ശ്രീ പദ്മനാഭ സ്വാമിയുടെ മൂലവിഗ്രഹം നവീകരിക്കുന്നു

Tuesday 17 February 2026 2:47 AM IST

തിരുവനന്തപുരം: ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ കടുശർക്കര യോഗനിർമ്മിതമായ മൂലവിഗ്രഹം ഉൾപ്പെടെയുള്ള വിഗ്രഹങ്ങൾ നവീകരിക്കുന്നു. മൂന്നുനൂറ്റാണ്ടോളം പഴക്കമുള്ളതാണ് ശ്രീപദ്മനാഭസ്വാമിയുടെ വിഗ്രഹം. 30 പരിവാര ദേവതകളുടെ വിഗ്രഹങ്ങളും നവീകരിക്കും. ഇതിനായി ദുരൈ കൃഷ്ണസ്വാമി, തിരുകൊഷ്ടിയൂർ മാധവൻ എന്നിവരെ ശില്പികളായി തിരഞ്ഞെടുക്കാമെന്ന ക്ഷേത്രം മുഖ്യതന്ത്രി തരണനല്ലൂർ എൻ.പി.ഗോവിന്ദൻ നമ്പൂതിരിയുടെ നിർദ്ദേശം ഭരണസമിതി അംഗീകരിച്ചു. 20ന് കരാർ ഒപ്പിടും.

അപൂർവ ധാതുക്കൾ ഉപയോഗിച്ച്, പ്രത്യേക കൂട്ടുകൾ നിർമ്മിച്ച്, ഓരോഘട്ടത്തിനും ആവശ്യമായ സമയം നൽകിക്കൊണ്ടാവും നവീകരണം. സങ്കീർണമായ നവീകരണം 1065 പ്രവൃത്തി ദിവസങ്ങൾ കൊണ്ട് പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. ഇതിന്റെ വിവരങ്ങളും ദർശനസമയത്തിലുണ്ടാകുന്ന മാറ്റവും പിന്നീട് അറിയിക്കും.

2017ൽ സുപ്രീംകോടതി നിയോഗിച്ച വിദഗ്ദ്ധ സമിതി മൂലവിഗ്രഹത്തിന്റെയടക്കം ന്യൂനതകൾ കണ്ടെത്തിയിരുന്നു. ഇത് പരിഹരിക്കുന്നതിന് വിദഗ്ദ്ധ ശില്പിയുടെ അഭാവംമൂലം സുപ്രീംകോടതി നിയോഗിച്ച താത്കാലിക ഭരണസമിതിക്ക് പ്രവർത്തനങ്ങൾ ആരംഭിക്കാൻ സാധിച്ചിരുന്നില്ല.

പുതിയ ഭരണസമിതി നിലവിൽ വന്നശേഷം വിഷയം 2021ൽ പരിഗണനയ്ക്ക് വന്നപ്പോൾ അന്നത്തെ മുഖ്യതന്ത്രി മൂലവിഗ്രഹത്തിന് സാരമായ കേടുപാടുകൾ ഇല്ലെന്നും ഉപദേവതകൾക്കാണ് ന്യൂനതകൾ ഉള്ളതെന്നും അറിയിച്ചിരുന്നു. അഗ്നിബാധയേറ്റ് കേടുപാടുകൾവന്ന വിഷ്വക്‌സേനൻ വിഗ്രഹം പുനർനിർമ്മിക്കേണ്ടതാണെന്നും അതിനുശേഷം മൂലവിഗ്രഹത്തിന്റെ ന്യൂനതകൾ പരിഹരിക്കാവുന്നതാണെന്നും ഉപദേശിച്ചിരുന്നു.

വിഷ്വക്‌സേനന്റെ വിഗ്രഹം പുനർനിർമിച്ച് 2025 ജൂൺ 8ന് പുനഃപ്രതിഷ്ഠ നടത്തി. മുറജപവും ലക്ഷദീപവും കഴിഞ്ഞുവരുന്ന ഉത്തരായന കാലമായ ജനുവരി 14 മുതൽ ജൂലായ് 14 വരെയുള്ള സമയത്ത് മൂലവിഗ്രഹത്തിന്റെ നവീകരണം ആരംഭിക്കാമെന്ന് തീരുമാനിച്ചു. ക്ഷേത്രം തന്ത്രി തരണനെല്ലൂർ സതീശൻ നമ്പൂതിരിപ്പാട് അദ്ധ്യക്ഷനായും കാണിപ്പയ്യൂർ കൃഷ്ണൻ നമ്പൂതിരിപ്പാട്, പ്രഴങ്ങാപ്പറമ്പ് ഉണ്ണികൃഷ്ണൻ നമ്പൂതിരി, ചെറുവള്ളി ഈശ്വരൻ നമ്പൂതിരി എന്നിവർ അംഗങ്ങളുമായ വിദഗ്ദ്ധസമിതി മൂലവിഗ്രഹത്തിന്റെ പരിശോധനകൾ നടത്തിയിരുന്നു.

ഉത്സവങ്ങൾ മുടങ്ങില്ല

മൂലവിഗ്രഹത്തിന് സാരമായ കേടുപാടുകൾ ഇല്ലാത്തതിനാൽ ബാലാലയ പ്രതിഷ്ഠ ആവശ്യമില്ലെന്ന് തന്ത്രി അറിയിച്ചിട്ടുണ്ട്. ഉത്സവങ്ങളും മറ്റ് വിശേഷച്ചടങ്ങുകളും മുടക്കം കൂടാതെ നടത്താനാകും. നിയന്ത്രിത രീതിയിൽ ഭക്തജനങ്ങൾക്ക് ദർശനം അനുവദിക്കും.