുറ്റിക്കാട്ടിൽ മരിച്ചനിലയിൽ കണ്ടെത്തിയതു വരെയുള്ള സംഭവങ്ങൾ വിശദമായി അന്വേഷിക്കണമെന്ന് മുൻഉത്തരവിൽ നിർദ്ദേശിച്ചിരുന്നു. നവംബർ 30ന് കളമശേരിയിൽ കണ്ടെത്തിയ മൃതദേഹം സൂരജ് ലാമയുടേതാണെന്നു ഡി.എൻ.എ പരിശോധനയിലാണ് സ്ഥിരീകരിച്ചത്.